സഞ്ജുവിനു കാലിടറുന്നുവോ?
വീണ്ടും ഒരവസരം ലഭിച്ചിരിക്കുന്നു. അതു പക്ഷേ സഞ്ജു സാംസൺ പൂർണമായും ഉപയോഗിച്ചുവോ?
ഇല്ല എന്നുതന്നെയാകും ഇന്നത്തെ ഇന്ത്യയുടെ ബാറ്റിങ് കണ്ട ഏതൊരു വ്യക്തിയും അഭിപ്രായപ്പെടുക. കാരണം സീരീസ് പൂർണമായും കൈപ്പിടിയിൽ ഒതുക്കിയ ടീം, ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യത്തിൽ ഓപണിംഗിന് ഇറങ്ങിയശേഷം തീർത്തും മോശമായ ഒരു ഷോട്ടിലൂടെ പുറത്താവുക. ലഭിച്ച അവസരം തട്ടിത്തെറിപ്പിച്ചു കളഞ്ഞ അവസ്ഥയിലാണ് സഞ്ജു ക്രീസ് വിട്ടത്.
ടീമിലെ സ്ഥാനം നിലനിർത്തുക എന്ന സമ്മർദ്ദം തീർച്ചയായും സഞ്ജുവിനു മേൽ ഉണ്ട്. പക്ഷേ അത്തരം സമ്മർദ്ദത്തെ അതിജീവിച്ചാൽ മാത്രമേ ഒരു പ്രൊഫഷണൽ ടീമിൽ ഏതൊരു കളിക്കാരനും നിലനിൽപ്പുള്ളൂ. ഈ സീരീസിൽ തന്നെ സഞ്ജുവിനു മറ്റൊരവസരം ലഭിക്കുമോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം അത്രയേറെ മത്സരം ഇന്ത്യൻ ടീമിലെ വിക്കെറ്റ് കീപ്പർ സ്ഥാനത്തിനു വേണ്ടി മുറുകുന്നുണ്ട്.
കഴിഞ്ഞ കുറച്ചു കാലം വരെയും ഋഷഭ് പന്ത്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നീ പേരുകളിൽ ഒതുങ്ങി നിന്ന ആ മത്സരത്തിലേക്കു ലോകേഷ് രാഹുൽ കടന്നുവന്നതോടെയാണ് സ്ഥിതി മാറിയത്.
മികച്ച ബാറ്സ്മാനായ രാഹുൽ ബാറ്റിങ്ങിൽ തന്റെ ഫോം നിലനിർത്തിയതിനൊപ്പം വിക്കെറ്റ് കീപ്പിങ്ങിലും മോശമല്ലാത്ത പ്രകടനം നടത്തിയതോടെ വിരാട് കോഹ്ലിയുടെ പിന്തുണ പൂർണമായും അയാൾക്കു ലഭിക്കുകയായിരുന്നു. മാത്രമല്ല ഓപ്പണിങ്ങിലും നാലാം നമ്പറിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്നു എന്നതും കർണാടക ബാറ്റ്സ്മാനു മുതൽക്കൂട്ടായി. ഋഷഭ് പന്തിനു പകരം രാഹുലിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചതോടെ ഇന്ത്യൻ ബാറ്റിങ് ഓർഡറിന് കൂടുതൽ സ്ഥിരത കൈവരുകയും ചെയ്തു. ഇതോടെ മാനേജ്‌മെന്റിനുപോലും കൂടുതൽ താല്പര്യമുണ്ടായിരുന്ന പന്തിനെ മറികടന്നു രാഹുൽ ടീമിൽ സ്ഥിരം അംഗമായി.
ഇത്തരമൊരു സാഹചര്യത്തിൽ ന്യൂസിലണ്ടിനെതിരെ ലഭിച്ച അവസരം സഞ്ജു ഇതിലും മികച്ച രീതിയിൽ മുതലാക്കേണ്ടിയിരുന്നു എന്നു പറയുന്നതിൽ യാതൊരു സംശയവുമില്ല. ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ചു നിന്ന അവസരത്തിൽ ഋഷഭ് പന്തിനേയും മറികടന്നാണ് സഞ്ജു ടീമിൽ ഇടം നേടിയത്. പക്ഷേ ഓപ്പണിങ് സ്ലോട്ടിൽ മികച്ച ഒരു ഇന്നിംഗ്സ് കളിക്കാനുള്ള അവസരം കേരള ബാറ്റ്സ്മാൻ കളഞ്ഞുകുളിച്ചു.
നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യൻ ഇലവനിൽ സ്ഥാനം പിടിക്കാനുള്ള മത്സരം കൂടുതൽ മുറുകുകയാണ്. അതിനാൽ തന്നെയാണ് ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ പൃഥ്വി ഷാ ഇടം പിടിച്ചതും. ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരുപക്ഷേ എന്നെന്നേക്കുമായി ടീമിനു പുറത്തേക്കുള്ള വഴിയും തുറന്നേക്കാം. യുക്തിരഹിതമായി തോന്നിയേക്കാം. യാഥാർഥ്യമാണത്.