Cricket Editorial legends Top News

തൊട്ടാൽ പൊള്ളും ഈ ബൌളിംഗ് നിര

January 23, 2020

author:

തൊട്ടാൽ പൊള്ളും ഈ ബൌളിംഗ് നിര

ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം സുനിൽ ഗവാസ്കറോടു ചോദിച്ചു. “ഇന്ത്യയിൽ എന്തുകൊണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റിലേതുപോലെ മികച്ച ഫാസ്റ്റ് ബൗളർമാർ ഉയർന്നു വരാത്തത്?.” അതിനദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. പാകിസ്ഥാൻ ടീമിൽ തുടർച്ചയായി മികച്ച ബാറ്സ്മാന്മാരില്ലല്ലോ അതുപോലെ ഓരോ രാജ്യത്തിനും ശക്തിയും ദൗർബല്യവും ഉണ്ട്.”

സത്യമാണ്, ഉപഭൂഖണ്ഡത്തിനു വെളിയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിരയിലൂടെ പലപ്പോഴും എതിർ ടീമിന്റെ ഫാസ്റ്റ് ബൗളർമാർ ഭീതിപടർത്തിക്കൊണ്ടു കടന്നുപോകുമ്പോൾ ഓരോ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകനും മനസ്സിൽ ഒരു നൂറുവട്ടമെങ്കിലും ചോദിച്ചിരിക്കും മേൽപറഞ്ഞ ചോദ്യം. ഇന്ത്യയിൽ എന്തുകൊണ്ടാണ് മികച്ച ഫാസ്റ്റ് ബൗളർമാർ ഉദയം ചെയ്യാത്തത്. മുഹമ്മദ്‌ നിസാർ, കപിൽ ദേവ് പോലെ ഒരുചില പേരുകൾ മനസ്സിൽ കടന്നുവന്നേക്കാം, പക്ഷേ ബാറ്റ്സ്മാന്മാരുടെ നട്ടെല്ലിലൂടെ ഭീതിയുടെ തണുപ്പ് സമ്മാനിക്കുന്ന ഒരു ബൌളിംഗ് യൂണിറ്റ് എന്നും ഇന്ത്യൻ ആരാധകരുടെ സ്വപ്നമായിരുന്നു.

പക്ഷേ കാലങ്ങൾ കടന്നുപോകുമ്പോൾ ആ അവസ്ഥയ്ക്കു മാറ്റം സംഭവിക്കുകയാണ്. ഒരു കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്പിൻ ബൗളർമാർക്കുവേണ്ടി പന്തൊരുക്കാൻ മാത്രം വിധിക്കപ്പെട്ട അവസ്ഥയിൽനിന്നും ഇന്ത്യയിൽ നടക്കുന്ന ഒരു ടെസ്റ്റ്‌ മത്സരത്തിലെ ഇരുപതു വിക്കെറ്റുകളും വീഴ്‌ത്തുന്ന നിലയിലേക്ക് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ വളർന്നിരിക്കുന്നു. മുൻകാലങ്ങളിൽ തങ്ങളുടെ നാട്ടിലേക്കു പരമ്പരകൾക്കായി വരുന്ന ഇന്ത്യൻ ടീമിനെ പച്ചപുതച്ച പിച്ചുകളൊരുക്കി വരവേറ്റിരുന്ന വിദേശരാജ്യങ്ങൾ ഇന്നു രണ്ടുവട്ടം ചിന്തിക്കേണ്ട അവസ്ഥയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. മുൻപ് തങ്ങൾ ഉപയോഗിച്ചിരുന്ന തന്ത്രം ഇപ്പോൾ തിരിച്ചടിയായേക്കുമോ എന്ന് ചിന്ത അവരെ തീർച്ചയായും അലട്ടുന്നുണ്ടാകും.

അത്ര വിനാശകരമാണ് ഇന്ന് ഇന്ത്യൻ ഫാസ്റ്റ് ബൌളിംഗ് ഡിപ്പാർട്ടമെന്റ്. ഏതൊരു ബാറ്സ്മാനും ഭയക്കുന്ന യോർക്കർ എന്ന വജ്രായുധം നൂറ്റിനാല്പതു കിലോമീറ്റർ വേഗതയിൽ വർഷിക്കാൻ ശേഷിയുള്ള ബൗളർമാർ. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, നവദീപ് സൈനി, മുഹമ്മദ്‌ ഷമി എന്നിവർക്കൊപ്പം ഇഷാന്തും ഉമേഷും ദീപക് ചഹാറുമൊക്കെ അണിനിരക്കുമ്പോൾ ഇന്നു ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിരയാവുകയാണ് ഇന്ത്യയുടേത്.

ടീം ഇന്ത്യയുടെ കഴിഞ്ഞ ഹോം സീസണിൽ ഏറ്റവുമധികം കയ്യടികൾ വാങ്ങിയതും ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരായിരുന്നു. പ്രത്യേകിച്ച് അവസാനം നടന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ഡെത്ത് ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ നടത്തിയ പ്രകടനം അത്രയേറെ മികച്ചതായിരുന്നു. ഫാസ്റ്റ് ബൗളിങ്ങിന്റെ പറുദീസയായ ന്യൂസിലാൻഡിലേക്കു മറ്റൊരു പര്യടനത്തിനായി ഇന്ത്യൻ ടീം തയ്യാറെടുക്കുമ്പോൾ ഇന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതും നമ്മുടെ പേസ് ബൗളർമാരുടെ പ്രകടനമാകും.

കാരണം, സുനിൽ ഗവാസ്കറിന്റെ വാക്കുകൾ ഇന്ന് അപ്രസക്തമായിരിക്കുന്നു. ഫാസ്റ്റ് ബൌളിംഗ് ഇപ്പോൾ ഇന്ത്യക്കൊരു ദൗര്ബല്യമല്ല.

Leave a comment