Cricket Editorial Top News

ജന്മദിനാശംസകൾ ശ്രീ…

February 6, 2020

author:

ജന്മദിനാശംസകൾ ശ്രീ…

ശ്രീയെപ്പറ്റി എന്തെഴുതാനാണ്?.

വഴിതെറ്റിയവൻ എന്നതിനേക്കാൾ അന്താരാഷ്ട്രക്രിക്കറ്റിൽഏറ്റവും മികച്ച കരിയർ സ്വന്തമായുള്ള മലയാളി എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കാരണം, ഒരിയ്ക്കൽ അയാളുടെ പ്രകടനങ്ങൾ ഓരോ മലയാളിയെയും ഏറെ സന്തോഷിപ്പിച്ചിരുന്നു. അയാൾ എന്റെ നാട്ടുകാരനാണ് എന്ന അവർ അഭിമാനത്തോടെ പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ഒരു മലയാളിക്ക് ക്രിക്കറ്റിൽ ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ സാധിക്കും എന്നവർ ആദ്യമായി മനസ്സിലാക്കിയത് ശാന്തകുമാരൻ ശ്രീശാന്തിലൂടെയായിരുന്നു.

ലോകകപ്പുകളിൽ ഇന്ത്യയുടെ ഭാഗ്യതാരമായിരുന്നു ശ്രീ എന്നു പറയുമ്പോൾ അതിനു വർഷങ്ങളുടെ പഴക്കമുണ്ട്. 1983 ഫെബ്രുവരി ആറാം തീയതി ശാന്തകുമാരൻ നായരുടെയും സാവിത്രി ദേവിയുടെയും പുത്രനായി അയാൾ ജനിച്ചുവീണു വെറും മാസങ്ങൾക്കുള്ളിൽ ക്രിക്കറ്റ ലോകകിരീടം കപിലും സംഘവും ആദ്യമായി ഇന്ത്യയിലെത്തിച്ചു. വർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ മറ്റൊരു കിരീടവിജയം ഉറപ്പാക്കിയതും അയാളുടെ കൈകളായിരുന്നു. അതേ ടൂർണമെന്റിൽ ഇന്ത്യയുടെ വിജയം നിർണയിച്ച ബൌളിംഗ് പ്രകടനവും വന്നത് ആ കൈകളിലൂടെയായിരുന്നു. നാലു വർഷങ്ങൾക്കു ശേഷം വീണ്ടും അയാളുടെ കൈകൾ ഇന്ത്യക്കു ഭാഗ്യം കൊണ്ടുവന്നു. മലയാളിയില്ലാതെ ഇന്ത്യക്കു ലോകകപ്പ് വിജയിക്കാനാകില്ലയെന്ന വിശ്വാസം പോലും ചിലരിലെങ്കിലും സൃഷ്ടിച്ചെടുക്കാൻ അയാൾക്കു സാധിച്ചു.

വെറും ഭാഗ്യമെന്ന് പദംകൊണ്ടു നിസ്സാരവത്കരിക്കേണ്ട ഒരു കരിയർ ആയിരുന്നില്ല ശ്രീയുടേത്. ഒരു ഫാസ്റ്റ് ബൗളർക്കു വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയവൻ. വേഗവും വന്യതയും നിറഞ്ഞ അയാളുടെ സ്പെല്ലുകൾക്കു പലപ്പോഴും ലോകക്രിക്കറ്റിലെ മഹാരഥൻമാരായ ബാറ്റ്സ്മാന്മാർക്കു മറുപടിയുണ്ടായിരുന്നില്ല. ഗില്ലിയും ഹെയ്ഡനും കാലിസുമൊക്കെ ആ വേഗതയ്ക്കു മുന്നിൽ മുട്ടുകുത്തിയിട്ടുണ്ട്. ഭാവിയിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളിങ്ങിന്റെ കുന്തമുനയാകേണ്ടവൻ എന്നുപോലും കളിയെഴുത്തുകാർ വാഴ്ത്തിയ പ്രതിഭ.

പക്ഷേ വിധി അയാളുടെ മുന്നിൽ അതിലേറെ വിനാശകരമായൊരു സ്പെല്ലുമായി അവതരിച്ചപ്പോൾ ഒരു വാലറ്റക്കാരനെപ്പോലെ പതറിപ്പോയി അയാൾ. അയാളുടെ അഗ്രഷനെ അഹങ്കാരം എന്നയാൾക്കു ചുറ്റുമുള്ളവർ വിധിയെഴുതി. അയാൾക്കപ്പുറത്തേക്കു ചിന്തിക്കാൻ ഇന്ത്യൻ ക്രിക്കറ്റിനും തിടുക്കമായിരുന്നു. വളരെവേഗം അയാളുടെ പ്രകടനങ്ങൾ മറക്കാൻ ആരാധകർക്കും കഴിഞ്ഞു. പിന്നീടൊരുദിവസം ഇന്ത്യൻ ക്രിക്കറ്റിനു സംഭവിച്ച ഏറ്റവും അപമാനകരമായ ഒരു ബ്രേക്കിംഗ് ന്യൂസിലെ പ്രധാനപേരായി അയാൾ അവതരിച്ചതോടെ ശ്രീയെന്ന പേരിന് ചതിയെന്നൊരർത്ഥവും ചാർത്തപ്പെട്ടു. ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല ചില വെള്ളിക്കാശുകൾക്കുവേണ്ടി ക്രിക്കറ്റിനെ ഒറ്റിക്കൊടുക്കാൻ അയാൾക്കു കഴിഞ്ഞുവെന്ന്. കാരണം ക്രിക്കറ്റിനോടുള്ള അയാളുടെ ആത്മാർത്ഥതയും ആവേശവും ഓരോ വിക്കറ്റുകൾ നേടുമ്പോഴും അയാൾ വിളിച്ചുപറഞ്ഞിരുന്നു.

ഭൂതകാലത്തിനൊരു പ്രത്യേകതയുണ്ട്. ചില പേരുകളിൽക്കൂടി അവ നമ്മുടെ ഓർമകളെ കാതങ്ങൾ പിന്നിലേക്കു സഞ്ചരിപ്പിക്കും. ആന്ദ്രേ നെല്ലിനെതിരെ നേടിയ ആ സിക്സർ, ടി ട്വൻറി ലോകകപ്പിലെ ആ ബൌളിംഗ് പ്രകടനം, കാലിസിന്റെ സമനില തെറ്റിച്ച ആ ബൗൺസർ. ഇവയിലൂടെയെല്ലാം സഞ്ചരിച്ചു വീണ്ടും മനസ്സ വർത്തമാനകാലത്തിലേക്ക് കടക്കുമ്പോൾ, ഇന്നത്തെ ഇന്ത്യൻ ടീമിൽ അയാളുടെ മുഖം അറിയാതെ സങ്കൽപിച്ചുപോകുന്നു. നീണ്ടൊരു റണ്ണപ്പിന്റെ അകമ്പടിയിൽ നയനമനോഹരമായ ആക്ഷനിൽ ബാറ്സ്മാൻറെ പ്രതിരോധം ലക്ഷ്യമാക്കി കുതിയ്ക്കുന്ന ശ്രീയുടെ പന്തുകളെ, അതിലേറെ എതിരാളിയുടെ ആത്മവിശ്വാസത്തിനുമേൽ ഒരു ചുറ്റികപോലെ ആഞ്ഞുപതിക്കുന്ന ആ നോട്ടത്തെ.

Leave a comment