വീണ്ടും നിരാശ സമ്മാനിച്ച ബ്ലാസ്റ്റേഴ്സ്
എവിടെയാണ് ബ്ലാസ്റ്റേഴ്സിന് പിഴച്ചത്?.
ഒരിക്കൽക്കൂടി, മറ്റൊരു മത്സരത്തിൽ കൂടി ആദ്യപകുതിയിൽ തകർന്നുപോയെന്നു കരുതിയ ശേഷം ആരാധകരുടെ ആവേശം വാനോളമുയർത്തി രണ്ടാം പകുതിയിൽ ഒരു തിരിച്ചു വരവ്. അതിനു ശേഷം അവസാന നിമിഷങ്ങളിൽ വഴങ്ങിയ ഗോളിന് പരാജയഭാരവും പേറി തലകുനിച്ചുകൊണ്ടുള്ള മടക്കം.
ഈ സീസണിൽ ഒന്നിലധികം തവണ ബ്ലാസ്റ്റേഴ്സിൽ നിന്നും കണ്ടുകഴിഞ്ഞതാണ് ഈ നിമിഷങ്ങൾ. നിർണായക ഘട്ടത്തിലും അതേ പ്രകടനവുമായി ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ സാധ്യതകൾ ഏതാണ്ട് അവസാനിച്ചിരിക്കുന്നു.
ഇന്നലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ എഫ്. സി ഗോവയ്ക്കെതിരെ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തലയുയർത്തി നടക്കാൻ ഒട്ടേറെ നിമിഷങ്ങൾ ഉണ്ടായിരുന്നു. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നശേഷം അസാമാന്യ തിരിച്ചു വരവ്. ആക്രമണങ്ങളുടെ തിരമാലകൾ. ഇങ്ങനെ പറഞ്ഞു ആശ്വസിക്കാൻ ഒട്ടേറെ വഴികൾ. പക്ഷേ യാഥാർഥ്യം എന്താണ്?. ആദ്യപകുതിയിലെ കളിമറന്ന പ്രകടനത്തിന് ആരാണ് ഉത്തരവാദി?. ഒന്ന് ആഞ്ഞമർത്തിയാൽ തകരുന്ന പ്രതിരോധനിര, ശരാശരിക്കും താഴെ നിലവാരം പുലർത്തിയ ഗോൾകീപ്പിങ്.
ആദ്യ പകുതി അവസാനിക്കുമ്പോഴേക്കും ബ്ലാസ്റ്റേഴ്സിന്റെ വിധി ഏതാണ്ട് തീരുമാനമായിരുന്നു.
മികച്ച കളി തന്നെയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ കെട്ടഴിച്ചതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ ആ കളിക്കും പരിഹരിക്കാൻ സാധിക്കാത്ത വിധം മോശമായ ഒരു കളിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ കാഴ്ചവെച്ചത് എന്നതാണ് യാഥാർഥ്യം. മുന്നോട്ടുള്ള യാത്രയിൽ വിജയം മാത്രമേ സഹായകമാകൂ എന്ന നിലയിലുള്ള ടീം രണ്ടു ഗോളിന്റെ കടവുമായാണ് ഇടവേള വിസിലിനുശേഷം കളം വിട്ടത്. ഓഗ്ബച്ചേ നടത്തിയ ആ ഗോൾലൈൻ സേവ് കൂടിയില്ലായിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ.ഇതിലും മോശമായേനെ. ടൂർണമെന്റിലെ നിലനില്പിനായി എഫ്.സി ഗോവ പോലൊരു ടീമിനെതിരെ അവരുടെ മൈതാനത്തു നാൽപത്തിയഞ്ചു മിനുട്ടിനുള്ളിൽ മൂന്നു ഗോളുകൾ നേടുക എന്നത് ഏറെക്കുറെ അസാധ്യമായിരുന്നു.
മെസ്സി ഓഗ്ബച്ചേ എന്നിവർ നയിക്കുന്ന മുന്നേറ്റനിര ബ്ലാസ്റ്റേഴ്സിന് എത്രമാത്രം മുഖ്യമാണ് എന്നു തെളിയിക്കുന്നതായിരുന്നു ടീം രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകൾ. ഓഗ്ബച്ചേ നൽകിയ മികച്ച ഒരു പാസിൽ നിന്നും മെസ്സിയും, ഒരു കോർണർ കിക്കിൽ ഗോവ പ്രതിരോധത്തിൽ സംഭവിച്ച ആശയക്കുഴപ്പം മുതലാക്കി ഓഗ്ബച്ചേ നേടിയ രണ്ടാം ഗോളും ടീമിനെ പുനരുജ്ജീവിപ്പിച്ചു. പക്ഷേ വീണ്ടും നിരുത്തരവാദപരമായ സമീപനം തുടർന്ന് പ്രതിരോധവും ഗോൾ കീപ്പറും ചേർന്നു ഗോവയ്ക്ക് മൂന്നാം ഗോളും മൂന്നു പോയന്റും സമ്മാനിക്കുകയായിരുന്നു.
ലീഗിൽ ഏതാണ്ട് പുറത്തേക്കുള്ള പാത തുറന്നു കഴിഞ്ഞു കേരള ബ്ലാസ്റ്റേഴ്സ്. അതിലവർക്കു കുറ്റപെടുത്താൻ സാധിക്കുക ആദ്യ പകുതിയെയാവും. ഈ മത്സരത്തിന്റെ മാത്രമല്ല. സീസണിന്റെയും.






































