മികവു തുടരുന്ന സിസ്‌കോയും സന്താനയും
ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുവർഷം തിരിച്ചുവരവുകളുടെതായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്. സിയും ചെന്നൈയിൻ എഫ്. സിയും തുടർച്ചയായ വിജയങ്ങളുമായി ലീഗിൽ മുന്നേക്കുള്ള യാത്രയിലാണ്. കഴിഞ്ഞ ദിവസം എ. ടി. കെയെ തകർത്ത ബ്ലാസ്റ്റേർസും ബെംഗളൂരു എഫ്. സിയെ പരാജയപ്പെടുത്തിയ മുംബൈയുമൊക്കെ ടോപ് ഫോറിലെത്താനുള്ള പ്രതീക്ഷകൾ സജീവമാക്കുന്ന്നുണ്ട്.
ഇവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ഒഡീഷ എഫ്. സിയുടെ പ്രകടനമാണ്. തുടർച്ചയായ നാലു വിജയങ്ങളുമായാണ് അവർ ലീഗിൽ മുന്നേറുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്. സിയെ 2-1 നു തകർത്താണ് ഒഡീഷ ലീഗിൽ തങ്ങളുടെ തുടർച്ചയായ നാലാം ജയം സ്വന്തമാക്കിയത്.
സ്പാനിഷ് താരങ്ങളായ അഡ്രിയാൻ സന്താനയുടെയും സിസ്കോ ഹെർണാണ്ടസിന്റെയും മികച്ച കളിയാണ് ഒഡീഷയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്.
മന്ദഗതിയിലായിരുന്ന കലിംഗ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണികൾ കാരണം പൂനെയിൽ കളിച്ച തങ്ങളുടെ ആദ്യമത്സരങ്ങളിൽ സംഭവിച്ച തോൽവികളുടെയും സമനിലകളുടെയും കഥ ഒഡീഷ മറന്നുകഴിഞ്ഞു. സിസ്‌കോയും സന്താനയും തുടരുന്ന ഗോളടിമികവ് തന്നെയാണ് ഈ കുതിപ്പിനു കാരണം. ലീഗിൽ ഒഡീഷ നേടിയ പത്തൊൻപതു ഗോളുകളിൽ പതിനാലിലും ഈ സ്പാനിഷ് താരങ്ങളുടെ പങ്കാളിത്തമുണ്ട്.
ലീഗിന്റെ തുടക്കത്തിൽ മന്ദഗതിയിലായിരുന്ന ഒഡീഷയുടെ യാത്ര കലിംഗ സ്റ്റേഡിയത്തിൽ പന്തു തട്ടാൻ തുടങ്ങിയതോടെയാണ് വേഗത പ്രാപിച്ചത്. പതിമൂന്നു കളികളിൽ നിന്നും ഒൻപതു ഗോളുകളുമായി ലീഗിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതാണ് സന്താന. അത്രതന്നെ കളികളിൽ നിന്നും അഞ്ചു ഗോളുകൾ നേടി സിസ്‌കോയും പിന്നിലുണ്ട്. ഇരുവരും തുടരുന്ന മികച്ച ഫോമിന്റെ പിൻബലത്തിൽ കുതിയ്ക്കുന്ന ഒഡീഷ ലീഗിലിപ്പോൾ നാലാം സ്ഥാനത്താണ്.
ലീഗിൽ ചർച്ചയായ എ. ടി. കെയുടെ റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് ദ്വയത്തോടൊപ്പം തന്നെ എതിരാളികൾക്കു പേടി സ്വപ്നമാവുകയാണ് ഒഡീഷയുടെ സ്പാനിഷ് ജോഡി. ലീഗിലെ പരിചയസമ്പത്തു സിസ്‌കോയ്ക്ക് മുതൽക്കൂട്ടാകുമ്പോൾ മികച്ച വേഗതയും സിസ്ക്കോയോടൊപ്പം മികച്ച ആശയവിനിമയം തുടരാൻ കഴിയുന്നതും സന്താനയെ ഒരു ടീം മാൻ ആക്കുകയാണ്. മാത്രമല്ല ഛേത്രിയും മികുവും അണിനിരന്ന ബംഗളുരുവിൽ കളിച്ചത്തിൽനിന്നും കുറച്ചു കൂടി മുന്നിലേക്കിറങ്ങി കളിക്കാൻ സിസ്കോയ്ക്കു സാധിക്കുന്നതും ഒഡീഷയ്ക്കു പ്രയോജനമായി.
ലീഗിൽ ഇനിയും ഒരുപാടുദൂരം ഒഡീഷയ്ക്കു സഞ്ചരിക്കേണ്ടതുണ്ട്. സന്താനയും സിസ്‌കോയും ഈ ഫോം തുടർന്നാൽ പക്ഷേ ലീഗിൽ അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ ഒഡീഷയ്ക്കു സാധിക്കും.






































