Cricket Editorial Top News

ടീം ഇന്ത്യയെ കാത്തിരിക്കുന്ന വെല്ലുവിളികൾ

January 21, 2020

author:

ടീം ഇന്ത്യയെ കാത്തിരിക്കുന്ന വെല്ലുവിളികൾ

പുതിയ ലക്ഷ്യങ്ങൾക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം. വിൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക മുതലായ ടീമുകൾക്കുമേൽ ഇന്ത്യ നേടിയ വിജയങ്ങളെ പരിഹസിച്ചവർക്കുള്ള ചുട്ട മറുപടിയായിരുന്നു കരുത്തരായ ഓസ്ട്രേലിയൻ നിരയ്‌ക്കെതിരെ ആദ്യ മത്സരം പരാജയപ്പെട്ടിട്ടും തിരിച്ചുവന്നു നേടിയ ഏകദിന പരമ്പര. ലോകത്തിലെ ഏതൊരു ടീമും ഒരുതവണയെങ്കിലും പരാജയപെടുത്താൻ ആഗ്രഹിക്കുന്ന ടീമായി മാറിയിരിക്കുന്നു ടീം ഇന്ത്യ.

പക്ഷേ പുതുതായി ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു വൻ വെല്ലുവിളിയാണ്. പക്ഷേ ഈ ടീമും ആരാധകരും ഏറ്റവുമധികം ആഗ്രഹിക്കുന്ന വിജയവും ഇതായിരിക്കും. ഏറെ പ്രതീക്ഷയോടെ കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യയുടെ കണ്ണുനീർ വീഴ്ത്തിയ കിവികളെ അവരുടെ സ്വന്തം നാട്ടിൽ ചെന്നു പരാജയപ്പെടുത്തുക എന്നതിനേക്കാൾ വലിയൊരു പ്രതികാരം ഇന്ത്യൻ ടീമും ആഗ്രഹിക്കുന്നുണ്ടാകില്ല.

അതിനുള്ള സുവർണാവസരമാണ് ഇന്ത്യക്കു കൈവന്നിരിക്കുന്നത്. ഈ മാസം ഇരുപത്തിനാലാം തീയതി ആരംഭിക്കുന്ന ടി ട്വന്റി പരമ്പര മുതൽ ഈ വർഷത്തെ ആദ്യ വിദേശപര്യടനത്തിനായി ടീം ന്യൂസിലാൻഡിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം തുടരുന്നു ടീം ഇന്ത്യക്ക് ലോകകപ്പ് സെമി ഫൈനൽ തോൽവിയുടെ കണക്കു തീർക്കാൻ സാധിക്കുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

പക്ഷേ ന്യൂസിലാൻഡിൽ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. കിവികളെ അവരുടെ നാട്ടിൽ തോൽപ്പിക്കുകയെന്നത് കഠിനമായ ഒരു കാര്യമാണ്. ഇന്ത്യൻ ബാറ്സ്മാന്മാരെ എക്കാലവും കുഴയ്ക്കുന്ന ന്യൂസിലൻഡിലെ പിച്ചും ബൗളർമാരും തന്നെയാകും ഇന്ത്യൻ ടീമിനു പ്രധാനമായും വെല്ലുവിളി സൃഷ്ടിക്കുക. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ്‌ പരമ്പര നഷ്ടമായെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ ന്യൂസിലണ്ട ഇപ്പോഴും മികച്ചു നില്കുന്നു. കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ എന്നിവരടങ്ങുന്ന ബാറ്റിങ് നിര ഏതു ബൌളിംഗ് നിരയെയും തകർക്കാൻ പ്രാപ്തമാണ്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിന്റെ ഫൈനലിലെ ദൗർഭാഗ്യം കൊണ്ടുമാത്രം കിരീടം നഷ്ടമായ ടീമിനെ എഴുതിത്തള്ളാൻ ഒരിക്കലും സാധിക്കില്ല.

ടിം സൗത്തീ, ട്രെൻഡ് ബോൾട്, നീൽ വാഗ്നർ മുതലായവർ അണിനിരക്കുന്ന കിവി ബൌളിംഗ് നിര എന്തിനും പോന്നതാണ്. ബുംറ, ഷമി, സൈനി മുതലായ ഇന്ത്യൻ ഫാസ്റ്റ് ബൌളിംഗ് നിരയോട് ഏതു സാഹചര്യത്തിലും കിടപിടിയ്ക്കുന്ന പ്രകടനം ഇവരിൽ നിന്നും പ്രതീക്ഷിക്കാം.

ഇന്ത്യക്കും കിവീസിനും ഒരുപോലെ നിർണായകമാണ് ഈ പരമ്പര. ഇന്ത്യക്ക് ഇതു കണക്കു തീർക്കുവാനുള്ള അവസരമാണെങ്കിൽ ലോകകപ്പിൽ നേടിയ വിജയം വെറുമൊരു അബദ്ധമല്ലെന്നു തെളിയിക്കുകയാവും കിവികളുടെ ലക്ഷ്യം.

Leave a comment