Cricket Editorial Top News

വിജയം നൽകുന്ന പാഠങ്ങൾ

January 20, 2020

author:

വിജയം നൽകുന്ന പാഠങ്ങൾ

പരമ്പര വിജയങ്ങളുടെ പുസ്തകത്തിൽ മഹത്തായ ഒരധ്യായം കൂടി ടീം ഇന്ത്യ എഴുതിച്ചേർത്തിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മൂന്നു ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരത്തിൽ പത്തു വിക്കറ്റിന്റെ വൻ തോൽവി വഴങ്ങിയ ടീം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ തിരികെ വന്നു. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങൾ വിജയിച്ച ഇന്ത്യ ആരാധകരുടെ ആശങ്കകളെയും അകറ്റി.

കളിക്കളത്തിൽ വിജയമെന്നത് മധുരമായ ഒരു അനുഭൂതിയാണ് ആർക്കെതിരെയായാലും അതിനു മാറ്റമുണ്ടാകാറില്ല. പക്ഷേ കഴിഞ്ഞ മാസങ്ങളിൽ വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ശ്രീ ലങ്ക തുടങ്ങിയ ടീമുകൾക്കെതിരെ ഇന്ത്യൻ ടീം നേടിയ വിജയങ്ങൾക്ക് ഒട്ടേറെ വിമർശകർ ഉണ്ടായിരുന്നു. മികച്ച ഒരു ടീമിനെതിരെ ഇന്ത്യക്ക് ഈ വിജയം ആവർത്തിക്കാൻ കഴിയില്ലെന്ന ചിലർ പരിഹാസശരങ്ങളെറിഞ്ഞു. ഇതിനു മുന്നേ ഓസീസ് മണ്ണിൽനിന്നും ഇന്ത്യ ടെസ്റ്റ്‌ പരമ്പര വിജയവുമായി മടങ്ങിയപ്പോൾ അത് സ്മിത്തും വാർണറും ഇല്ലാതിരുന്നതിനാൽ ആണെന്നു വിമർശിച്ചവരും ധാരാളമുണ്ടായിരുന്നു.

പക്ഷേ ഇന്നലെ നേടിയ ആധികാരിക ജയത്തോടെ അവർക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് വിരാടും സംഘവും. പൂർണശക്തരായ ഓസീസ് നിരയ്‌ക്കെതിരെ, ആദ്യമത്സരം പത്തു വിക്കറ്റിനു പരാജയപ്പെട്ട സമ്മർദ്ദം തലയ്ക്കു മുകളിൽ വാളുപോലെ തൂങ്ങിനിൽക്കവേ ഒരു അനായാസവിജയം. ബുമ്രയും ഷമിയുമടക്കമുള്ള ബൗളർമാരുടെ മാസ്മരിക പ്രകടനത്തിന് സെഞ്ചുറിയുമായി ഹിറ്റമാനും അർ്ധസെഞ്ചുറിയുമായി നായകൻ വിരാട് കോഹ്ലിയും പൂർണത നൽകിയപ്പോൾ ഏറെക്കാലമായി ഇന്ത്യൻ ബാറ്റിങ് ഓർഡറിന് തലവേദനയായിരുന്ന നാലാം നമ്പരിൽ ശ്രേയസ് അയ്യരുടെ മിന്നൽ പ്രകടനം. അതും മിച്ചൽ സ്റ്റാർക്, കമ്മിൻസ്, ഹാസെൽവുഡ് എന്നീ ലോകോത്തര ബൌളിംഗ് നിരയ്‌ക്കെതിരെ. സമീപകാലത്തു ഇന്ത്യൻ ആരാധകരെ ഏറ്റവുമധികം സന്തോഷിപ്പിച്ച ഒരു ടീം വിജയം. അങ്ങനെ വിശേഷിപ്പിക്കാം ഇന്ത്യയുടെ ഇന്നലത്തെ വിജയത്തെ.

പത്തു വിക്കറ്റിനു തോറ്റ ആദ്യ മത്സരംഒഴിച്ചുനിർത്തിയാൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യൻ താരങ്ങൾക്കെല്ലാം മികച്ച ഒരു പരമ്പരയാണ് അവസാനിച്ചത്. കൊഹ്ലിയുടെയും രോഹിതിന്റെയും ധവാന്റെയും ഫോമും പരിക്കിൽനിന്നും മുക്തനായി ബുമ്രയുടെ തിരിച്ചുവരവും വിക്കറ്റുകൾ വീഴ്ത്തുന്നതിൽ ഷമി കാട്ടുന്ന മികവും എല്ലാം അതിലുണ്ട്. പക്ഷേ എല്ലാത്തിനും മേലെ സന്തോഷം നൽകുന്നത് രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും മികവാണ്. പന്തിനു പകരം വിക്കറ്റ് കീപ്പർ റോൾകൂടി ചെയ്യാൻ തനിക്കാകുമെന്ന് രാഹുൽ തെളിയിച്ചതോടെ അവശ്യഘട്ടങ്ങളിൽ ഒരു ബാറ്റ്സ്മാനെയോ ബൗളറെയോകൂടി ഉൾപെടുത്താനുള്ള സ്വാതന്ത്ര്യം വിരാട്ടിനു ലഭിച്ചിരിക്കുന്നു. വരുന്ന ന്യൂസിലാൻഡ് പര്യടനത്തിൽ അതു തീർച്ചയായും ടീമിന് ഗുണം ചെയ്യും.

Leave a comment