Cricket Editorial Top News

ഋഷഭ് പന്തിന്റെ ഭാഗ്യം അവസാനിക്കുന്നുവോ?

January 25, 2020

author:

ഋഷഭ് പന്തിന്റെ ഭാഗ്യം അവസാനിക്കുന്നുവോ?

ക്രിക്കറ്റിൽ അങ്ങനെയാണ്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമാറിയാൻ ഒരുപാടു സമയം ആവശ്യമില്ല. ടി ട്വന്റി ക്രിക്കറ്റിലും മറ്റും ഒന്നോ രണ്ടോ പന്തുകൾ കളിയുടെ വിധി മാറ്റിമറിയ്ക്കുന്നത് നാം എത്രയോ തവണയാണ് കണ്ടിട്ടുള്ളത്?. കളിക്കാരുടെ കാര്യത്തിലും അങ്ങനെ തന്നെ. മികച്ച ഫോമിലുള്ളപ്പോൾ സംഭവിക്കുന്ന ഒരു പരിക്കുമതി നിരന്തരമായി ടീമിനു പുറത്തേക്കുള്ള വഴി തുറക്കുവാൻ. ഇതിനൊരു മറുവശവുമുണ്ട്. ഒരു കൺകഷൻ സബ്സ്റ്റിറ്റിയൂട് ആയി ടീമിലെത്തി കഴിഞ്ഞ വർഷം ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവുമധികം റണ്ണുകൾ അടിച്ചുകൂട്ടിയ മാർനസ് ലാബുഷാനെ നമ്മുടെ മുന്നിൽ ഉദാഹരണമായുണ്ടല്ലോ.

ഒരു പക്ഷേ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ വിധി നിര്ണയിക്കുന്നതും അത്തരമൊരു നിമിഷമാകും. ഈ വർഷത്തിന്റെ തുടക്കം വരെ ഇന്ത്യൻ ടീമിലെ ഏറ്റവും ഭാഗ്യവാനായ കളിക്കാരൻ ആയായിരുന്നു പന്ത് കണക്കാക്കപ്പെട്ടിരുന്നത്. ഒരു സമയത്ത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ നിന്നും ഏറെ അകലെയായിരുന്ന പന്ത് വളരെവേഗമാണ് ടീമിലേക്കു കടന്നുവന്നത്. റിസർവ് കീപ്പറായി പലപ്പോഴും ടീമിൽ ഇടം നേടിയിരുന്നെങ്കിലും വൃദ്ധിമാൻ സാഹയും ദിനേശ് കാർത്തിക്കും അയാളുടെ വഴി മുടക്കി. പക്ഷേ നാലാം നമ്പരിൽ കാർത്തിക് തിളങ്ങാതിരുന്നതും സഹയ്ക്കു സംഭവിച്ച പരിക്കും അയാൾക്കു തുണയായി. വളരെ വേഗമാണ് അയാൾ ഇന്ത്യൻ ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പറായത്.

സന്തോഷകരമായ നാളുകളായിരുന്നു അവ. തുടർച്ചയായി വിക്കെറ്റ് കീപ്പിങ്ങിൽ വരുത്തിയ പിഴവുകൾ മൂലം ഇംഗ്ലണ്ടിനെതിരായ രണ്ടു ടെസ്റ്റുകളിൽ നിന്നായി അൻപതിലേറെ റൺ വഴങ്ങിയിട്ടും ബാറ്റിങ് അയാളുടെ രക്ഷയ്ക്കെത്തി. ഇംഗ്ലണ്ടിൽ ടെസ്റ്റ്‌ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കെറ്റ് കീപ്പറായി പന്ത്. ഓസ്ട്രേലിയൻ മണ്ണിലും അയാൾ അതേ പ്രകടനം ആവർത്തിച്ചു. മഹേന്ദ്രസിംഗ് ധോണിയുടെ യഥാർത്ഥ പിൻഗാമിയായി മാധ്യമങ്ങൾ അയാളെ വാഴ്ത്തി.

പക്ഷേ അയാളുടെ അൺഓർത്തഡോക്സ് ബാറ്റിങ് ശൈലി തന്നെ പന്തിനു വിനയായി. പന്തിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കിയ ബൗളർമാർ സമർത്ഥമായി അയാളെ പൂട്ടിയിട്ടു. ഒരേ തെറ്റ് പലകുറി ആവർത്തിച്ച പന്തിനെ പതിയെ ആരാധകരും മാധ്യമങ്ങളും കയ്യൊഴിഞ്ഞു. മോശം ബാറ്റിങ് നൽകിയ സമ്മർദ്ദം അയാളുടെ വിക്കെറ്റ് കീപ്പിങ്ങിനെയും ബാധിച്ചതോടെ പന്തിനെ പുറത്താക്കാനുള്ള മുറവിളികൾക്കു ശക്തിയേറി.

പക്ഷേ നായകന്റെയും പരിശീലകന്റെയും പൂർണപിന്തുണ അയാൾക്കുണ്ടായിരുന്നു. ടി ട്വന്റി ലോകകപ്പിൽ അയാൾ തന്നെയാകും ഇന്ത്യൻ ടീമിലുണ്ടാവുകയെന്ന ഏവരും കരുതി. പക്ഷെ ഇത്തവണ പരിക്ക് വീണ്ടും പന്തിന്റെ കരിയറിൽ നിർണായകമായി. പക്ഷേ വിപരീതമായാണെന്നുമാത്രം. പരിക്കേറ്റ പന്തിനു പകരം ഗ്ലൗസ് അണിഞ്ഞ രാഹുൽ മികച്ച പ്രകടനവുമായി പ്രശംസ പിടിച്ചുപറ്റി. മാത്രമല്ല ബാറ്റിങ്ങിൽ മികച്ച ഫോമിലുള്ള രാഹുലിന്റെ സാന്നിധ്യം ടീമിന് കൂടുതൽ ശക്തിയും സ്ഥിരതയും നൽകുന്നതായി നായകനും മനസ്സിലാക്കി.

കാര്യങ്ങൾ ഈ ഗതിയിലാണ് നീങ്ങുകയെങ്കിൽ ടി ട്വന്റി ലോകകപ്പിൽ പന്ത് ടീമിനു പുറത്തിരിക്കേണ്ടിവരും. അങ്ങനെയെങ്കിൽ ഭാഗ്യം ഒരു നിമിഷം കൊണ്ടു നിർഭാഗ്യമായ കഥയാകും പന്തിനു പറയാനുണ്ടാവുക.

Leave a comment