ഇന്ത്യൻ പെൺപടയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം
ന്യൂസിലാൻഡ് കാലാവസ്ഥയിൽ ഇന്ത്യൻ ആൺപുലികൾ വിറങ്ങലിച്ച അതെ ദിവസം തന്നെ സമാന കാലാവസ്ഥയുള്ള ഓസ്ട്രേലിയയിൽ ഇന്ത്യൻ പെൺപുലികൾക്ക് അവിസ്മരണീയ വിജയം. നാല് തവണ ട്വന്റി ട്വന്റി ലോക ചാമ്പ്യന്മാരായിട്ടുള്ള ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ കീഴടക്കി ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയം സ്വന്തമാക്കി. 4 ഓവറിൽ 19 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തിയ പൂനം യാദവും 3.5 ഓവറിൽ 14 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തിയ ശിഖ പാണ്ഡെയുമാണ് ഇന്ത്യയുടെ വിജയ ശിൽപികൾ.
ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെഫാലി വർമയും സ്മൃതി മന്ദാനയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 4 ഓവറിൽ 40 റൺസ് എന്ന ശക്തമായ നിലയിൽ നിക്കുമ്പോഴാണ് 10 റൺസെടുത്ത മന്ദാനയെ ഇന്ത്യക്ക് നഷ്ടമാകുന്നത്. മികച്ച രീതിയിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന സെഫാലി വർമയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും കൂടി അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ഇന്ത്യ പരുങ്ങലിൽ ആയി. പിന്നീട് ഒത്തു ചേർന്ന ജാമി റോഡ്രിഗസും ദീപ്തി ശർമയും ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു. 15 ഓവറിൽ 100 റൺസ് എത്തി നിൽക്കുമ്പോൾ റോഡ്രിഗസിനെ നഷ്ടമായെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ചിരുന്നു ദീപ്തി ശർമ്മ ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. 49 റൺസെടുത്ത ദീപ്തി ശർമ്മ പുറത്താകാതെ നിന്നു. 20 ഓവറിൽ 132 റൺസിന് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു .
ഓസ്ട്രേലിയൻ അനുഭവസമ്പത്തും കരുത്തും വെച്ച് നോക്കുമ്പോൾ 20 ഓവറിൽ 133 റൺസ് പിന്തുടർന്ന് ജയിക്കുക എന്നത് അവർക്ക് അത്ര വിഷമകരമായ ഒന്നായിരുന്നില്ല. അലിസാ ഹീലിയും ബെത് മൂണിയും ചേർന്നുള്ള മികച്ച തുടക്കം ഓസ്ട്രേലിയയെ അനായാസം വിജയത്തിലെത്തിക്കും എന്ന് തോന്നിപ്പിച്ചു. എന്നാൽ പൗർപ്ലേയുടെ അവസാന ഓവറിൽ ശിഖ പാണ്ഡെ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. 6 റൺസെടുത്ത മൂണിയെ പാണ്ഡെ , രാജേശ്വരി ഗെയ്ക്വാതിന്റെ കൈകളിൽ എത്തിച്ചു. ഒരറ്റത്ത് നിന്ന് അടിച്ചു തകർത്തു കൊണ്ടിരുന്ന അലീസ ഹീലിയെ പൂനം യാദവ് സ്വന്തം പന്തിൽ പിടിച്ചു പുറത്താക്കിയപ്പോൾ മുതൽ ഓസ്ട്രേലിയൻ പതനം ആരംഭിച്ചു. സ്കോർ 67 ൽ നിൽക്കെ 51 റൺസെടുത്ത് നിന്ന ഹീലി പുറത്തായി. പന്ത്രണ്ടാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ റേച്ചൽ ഹൈൻസിനെയും എലിസ് പെറിയേയും പൂനം യാദവ് മടക്കി അയച്ചതോടെ ഇന്ത്യൻ വനിതകൾ വിജയം മണത്തു തുടങ്ങിയിരുന്നു. അലീസ ഹീലിക്ക് പുറമെ 34 റൺസെടുത്ത ആഷ്ലി ഗാർഡ്നർ മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ രണ്ടക്കം കടന്നത്.
ലോക ഒന്നാം നമ്പർ ടീമിനെ അവരുടെ നാട്ടിൽ വെച്ച് തോൽപ്പിച്ചതിന്റെ ആത്മ വിശ്വത്തിലാകും ടീം ഇന്ത്യ തിങ്കളാഴ്ച ബംഗ്ലാദേശിനെ നേരിടാൻ ഇറങ്ങുക. ഗ്രൂപ്പിലെ ഏറ്റവും ശക്തരെ തന്നെ ആദ്യം കീഴടക്കാൻ കഴിഞ്ഞതിനാൽ തന്നെ ഇന്ത്യക്ക് സെമി സാധ്യതൾ വളരെ കൂടുതലാണ്.