വിജയത്തിനിടയിലും ഈ മുഖം നൊമ്പരമാകുന്നു
ഹാമിൽട്ടണിലെ ആ ഇരുപത്തിരണ്ടു വാരയിലേക്ക് നടന്നടുക്കുമ്പോൾ നിങ്ങൾ ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിച്ചു കാണില്ല, സ്വന്തം നാട്ടിൽ തുടർച്ചയായൊരു മൂന്നാമത്തെ തോൽവി നിങ്ങളിലെ ആ ചാമ്പ്യന് ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും, നിങ്ങൾ ആ ബാറ്റുമായി ഒരു നായകനെ പോലെ മുന്നിൽ നിന്ന് നയിച്ചപ്പോൾ അവിടെ പിറന്നത് ബാറ്റിങ്ങിന്റെ മനോഹാരിതയായിരുന്നു, വിടവുകൾക്കിടയിലൂടെ ഒരു സർജന്റെ കൃത്യതയോടെ ബോളുകൾ നിങ്ങൾ തഴുകി വിട്ടപ്പോൾ ഞാനാസ്വദിക്കുകയായിരുന്നു കുട്ടിക്രിക്കറ്റിലും ആ ക്ലാസിക്കൽ ബാറ്റിങ്ങിന്റെ സൗന്ദര്യം.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത് ബോളറുടെ മനസ്സ് നിങ്ങൾ വായിച്ചപ്പോൾ, അയാളുടെ കരിയറിലെ ഒരു മോശം ദിനവും ഇന്ന് പിറക്കുകയുണ്ടായി, ആ പ്രതിഭയെ തോൽപിച്ചിട്ടും നിങ്ങളും ആ ടീമും തോറ്റുപോയെല്ലോ, വീണ്ടുമൊരു സൂപ്പർ ഓവർ നിങ്ങളുടെ കണ്ണുനീർ വീഴ്ത്തിയല്ലോ,………
വീണ്ടും ഞങ്ങളുടെ മനസ്സിൽ നിങ്ങളൊരു നൊമ്പരമാവുകയാണ്, കോഹ്ലി പ്രസന്റേഷൻ സെറിമണിയിൽ പറഞ്ഞതു പോലെ നിങ്ങൾ ജയം അർഹിച്ചിരുന്നു, ഒരു നായകനായും ബാറ്സ്മാനായും നിങ്ങൾ നടത്തിയ ആ പോരാട്ടം വിജയത്തിൽ അവസാനിക്കേണ്ടിയിരുന്നു, പക്ഷെ അവസാന നിമിഷം നിങ്ങളുടെ ആ ഫേവറിറ്റ് ഷോട്ട് നിങ്ങളുടെ പതനത്തിന് കരണമായപ്പോൾ നിങ്ങളുടെ ആ കൂട്ടുകാർക്കും നിങ്ങളെ രക്ഷിക്കാനായില്ലല്ലോ…..
ജയിച്ചവർ മാത്രമല്ല വില്യംസാ ഹൃദയം കീഴടക്കിയവർ, പൊരുതി വീണവരും ഹൃദയം കീഴടക്കിയിട്ടുണ്ട് ആ മുൻ നിരയിൽ നിങ്ങൾ എന്നും കാണും, പോരാളികളുടെ കൊടിയുടെ ചിഹ്നമോ, ജേഴ്സിയുടെ നിറമോ നോക്കാറില്ല, അവരെ പ്രതിഷ്ഠിക്കാറാണീ ഇടനെഞ്ചിൽ……






































