ഹിറ്റ്മാന് തുല്യം ഹിറ്റ്മാൻ മാത്രം
“ഞാൻ ആദ്യമായാണ് ഒരു സൂപ്പർ ഓവറിൽ ബാറ്റിങിനിറങ്ങിയത്. അതിനാൽ തന്നെ ഞാൻ തീർത്തും ആശയക്കുഴപ്പത്തിലായിരുന്നു. ആദ്യ പന്തു മുതൽക്കേ ആക്രമിച്ചു കളിക്കണമോ എന്ന് ചിന്ത എന്നെ അലട്ടിയിരുന്നു.”
ഇന്നത്തെ മത്സരത്തിൽ കളിയിലെ കേമൻ പുരസ്‌കാരം സ്വീകരിച്ച ശേഷം രോഹിത് പറഞ്ഞ വാക്കുകളാണിവ. രോഹിതിന്റെ കളി വീക്ഷിക്കുന്നവർക്ക് അയാൾ പറഞ്ഞതിന്റെ കാതലും മനസ്സിലാകും. ക്രീസിൽ നിലയുറപ്പിച്ചശേഷം മാത്രം ആക്രമിക്കാൻ ഇഷ്ടപ്പെടുന്ന ബാറ്സ്മാനാണ് രോഹിത്. അതിനാൽ തന്നെ സൂപ്പർ ഓവറിൽ രാഹുലിനൊപ്പം വിരാട് കോഹ്ലിയെ പ്രതീഷിച്ചവരും കുറവായിരിക്കില്ല.
പക്ഷേ ഹാമിൽട്ടണിലെ ഈ ദിനം രോഹിത് ഗുരുനാഥ് ശർമ എന്ന ഇന്ത്യയുടെ ഹിറ്റ്‌മാനുവേണ്ടി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ടിം സൗത്തിയുടെ കൈകളിൽ നിന്നും പുറപ്പെട്ട അവസാന രണ്ടു പന്തുകൾ ഗാലറിയിൽ വിശ്രമിക്കുമ്പോൾ അടിവരയിടപെട്ടതും ഈ യാഥാർഥ്യത്തിനായിരുന്നു. സൂപ്പർ ഓവർ വിജയത്തിനായി ഒരോവറിൽ പതിനെട്ടു റണ്ണുകൾ വേണ്ടിയിരുന്ന ഇന്ത്യയ്ക്കു ഒരിക്കലും മറക്കാനാകാത്ത വിജയം സമ്മാനിക്കുകയായിരുന്നു അയാൾ.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തിളങ്ങാൻ സാധിക്കാതെ പോയ രോഹിതിനുമേൽ തീർച്ചയായും സമ്മർദ്ദങ്ങളുടെ ഭാരം ഉണ്ടായിരുന്നിരിക്കണം. രണ്ടു മത്സരങ്ങൾ ഇന്ത്യ വിജയിച്ചതോടെ ഓപ്പണിങ് സ്ഥാനത്തു മറ്റൊരു ബാറ്സ്മാനെ പരീക്ഷിച്ചുകൂടേയെന്ന ചോദ്യവും ചില കോണുകളിൽനിന്നും ഉയർന്നു. പക്ഷേ ഇന്നു നടന്ന മത്സരത്തിൽ ആ വിമർശനങ്ങൾക്കെല്ലാം അയാൾ മറുപടി നൽകിയിരിക്കുകയാണ്. ഏറെക്കാലം തന്റെ ബാറ്റിനു കൂച്ചുവിലങ്ങിടാൻ ഒരു എതിരാളിക്കും സാധിക്കില്ലെന്ന പ്രസ്താവിയ്ക്കുകകൂടിയായിരുന്നു അയാൾ.
മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി രാഹുലിനൊപ്പം മികച്ച തുടക്കമാണ് രോഹിത് നൽകിയത്. ആത്മവിശ്വാസം വീണ്ടെടുക്കാൻ മികച്ച ഒരിന്നിംഗ്സ് അനിവാര്യമായ അയാൾക്കു പക്ഷേ തന്റെ ശൈലിക്ക് അനുയോജ്യമായ ഒരു പിച്ചായിരുന്നില്ല ഹാമിൽട്ടണിൽ ലഭിച്ചത്. പക്ഷേ ക്രീസിൽ ക്ഷമയോടെ പിടിച്ചുനിന്ന രോഹിത് പതിയെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റുവീശാൻ തുടങ്ങി. കഴിഞ്ഞ മത്സരങ്ങളിൽ നിന്നു വിപരീതമായി അവസാന പത്തോവറിൽ പിച്ച് കൂടുതൽ സ്ലോ ആകാൻ തുടങ്ങിയതോടെ ഇന്നിങ്സിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ച സ്കോറിലേക്കെത്താൻ ഇന്ത്യക്കു സാധിച്ചിരിക്കില്ലായിരിക്കാം. പക്ഷേ അവസാന ഓവറുകൾ വരെയും ഇന്ത്യയുടെ മികച്ച ബാറ്റ്സ്മാൻമാർ തന്നെയാണ് പന്തുകൾ നേരിട്ടത് എന്നുറപ്പാക്കാനും രോഹിതിന്റെ ഇന്നിങ്സിനു സാധിച്ചു. ആ ഇന്നിങ്സിന്റെ മഹത്വം കൂടുതൽ വെളിവായത് ന്യൂസിലാൻഡ് ഇന്നിംഗ്സ് അവസാനിച്ചപ്പോഴായിരുന്നു. തങ്ങൾക്കു പരിചിതമായ സാഹചര്യങ്ങളിൽപോലും കെയ്ൻ വില്യംസൺ ഒഴികെ മറ്റൊരു ബാറ്റ്സ്മാൻ പോലും താളം കണ്ടെത്താൻ വിഷമിച്ചപ്പോഴായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ് എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് തെളിയിക്കപ്പെട്ടത്.
പതിനെട്ടു റണ്ണുകൾ എന്ന വിഷമകരമായ ലക്ഷ്യം പിന്തുടരുവാൻ എന്തുകൊണ്ടാണ് വിരാട് കോഹ്ലി രോഹിതിനെ ആശ്രയിച്ചതെന്നു മനസ്സിലാക്കാൻ യാതൊരു റോക്കറ്റ് സയൻസിന്റെയും ആവശ്യമില്ല. രോഹിത് ഒരു ക്ലീൻ ഹിറ്ററാണ്. പിച്ചിന്റെ അവസ്ഥയോ ബൗണ്ടറിയുടെ അകലമോ അയാൾക്കൊരു വിഷയമല്ല.