Editorial Foot Ball Top News

ഗോവൻ ആക്രമണം അതിജീവിക്കുമോ ബ്ലാസ്റ്റേഴ്‌സ്?

January 25, 2020

author:

ഗോവൻ ആക്രമണം അതിജീവിക്കുമോ ബ്ലാസ്റ്റേഴ്‌സ്?

തുലാസിലാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ സാദ്ധ്യതകൾ.

ഇന്നു നടക്കുന്ന എവേ മത്സരത്തിൽ എഫ്. സി ഗോവയെ നേരിടുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് തീർച്ചയായും സമ്മർദ്ദത്തിലാകും. കാരണം ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ പോലും എൽകോ ഷട്ടോരിയും സംഘവും സെമി ഫൈനലിൽ പ്രവേശിക്കാനുള്ള സാധ്യത വിരളമാണ്. എ.ടി.കെയ്ക്കെതിരെ വിജയം നേടിയെങ്കിലും ലീഗിൽ പൊതുവായി എവേ മൈതാനങ്ങളിൽ മോശം കളി കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സിന് കരുത്തരായ എഫ്. സി ഗോവയുമായുള്ള മത്സരത്തിൽ വിജയം നേടാൻ സാധിക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

പ്രതിരോധപ്പിഴവുകൾ മൂലമാണ് ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ കൂടുതൽ മത്സരങ്ങളിലും പോയൻറ് നഷ്ടം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഓഗ്‌ബച്ചേയും മെസ്സി ബൗളിയുമടങ്ങുന്ന ആക്രമണനിര മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും പ്രതിരോധ നിരയുടെ മോശം പ്രകടനം ഇപ്പോഴും ടീമിനു തലവേദന സൃഷ്ടിക്കുന്നു. എങ്കിലും നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന യാഥാർഥ്യം നൽകുന്ന സ്വാതന്ത്ര്യം അനുകൂല ഘടകമാക്കിയാൽ ഗോവയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കൊമ്പന്മാർക്കു സാധിക്കും.

മറുവശത്തു ലീഗിൽ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് എഫ്. സി ഗോവ. കഴിഞ്ഞ മത്സരത്തിൽ എ. ടി. കെയോടു സംഭവിച്ച തോൽവിയുടെ ഭാരം മായ്ക്കാൻ ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ഒരു വമ്പൻ വിജയമാകും അവർ ലക്ഷ്യമിടുക. ബ്ലാസ്റ്റേഴ്സിന്റെ ഓരോ ദൗർബല്യവും തങ്ങൾ മുതലാക്കുമെന്നുള്ള അവരുടെ പരിശീലകൻ സെർജിയോ ലൊബെറോയുടെ പ്രസ്താവന ഇതു വ്യക്തമാക്കുന്നുമുണ്ട്. സീസണിൽ ഇതുവരെ ഇരുപത്തിയഞ്ചു ഗോളുകൾ സ്കോർ ചെയ്ത അവരുടെ മുന്നേറ്റ നിരയെ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം എങ്ങനെ നേരിടുമെന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു. ഫെറൻ കൊറോമിനാസ്, ബ്രണ്ടൻ ഫെർണാണ്ടസ്, മൺവീർ സിങ്, ഹ്യൂഗോ ബൗമസ് മുതലായ അവരുടെ പ്രാധാന താരങ്ങളെല്ലാം ഫോമിലാണെന്നതും ഗോവയുടെ സാദ്ധ്യതകൾ വർധിപ്പിക്കുന്നു.

ഓഗ്‌ബച്ചേ, മെസ്സി എന്നിവരുടെ മികവിനെ ആശ്രയിച്ചാകും ബ്ലാസ്റ്റേഴ്സിന്റെ ജയസാധ്യതകൾ. എങ്കിലും ജെസ്സൽ കർനേരോ, ഡ്രോബറോവ്, മുഹമ്മദ്‌ റാകിപ് മുതലായവർ അണിനിരക്കുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും ഗോവൻ ആക്രമണനിരയും തമ്മിലുള്ള മത്സരമാകും ഇന്നു ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ അരങ്ങേറുക. സ്വന്തം മൈതാനവും മികച്ച സ്‌ക്വാഡും ഗോവയ്ക്ക് അനുകൂലമാകുമ്പോൾ എതിരാളികളുടെ മൈതാനത്ത അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും എന്ന വിശ്വാസം മാത്രമാകും ബ്ലാസ്റ്റേഴ്സിന്റെ കൈമുതൽ.

Leave a comment