ന്യൂസിലൻഡ് സഞ്ജുവിനു ഭാഗ്യം നൽകുമോ?
വീണ്ടുമൊരിക്കൽക്കൂടി പരിക്ക് സഞ്ജുവിനു ടീമിലേക്കുള്ള വഴി തെളിയിക്കുകയാണ്. ന്യൂസിലാൻഡ് പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്ന ശിഖർ ധവാനു സംഭവിച്ച പരിക്ക് ഇടംകൈയൻ ഓപ്പണർക്കു വിനയായപ്പോൾ അദ്ദേഹത്തിനു പകരം ടി ട്വന്റി ടീമിൽ സഞ്ജു സാംസണും ഏകദിന ടീമിൽ പൃഥ്വി ഷായും ഇടം നേടി. അങ്ങനെ ഒരിക്കൽക്കൂടി ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ സഞ്ജുവിനു മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നു.
സൂര്യകുമാർ യാദവിനെപ്പോലെ ഒരു താരം മിന്നുന്ന ഫോമിലുണ്ടായിരുന്നിട്ടും അദ്ദേഹത്തെ തഴഞ്ഞു സഞ്ജുവിനെ ടീമിലെടുക്കാൻ സെലെക്ടർമാരെ പ്രേരിപ്പിച്ചത് തീർച്ചയായും ഒന്നാം വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു കഴിഞ്ഞ സീരീസിൽ സംഭവിച്ച പരിക്കായിരിക്കുമെന്നതിൽ സംശയമില്ല. പന്തിനു പകരം വിക്കറ്റ് കീപ്പിങ് ചുമതല നിർവഹിച്ച ലോകേഷ് രാഹുൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും അദ്ദേഹത്തിനു മുകളിലുള്ള ഭാരം കുറയ്ക്കാൻ സെലക്ടർമാർ തീരുമാനിച്ചിരിക്കാം.
ഋഷഭ് പന്തിനു സംഭവിച്ച പരിക്ക് ഭേദമായിട്ടില്ലെങ്കിൽ മാത്രമേ സഞ്ജുവിന് ആദ്യ ഇലവനിൽ ഇടം ലഭിക്കാൻ സാധ്യതയുള്ളൂ. എങ്കിലും നിലവിൽ ഇന്ത്യൻ എ ടീമിനൊപ്പം ന്യൂസിലാൻഡ് സാഹചര്യങ്ങളിൽ മത്സരങ്ങൾ കളിച്ചു എന്നതും ചേർത്തുവായിക്കുമ്പോൾ സഞ്ജുവിന്റെ സാദ്ധ്യതകൾ കൂടുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ ഹോം സീരീസുകളിൽ തുടർച്ചയായി ടീമിൽ ഉൾപ്പെട്ടെങ്കിലും ഒരേയൊരു മത്സരത്തിൽ മാത്രമേ ഇലവനിൽ ഇടം ലഭിച്ചുള്ളൂ എന്ന ഘടകവും ഒരു പക്ഷേ സഞ്ജുവിനു അനുകൂലമായി ഭവിച്ചേക്കാം.
സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ഒരു കാലഘട്ടത്തിലൂടെയാണ് അയാൾ ഇപ്പോൾ കടന്നുപോകുന്നത്. തുടർച്ചയായി സ്‌ക്വാഡിൽ ഇടം ലഭിക്കുന്നുണ്ടെങ്കിലും ഇലവനിൽ സ്ഥാനം ലഭിക്കാത്തത് ഒരു കളിക്കാരന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചേക്കാം. അത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോകുന്ന കളിക്കാരന് ഏറ്റവുമധികം എതിരാളിയാവുക അയാൾ തന്നെ സൃഷ്ടിക്കുന്ന സമ്മർദ്ദമാകും. ലഭിക്കുന്ന അവസരങ്ങളിൽ അത്തരമൊരു സമ്മർദ്ദത്തിനും അടിപ്പെടാതെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കുകയാണെങ്കിൽ തീർച്ചയായും സഞ്ജുവിന്റെ ടീമിലെ സ്ഥാനം സുരക്ഷിതമാകും.
ഓസ്ട്രേലിയയെപ്പോലൊരു ശക്തമായ ടീമിനെതിരെ വിജയിച്ച ടീമിൽ മാറ്റങ്ങൾ വരുത്താൻ നായകൻ വിരാട് കോഹ്ലി തയ്യാറാകുമോയെന്നതും ചോദ്യമാണ്. വിക്കെറ്റ് കീപ്പിങ് ചുമതല രാഹുലിന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നില്ലയെങ്കിൽ തീർച്ചയായും ആദ്യ ഇലവനിലെ സ്ഥാനത്തിനായി സഞ്ജു കാത്തിരിക്കേണ്ടി വരും. പക്ഷേ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ നിർണായക ലീഡ് നേടാൻ ഇന്ത്യക്കു കഴിഞ്ഞാൽ സഞ്ജുവിന് ന്യൂസിലാൻഡിൽ കളിക്കാൻ സാധിച്ചേക്കും. തനിക്കു ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാൻ സഞ്ജുവിനു സാധിക്കട്ടെ.






































