ആവേശപ്പോരാട്ടത്തിൽ ആരു ജയിക്കും?.
റണ്ണൊഴുകുന്ന ചിന്നസ്വാമിയിൽ വിജയം ആർക്കൊപ്പമാകും?. ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടു ബാറ്റിങ് നിരകൾ തമ്മിലുള്ള പോരാട്ടത്തിൽ ആരാകും മുന്നിലെത്തുക?. ഏതൊക്കെ റെക്കോർഡുകളാകും ഇന്നു തകർക്കപ്പെടുക?.
ഇന്നു ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ vs ഓസ്ട്രേലിയ മൂന്നാം ഏകദിന മത്സരത്തിൽ ആരാധകർ ഉത്തരം കാത്തിരിക്കുന്ന ചോദ്യങ്ങൾ നിരവധിയാണ്. ലോക ഒന്നാം നമ്പർ ടീമും കഴിഞ്ഞ വർഷം ഏറ്റവുമധികം പുരോഗതി നേടിയ ടീമും തമ്മിലുള്ള മത്സരം പൊടിപാറുമെന്നത് ഉറപ്പാണ്.
മേൽപറഞ്ഞതുപോലെ ബാറ്റിങ് തന്നെയാണ് ഇരുടീമുകളുടേയും പ്രധാന ശക്തി. എങ്കിലും മികച്ച ഒരു മധ്യനിരയുടെ സാന്നിധ്യം ഓസ്ട്രേലിയയ്ക്കു മത്സരത്തിൽ അൽപം മുൻതൂക്കം നൽകുന്നുണ്ടെന്നു പറയാം. രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവരിൽ ഒരാൾ ഫോമായില്ലെങ്കിൽ വൻ സ്കോറുകൾ നേടാൻ സാധിക്കുന്നില്ല എന്ന പോരായ്മ ഇന്ത്യൻ ബാറ്റിങ്ങിനെ പിന്തുടരുന്നുണ്ട്. സീരീസിൽ ഇതുവരെ ഫോം കണ്ടെത്താത്ത ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും റൺ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ലോകേഷ് രാഹുൽ മാത്രമാണ് നിലവിൽ മധ്യനിരയിൽ സുസ്ഥിരമായ കളി കാഴ്ചവെക്കുന്നത്.
മറുവശത്തു കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആറിന് മുകളിൽ റൺ റേറ്റ് കണ്ടെത്താൻ സാധിച്ചു എന്നത് ചിന്നസ്വാമിയിൽ കളിക്കുമ്പോൾ ഓസ്ട്രേലിയൻ പടയ്ക്ക് കൂടുതൽ ആത്മവിശ്വാസം പകരും. ആദ്യമത്സരത്തിൽ സെഞ്ചുറി നേടിയ ഓപ്പണർമാരായ ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ എന്നിവരും കഴിഞ്ഞ മത്സരത്തിൽ തോൽവിയിലും മികച്ച പോരാട്ടം കാഴ്ചവെച്ച സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷാനെ എന്നിവരും മികച്ച ഫോമിലാണ്. കൂടാതെ അവസാന ഓവറുകളിൽ തകർത്തടിയ്ക്കാൻ ശേഷിയുള്ള അലക്സ് ക്യാരി, ആഷ്ടൺ ടേണർ തുടങ്ങിയവരുടെ സാന്നിധ്യവും ഓസീസ് ബാറ്റിങ് നിരയിലുണ്ട്.
ബൗളിങ്ങിൽ പക്ഷേ ഇന്ത്യ ഒരുപടി മുകളിലാണെന്നു പറയാം. ഫാസ്റ്റ് ബൗളർമാരായ ബുംറ, ഷമി, സൈനി എന്നിവർ മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തിൽ കാഴ്ചവെച്ചത്. സീരീസിലെ ആദ്യമത്സരത്തിൽ സംഭവിച്ചത് ഒരു റയർ ഫൈലുവർ ആണെന്നു ചിന്തിച്ചാൽ ഇന്ത്യൻ ബൗളിങ് ഓസീസിനെക്കാൾ മികച്ചതുതന്നെ. കഴിഞ്ഞ കളിയിൽ ഓരോവർ കൊണ്ടു മത്സരത്തിന്റെ ഗതി തീരുമാനിച്ച കുൽദീപ് യാദവും മോശമല്ല. അവസാന ഓവറുകളിൽ യോർക്കറുകൾ എറിയാൻ ഒരേപോലെ കഴിവുള്ള മൂന്നു ബൗളർമാർ ഇന്ത്യയുടെ കരുത്താണ്. മറുവശത്തു മിച്ചൽ സ്റ്റാർക്, കമ്മിൻസ് എന്നിവർക്കൊപ്പം ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയ്ക്കു പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ലെഗ് സ്പിന്നർ ആദം സാമ്പാ എന്നിവരുടെ പ്രകടനമാകും ശ്രദ്ധേയമാവുക.
ഒരേപോലെ മികവുപുലർത്തുന്ന രണ്ടു ടീമുകളുടെ പോരാട്ടമാണിന്ന്. അതിനാൽ തന്നെ ആരാകും ജയിക്കുകയെന്ന പ്രവചിക്കുക അസാധ്യം. കാത്തിരിക്കാം ആ പോരാട്ടത്തിനായി.






































