Cricket Editorial Top News

ത്യാഗി കൊടുങ്കാറ്റിൽ തകർന്ന് ഓസീസ്

January 28, 2020

author:

ത്യാഗി കൊടുങ്കാറ്റിൽ തകർന്ന് ഓസീസ്

അണ്ടർ 19 ലോകകപ്പുകളിൽനിന്നും ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാടു മികച്ച താരങ്ങളെ ലഭിച്ചിട്ടുണ്ട്. യുവരാജ്, ജഡേജ, കോഹ്ലി, മുതലായ ഒട്ടനേകം താരങ്ങൾ അവരുടെ പ്രതിഭ രാകിമിനുക്കിയത് കൗമാര താരങ്ങളുടെ ലോകകായിക മാമാങ്കത്തിലാണ്. ആ നിരയിലേക്ക് പുതുതായി കടന്നുവരികയാണ് കാർത്തിക് ത്യാഗി എന്ന മറ്റൊരു യുവപ്രതിഭ.

2017-18 സീസണിലാണ് കാർത്തിക് ഉത്തർ പ്രദേശ് ടീമിനുവേണ്ടി രഞ്ജി, വിജയ് ഹസാരെ ടൂർണമെന്റുകളിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച വേഗത കൈവശമുള്ള കാർത്തിക് ആദ്യ സീസണിൽ തന്നെ ക്രിക്കറ്റ്‌ നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. യശസ്വി ജയ്‌സ്വാൾ, പ്രിയം ഗാർഗ് മുതലായ കൗമാര പ്രതിഭകൾക്കൊപ്പം അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ സാധ്യതകളെ മുന്നോട്ടു നയിക്കുവാൻ കാർത്തിക്കിന്റെ പ്രകടനവും കാര്യമായ പങ്കുവഹിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

നിർണായകമായ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് ത്യാഗിയുടെ മികവ് ക്രിക്കറ്റ് ലോകം കണ്ടത്. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ യശസ്വി ജയ്‌സ്വാൾ, മധ്യനിര ബാറ്റ്സ്മാൻ അൻകോളെക്കർ എന്നിവരുടെ അര്ധസെഞ്ചുറികളുടെയും രവി ബിഷ്‌ണോയിയുടെ ചെറുത്തുനിൽപിന്റെയും ബലത്തിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 233 റണ്ണുകൾ നേടി.

ലക്ഷ്യം പിന്തുടർന്ന് ഓസ്ട്രേലിയൻ നിരയെ പക്ഷേ ചേസിന്റെ ഒന്നാം ഓവറിൽതന്നെ കാർത്തിക്കിന്റെ പന്തുകൾ ഞെട്ടിച്ചു. ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ ത്യാഗി സ്വന്തമാക്കിയപ്പോൾ ഒരു റൺ ഔട്ട്‌ കൂടി വന്നതോടെ ഓസീസ് നിര വെറും നാലു റണ്ണുകൾക്ക് മൂന്നു വിക്കറ്റ് എന്ന നിലയിലേക്കു പതിച്ചു. ആദ്യ ഓവറിലെ തകർച്ചയിൽ നിന്നും പതിയെ കരകയറിയ ഓസീസ് ബാറ്റിങ്ങിന് അവരുടെ സ്കോർ പതിനേഴിലും അറുപത്തിയെട്ടിലും നിൽക്കേ വീണ്ടും കാർത്തിക് പ്രഹരമേൽപിച്ചു.

കാർത്തിക് നൽകിയ പ്രഹരത്തിൽനിന്നും കരകയറാൻ പിന്നീട് ഓസ്ട്രേലിയൻ ബാറ്റിങ്ങിനു സാധിച്ചില്ല. ഒരറ്റത്തു പങ്കാളികളെ തുടർച്ചായി നഷ്ടമായെങ്കിലും ഓപ്പണർ സാം ഫാനിങ് പിടിച്ചുനിന്നതു മാത്രമായിരുന്നു അവരുടെ പ്രതീക്ഷ. പക്ഷേ കുതിച്ചുയർന്ന് റിക്വയേർഡ് റൺ റേറ്റിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നതോടെ 43.3 ഓവറിൽ 159 റണ്ണുകൾക്ക് ഓസ്ട്രേലിയൻ വെല്ലുവിളി അവസാനിച്ചു. കാർത്തിക് നാലു വിക്കറ്റും ആകാശ് മൂന്നു വിക്കറ്റുകളും വീഴ്ത്തി.

ഇന്ത്യയുടെ ഫാസ്റ്റ് ബൌളിംഗ് നിരയുടെ ഭാവി ശോഭനമാണ്. ഭുവിയും ബുമ്രയും ഷമിയും സൈനിയും തെളിച്ച വഴിയേ കൂടുതൽ പ്രതിഭകൾ ഉയർന്നു വരികയാണ്. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഉയർന്നുവന്ന ശിവം മാവിയ്ക്കും കമലേഷ് നാഗർകോടിയ്ക്കും ഒപ്പം കാർത്തിക് ത്യാഗി എന്ന പേരും ഭാവിയിൽ ഉയർന്നുകേൾക്കട്ടെ.

Leave a comment