ഷമി ഹീറോയാടാ ഹീറോ !!!!.
“ഷമി ഹീറോയാടാ ഹീറോ……”
സഞ്ജു സാംസൺ ഫേസ്ബുക്കിൽ പങ്കുവെച്ചൊരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരുപക്ഷേ ഇന്നലെ നടന്ന മത്സരശേഷം മുഹമ്മദ് ഷമിയെന്ന മനുഷ്യൻ ലോകത്തോടു വിളിച്ചു പറയാൻ ആഗ്രഹിച്ചതും അതുതന്നെയായിരിക്കും. ഞാനൊരു നായകനാണ്.
ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടുന്ന ഓരോ കളിക്കാരനും ഹീറോയാണ്. എത്രയോ പ്രതിഭകൾ പല കാരണങ്ങളാൽ ആ ലക്ഷ്യം നേടാനാകാതെ പകുതിവഴിയിൽ കൊഴിഞ്ഞു വീണിട്ടുണ്ടാകും?. അവരിൽ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന വിഭാഗമാണ് ഫാസ്റ്റ് ബൗളർമാർ. പരിക്കുകൾ, കളിയെ കൂടുതൽ വർണശബളമാക്കാനായി ബാറ്റ്സ്മാന്മാർക്ക് അനുകൂലമായി ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന പിച്ചും കളിനിയമങ്ങളും. അങ്ങനെ ഒരുപാടു ഘടകങ്ങൾ അവരുടെ വഴിയിൽ വെല്ലുവിളികളായി നിറയുന്നു. അവയെല്ലാം താണ്ടിയാണ് ഷമിയും ടീമിലെത്തിയത്.
മുഹമ്മദ് ഷമിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചുകാലങ്ങൾ ഏറെ പ്രയാസകരമായിരുന്നു. ഏതൊരു മനുഷ്യനും ശാരീരികമായും മാനസികമായും തളർന്നുപോകുന്ന ഒരുപാടു സന്ദർഭങ്ങൾ അയാളെ വിടാതെ പിന്തുടർന്നു. വാഹനാപകടം, കുടുംബബന്ധത്തിലെ പടലപ്പിണക്കങ്ങൾ, ഒരു രാജ്യദ്രോഹിയെന്ന രീതിയിൽ പോലും ഷമിയെ മുദ്രകുത്തുവാൻ പോന്ന ആരോപണങ്ങൾ. മികച്ച ഫോമിൽ നിൽക്കേ ഇന്ത്യൻ ടീമിലേക്കുള്ള കരാർ പോലും ഇവ മൂലം അയാൾക്കു നഷ്ടമായിരുന്നു.
പക്ഷേ മൈതാനത്തിൽ ഇവയൊന്നും ഷമിയെ ബാധിച്ചില്ല. ലോകകപ്പിലെ ഹാട്രിക് അടക്കമുള്ള തകർപ്പൻ പ്രകടനം. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ. അങ്ങനെ ഷമിയുടെ കരിയർ ഗ്രാഫ് കൂടുതൽ ഉയരങ്ങൾ നോക്കി സഞ്ചരിച്ചു.
പക്ഷേ അപ്പോഴും അയാളുടെ പ്രകടനങ്ങൾക്കു വിമർശകരുണ്ടായിരുന്നു.
മറ്റൊരു ഫാസ്റ്റ് ബൗളറായ ജസ്പ്രീത് ബുമ്രയുടെ മികവിന്റെ തണലിലാണ് ഷമി വളരുന്നതെന്നായിരുന്നു അവരുടെ കണ്ടുപിടുത്തം. ബുമ്രയുടെ പന്തുകളിൽ റണ്ണുകൾ നേടാൻ സാധിക്കാതെ സമ്മർദ്ദത്തിലാകുന്ന ബാറ്റ്സ്മാന്മാരെ മറുവശത്തു ഷമി അനായാസം വലയിലാക്കുന്നുവെന്നായിരുന്നു അവരുടെ വാദം. മാത്രമല്ല ഡെത്ത് ഓവറുകളിൽ തല്ലുവാങ്ങുന്നവൻ എന്ന ദുഷ്പേരും അവർ അയാൾക്കു ചാർത്തിനൽകി.
പക്ഷേ അവർ സൗകര്യപൂർവ്വം മറന്ന ഒരു വസ്തുതയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ടെസ്റ്റ് മത്സരങ്ങളിൽ ബുമ്രയുടെ അഭാവം ടീമിനെ ബാധിക്കാതെ സൂക്ഷിച്ചത് അയാളായിരുന്നു. പലപ്പോഴും പഴകിയ പന്തുകൊണ്ട് നിർണായക വിക്കറ്റുകൾ അയാൾ പിഴുതു. ഇന്ത്യൻ ബൗളർമാർക്കു സ്വതവേ വെല്ലുവിളിയാകുന്ന വാലറ്റത്തെ വേഗം പുറത്താക്കി എത്രയോ വിജയങ്ങൾ അയാൾ നമുക്കു സമ്മാനിച്ചിട്ടുണ്ട്.
ഇന്നലെ ന്യൂസിലണ്ടിനെതിരെ നടന്ന മൂന്നാം ടി ട്വൻറി മത്സരത്തിലും അയാൾക്കുമുന്നിൽ കടുത്ത വെല്ലുവിളികൾ നിറഞ്ഞിരുന്നു. ജസ്പ്രീത് ബുമ്രയെപ്പോലൊരു ബൗളർക്കു വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഓഫ് ഡേ, ടീമിനെ ഒറ്റയ്ക്കു വിജയത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന വില്യംസന്റെയും മൈതാനത്തിന്റെ ചെറിയ അതിർവരമ്പുകൾ അനായാസം ക്ലിയർ ചെയ്യാൻ ശേഷിയുള്ള റോസ് ടെയ്‌ലറുടെയും ക്രീസിലെ സാന്നിധ്യം. കുഴിബോംബുകൾ നിറഞ്ഞ യുദ്ധഭൂമിയിലൂടെ നടക്കുന്ന സൈനികന്റെ മാനസികാവസ്ഥയിലായിരിക്കണം അയാൾ ആ അവസാന ഓവറിനായി പന്തു കൈയ്യിലെടുത്തത്. ആദ്യ പന്തിൽ ടെയ്‌ലർ നേടിയ സിക്സ് ഷമിയുടെ വിമർശകരുടെ പേനകളിൽ വീണ്ടും മഷി നിറച്ചിരിക്കും. പക്ഷേ അതിനുശേഷം ക്രിക്കറ്റ് ലോകം കണ്ടത് ഷമിയുടെ ഹീറോയിസമായിരുന്നു. വില്യംസണെയും ടെയ്‌ലറിനെയും പുറത്താക്കിയ അയാൾ കിവികളുടെ കൈയിൽനിന്നും വിജയം തട്ടിത്തെറുപ്പിച്ചു. ഷമി നീട്ടിനൽകിയ ആയുസ്സ് രോഹിത് സൂപ്പർ ഓവറിൽ വിജയമാക്കി മാറ്റിയതോടെ ഇന്ത്യൻ ആരാധകർക്കു ചിത്രം ശുഭപര്യവസായിയായി മാറി.
വെറും ഒൻപതു റണ്ണുകളാണ് അവസാന ഓവറിൽ ഷമിക്കുമുന്നിൽ പ്രതിരോധിക്കാനുണ്ടായിരുന്നത്. പക്ഷേ തികഞ്ഞ മനഃസാന്നിധ്യത്തോടെ അയാൾ നായകൻ തന്നിലേൽപിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയുടെ വിജയം വീക്ഷിച്ച ഓരോ ആരാധകനും തീർച്ചയായും ഒരു രോമാഞ്ചത്തിന്റെ അകമ്പടിയോടെ പറയും.
“ഷമി ഹീറോയാടാ ഹീറോ…. “