Editorial Foot Ball Top News

വിജയം തുടരാൻ ബ്ലാസ്റ്റേഴ്‌സ്, വിജയം തുടങ്ങാൻ ജാംഷെഡ്പൂർ

January 19, 2020

author:

വിജയം തുടരാൻ ബ്ലാസ്റ്റേഴ്‌സ്, വിജയം തുടങ്ങാൻ ജാംഷെഡ്പൂർ

പുതുവർഷത്തിൽ പുത്തനുണർവോടെ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് നാം കണ്ടത്. 2019ൽ തുടർച്ചയായ പരാജയങ്ങളും സമനിലകളും കണ്ട ടീം പക്ഷേ ഈ വർഷം കളിച്ച രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയിരുന്നു. ലീഗിൽ പോയൻറ് പട്ടികയിൽ മുന്നിലേക്കു കയറാൻ സാധിച്ചു എന്നതു മാത്രമല്ല ഈ വിജയങ്ങൾ കൊണ്ടു ബ്ലാസ്റ്റേഴ്‌സിന് നേട്ടമായി ഭവിച്ചത്. ടീമിന്റെയും ആരാധകരുടെയും ആത്മവിശ്വാസം വാനോളമുയർത്താനും ഈ വിജയങ്ങൾക്കു സാധിച്ചു.

ഈ വർഷത്തെ ആദ്യമത്സരത്തിൽ പോയൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്. സിയെ കൊച്ചിയിൽ വെച്ചു ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു തകർത്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് പുതു വർഷം ആഘോഷിച്ചതെങ്കിൽ ആ വിജയം നല്കിയതിലേറെ ആത്മവിശ്വാസം കരുത്തരായ എ. ടി. കെയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയപ്പോൾ ടീമിന് ലഭിച്ചിരിക്കണം. ആ ആത്മവിശ്വാസം കൈമുതലാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് മറ്റൊരു എവേ മത്സരത്തിൽ ഇന്നു ജംഷഡ്പൂർ എഫ്‌സിയെ നേരിടാനിറങ്ങുക.

ഗോളുകൾ കണ്ടെത്താൻ തുടങ്ങി എന്നതു തന്നെയാകും ബ്ലാസ്റ്റേഴ്സിന് ഏറ്റവും ആശ്വാസകരമായ വസ്തുത. ഓഗ്‌ബച്ചേ, മെസ്സി ബൗളി എന്നിവർക്ക് പുറമെ മറ്റു താരങ്ങളും ഗോളടിക്കാൻ തുടങ്ങിയത് ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് കൂടുതൽ വ്യത്യസ്തത കൊണ്ടുവരുന്നു. ഡ്രോബറോവ്, സത്യാസെൻ സിങ്, ഹോളിചരൻ എന്നിവരും കഴിഞ്ഞ മത്സരങ്ങളിൽ കൊമ്പൻമാർക്കായി ഗോളുകൾ നേടിയിരുന്നു.

മിഡ് ഫീൽഡിലും പ്രതിരോധത്തിലും ടീം ഒരുപാടു മുന്നേറിയിരിക്കുന്നു. മരിയോ ആർകേസ് പരിക്കുമാറി തിരികെയെത്തിയത് ടീമിന്റെ പ്രകടനത്തിൽ പ്രതിഫലിക്കുന്നു. കൂടാതെ മുസ്തഫ, സഹൽ എന്നിവരും മികച്ച കളിയാണ് കാഴ്ചവെക്കുന്നത്. ജെസ്സൽ, സ്വിവർലോൺ, റാകിപ് മുതലായവർ അണിനിരക്കുന്ന പ്രതിരോധനിരയാകട്ടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽനിന്നായി ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.

കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ സമനിലയ്ക്കു ശേഷം കളിച്ച മൂന്നു മത്സരങ്ങളിലും തോൽവി സംഭവിച്ച ജംഷഡ്പൂർ ലീഗിൽ ഒരു തിരിച്ചുവരവിനായി ശ്രമിക്കുകയാണ്. നിലവിൽ പതിനൊന്നു മത്സരങ്ങളിൽനിന്നും പതിമൂന്നു പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്തുള്ള അവർക്ക് മുന്നോട്ടുള്ള യാത്രയിൽ ഇന്ന വിജയം അനിവാര്യമാണ്. സെർജിയോ കാസലിനും, പിറ്റിയ്ക്കും സംഭവിച്ച പരിക്കുകളാണ് അവർക്കു വിനയായത്. ഗൗരവ് മുഖി, ഫാറൂഖ് ചൗധരി, പുതുതായി ടീമിലെത്തിയ വിദേശതാരം ഡേവിഡ് ഗ്രാൻഡെ എന്നിവരുടെ പ്രകടനമാകും ടീമിന്റെ കരുത്ത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്നായി ആറു ഗോളുകൾ വഴങ്ങിയ ജംഷഡ്പൂർ പ്രതിരോധം തീർത്തും മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതാണ് അവരുടെ പരിശീലകൻ അന്റോണിയോ ഇറിയോണ്ടയെ ഏറെ ചിന്തിപ്പിക്കുക. എങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു മികച്ച പ്രകടനത്തോടെ ജംഷെഡ്പൂർ എഫ്‌സി വിജയവഴിയിലേക്കു തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a comment