കൊടും തണുപ്പിലും മഴയത്തും വിറങ്ങലിച്ച് ഇന്ത്യൻ മുൻനിര, ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച
അതി ശൈത്യവും പച്ചപ്പ് നിറഞ്ഞ പിച്ചും ഇന്ത്യൻ മുൻനിരയെ ശിഥിലമാക്കിയപ്പോൾ ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡിനു മേൽക്കൈ. മഴ മൂലം നേരത്തെ കാളി നിർത്തുമ്പോൾ ഇന്ത്യ 55 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലാണ് . 38 റൺസുമായി രഹാനെയും 10 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. അരങ്ങേറ്റ മത്സരം കളിക്കുന്ന കൈൽ ജമീസണിന്റെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയെ തകർച്ചയിലേക്ക് നയിച്ചത്. പൂജാര, കോലി, വിഹാരി എന്നിവരുടെ വിക്കറ്റുകളാണ് ജാമീസൺ പിഴുതത്.
ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിംഗ് തിരഞ്ഞെടുക്കയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമാണ് ന്യൂസിലാൻഡ് ബൗളർമാർ കാഴ്ചവെച്ചത്. അഞ്ചാമത്തെ ഓവറിൽ തന്നെ പ്രിത്വി ഷായുടെ കുറ്റി തെറിപ്പിച്ചുകൊണ്ട് ടിം സൗത്തീ ഇന്ത്യയുടെ തകർച്ചക്ക് തുടക്കമിട്ടു. പിന്നീട് വന്ന പൂജാരയെ നിലയുറപ്പാക്കിന്നതിനു മുന്നേ തന്നെ ജാമീസൺ വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ ജാമീസൺ കോലിയെ റോസ് ടൈലറുടെ കൈകളിൽ എത്തിച്ച് ഇന്ത്യയെ കൂടുതൽ പ്രതിരോധത്തിലാക്കി.
വൈസ് ക്യാപ്റ്റൻ രഹാനെ അഗർവാളിനെ കൂട്ടുപിടിച്ചു രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും 34 റൺസ് എടുത്തു നിക്കവേ അഗർവാളിനെ മടക്കി അയച്ചു കൊണ്ട് ട്രെന്റ് ബൗൾട് ഇന്ത്യൻ തകർച്ചയുടെ ആഴം കൂട്ടി. അഞ്ചാമനായി എത്തിയ വിഹാരിക്കും രക്ഷാപ്രവർത്തനത്തിൽ രഹാനെയോടൊപ്പം കൂടാൻ കഴിഞ്ഞില്ല. വിഹാരിയെയും വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിച്ച് ജാമീസൺ തൻറെ അരങ്ങേറ്റം ഗംഭീരമാക്കി. ഒരറ്റത്തു ക്ഷമയോടെ ബാറ്റ് വീശുന്ന രഹാനെയിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. ബൗളർമാർക്ക് പരിധിയിലധികം പിന്തുണ നൽകുന്ന പിച്ചിൽ ന്യൂസിലൻഡിലെ പ്രതികൂല സാഹചര്യങ്ങളോട് മല്ലടിക്കാൻ രഹാനെയ്ക്കും ഇന്ത്യൻ വാലറ്റത്തിനും സാധിക്കുമോ എന്ന് കണ്ടറിയണം. ഒടുവിൽ നേരിട്ട 100 പന്തുകളിൽ നിന്നും രഹാനെ നേടിയത് വെറും 10 റൺസ് മാത്രമാണ്. അതിൽ നിന്നും ഇന്ത്യ എത്രമാത്രം പ്രതിരോധത്തിലാണെന്നു മനസ്സിലാക്കാം.