RIP കോബെ ബ്രയാൻ
ഞെട്ടലുണവാക്കുന്ന ഒരു വാർത്തയും കേട്ടുകൊണ്ടാണ് ഇന്നു കായികലോകം കണ്ണു തുറന്നിരിക്കുന്നത്. ലോകപ്രശസ്ത ബാസ്കറ്റ്ബോൾ ഇതിഹാസം കോബെ ബ്രയന്റും മകൾ ജിയാനയുമടക്കം ഒൻപതുപേർ ഒരു ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു.
വിവിധ കർമമണ്ഡലങ്ങളിൽ മികവു തെളിയിച്ച ഇതിഹാസ താരമായിരുന്നു കോബെ. അഞ്ചു എൻ.ബി.എ കിരീടങ്ങൾ. തന്റെ കരിയറിലെ ഇരുപതു വർഷക്കാലവും ലോകപ്രശസ്ത എൻ.ബി.എ ടീമായ ലോസ് ഏഞ്ചൽസ് ലേക്കേഴ്സിനുവേണ്ടിയാണ് അയാൾ കളത്തിലിറങ്ങിയത്. ലീഗിൽ കളിച്ച ഇരുപതിൽ പതിനെട്ടു സീസണുകളിലും കോബെ ടൂർണമെന്റിന്റെ ടീമിൽ ഉൾപ്പെട്ടിരുന്നു. അമേരിക്കയ്ക്കുവേണ്ടി രണ്ട ഒളിമ്പിക്സ് സ്വർണവിജയങ്ങളിലും അയാളുടെ പങ്കുണ്ടായിരുന്നു. അതേ, വിടപറഞ്ഞിരിക്കുന്നത് ബാസ്കറ്റ് ബോൾ രംഗത്തിന് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ്. ആരാധകരുടെ “ബ്ലാക്ക് മാമ്പയുടെ” വിയോഗം കായികരംഗത്തിന് അത്രമേൽ ആഘാതമാകുന്നതും അതിനാലാണ്.
മൈക്കിൾ ജോർദാൻ, ലെബ്രോൺ ജെയിംസ് പോലെയുള്ള ലോകബാസ്കറ്റ്ബോൾ രംഗത്തെ മഹാന്മാരിൽ ഒരാളാണ് കോബെ. ലെക്കേഴ്സിന്റെ സ്വന്തം സ്റ്റേപ്പിൾസ് അരീനയിൽ വിസ്മയങ്ങൾ തീർത്തവൻ. കളിക്കളത്തിൽ മാത്രമല്ല അതിനു പുറത്തും വിസ്മയമായിരുന്നു അയാൾ. കായികരംഗത്തെ ഏറ്റവും മികച്ചവരിൽ ഒരുവൻ എന്നു വിളിപ്പേരുള്ളപ്പോൾ തന്നെ അയാളുടെ പേരിൽ കലാരംഗത്തെ ഏറ്റവും മികച്ചവയിൽ ഒന്നായ ഓസ്കാർ അവാർഡിന്റെ തിളക്കവുമുണ്ട്. തന്റെ ജീവിതം ഏറ്റവും അർഥപൂർണമാക്കിയാണ് കോബെ മടങ്ങുന്നത്. പക്ഷേ അയാളുടെ പ്രകടനങ്ങൾ കണ്ടുശീലിച്ചവർക്ക് ഒരുപക്ഷേ ജീവിതത്തിൽ ഏറ്റവും മറക്കാൻ സാധിക്കാത്ത ഒരു ദിനമായിരിക്കും ജനുവരി 26. കാരണം അവരുടെ സ്വന്തം മജീഷ്യൻ ഈ ലോകത്തുനിന്നും വിടപറഞ്ഞിരിക്കുന്നു.
സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉത്തമ ഉദാഹരണം കൂടിയായിരുന്നു കോബെ. എൻ.ബി.എ ടൂർണമെന്റിൽ താൻ സ്ഥാപിച്ച ഏറ്റവുമധികം പോയന്റുകളുടെ റെക്കോർഡ് ലെബ്രോൺ ജെയിംസ് മറികടക്കുന്നതിന് സാക്ഷ്യം വഹിച്ച ശേഷമുള്ള മടങ്ങിവരവിലായിരുന്നു മരണം കൊബെയുടെ ജീവൻ അപഹരിച്ചത്. മരണം കൊണ്ടുപോയത് അയാളുടെ ജീവൻ മാത്രമായിരുന്നില്ല. ജീവന്റെ ജീവൻ കൂടിയായിരുന്നു. അയാളുടെ പൈതൃകത്തിന്റെ പിൻഗാമിയാകാൻ ഏറ്റവുമധികം കൊതിച്ചിരുന്നത് പതിമൂന്നു വയസ്സുകാരി ജിയാനയായിരുന്നു. കോബെയുടെ പിൻഗാമിയാകുമെന്ന് ലോകം കരുതിയിരുന്നവൾ. അവളെയും അപഹരിച്ചു കൊണ്ടാണ് മരണം കടന്നുപോയത്.
ലോകത്തിന്റെ നാനാതുറയിൽനിന്നും അനുസ്മരണങ്ങൾ ഉയരുകയാണ്. ഒരിക്കൽ തങ്ങളുടെ ശബ്ദം വാനോളമുയർത്തിയവന് പതിഞ്ഞ ശബ്ദത്തിൽ വിടപറയുകയാണ് ലോകം. മരണം കൊണ്ടുപോയ പ്രിയപ്പെട്ടവരിൽ തിരിച്ചുവന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ ഒരാൾ കൂടി ചേർന്നിരിക്കുന്നു. ആഗ്രഹിച്ചുപോവുകയാണ് അയാൾ തിരിച്ചു വന്നെങ്കിലെന്ന്.
“It’s so hard to say good bye to yesterday…”