വിജയവഴിയിൽ റയൽ മാഡ്രിഡ്
റിയൽ മാഡ്രിഡ് പതിയെ തിരിച്ചു വരികയാണ്.
അവരുടെ പഴയ പ്രതാപത്തിലേക്ക്.
കഴിഞ്ഞു പോയ സീസൺ സ്പാനിഷ് വമ്പന്മാർക്ക് അത്ര നല്ല സീസൺ ആയിരുന്നില്ല. വർഷങ്ങളായി ടീമിന്റെ നട്ടെല്ലായിരുന്ന സ്‌ട്രൈക്കർ ക്രിസ്ത്യാനോ റൊണാൾഡോയും, ടീമിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത സിനദിൻ സിദാനും ടീം വിട്ടുപോയതും അവരുടെ പ്രകടനത്തെ ബാധിച്ചിരുന്നു. കൂടാതെ എൽ ക്ലാസിക്കോയിലടക്കം നേരിട്ട പരാജയങ്ങളും അവരുടെ ആത്മവിശ്വാസം തകർക്കുന്നവയായിരുന്നു.
ബാഴ്സലോണയെപ്പോലെ ഒരു ലോകോത്തര നിര അവകാശപ്പെടാൻ ഇന്നു റയലിനു സാധിക്കില്ല. കരീം ബെൻസീമ ഒഴികെ മറ്റൊരു മികച്ച സ്‌ട്രൈക്കറും അവർക്കില്ല. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച സൂപ്പർ താരം ഈഡൻ ഹസാഡ് പരിക്കിന്റെ പിടിയിൽ നിന്നും മോചിതനാകുന്നുമില്ല. പക്ഷേ ഇന്നു റയൽ സ്പാനിഷ് ലീഗ് പോയൻറ് പട്ടികയിൽ ഒന്നാമതാണ്. കഴിഞ്ഞ ദിവസം റയൽ വല്ലഡോയിഡിനെതിരെ നേടിയ വിജയമാണ് അവരെ ടേബിളിന്റെ തലപ്പത്തെത്തിച്ചത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ മൂന്നു പോയൻറ് മുൻതൂക്കം റയലിനുണ്ട്.
പ്രതിരോധമാണ് സീസണിൽ റയലിന്റെ കരുത്ത്. കഴിഞ്ഞ സീസണിൽ ഏറെ പഴി കേട്ട അവരുടെ പ്രതിരോധനിര ഇത്തവണ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. ഗോൾ കീപ്പർ തിബത് കോർട്ടറിയസിന്റെ മികവാണ് അതിൽ ഏറ്റവും പ്രധാനം. കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തിന്റെ പേരിൽ ഏറെ പഴികേട്ട അയാൾ ഇന്നു യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾവല കാവൽക്കാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. സീസണിൽ യൂറോപ്പിൽ ഏറ്റവുമധികം ക്ലീൻ ഷീറ്റുകളും കോർട്ടോയുടെ പേരിലാണ് കുറിക്കപ്പെട്ടിരിക്കുന്നത്.
വിനീഷ്യസ്, വാൽവാർദേ മുതലായ യുവതാരങ്ങളും നായകൻ റാമോസ്, കാസ്മീരോ, ബെൻസീമ, മോഡ്രിച് മുതലായ പരിചയസമ്പന്നരും ചേർന്ന റയൽ സീസണിൽ കൂടുതൽ ഒത്തിണക്കം കാഴ്ചവെയ്ക്കുന്നുണ്ട്. സ്പാനിഷ് സൂപ്പർ കോപ്പയിലൂടെ ഈ ദശാബ്ദത്തിലെ ആദ്യ കിരീടവും അവർ സ്വന്തമാക്കി കഴിഞ്ഞു. ഇതേ ഒത്തിണക്കം അവരിനിയും തുടർന്നാൽ കൂടുതൽ വിജയങ്ങൾ റയലിന്റെ വഴിയേ വരും.