Cricket Editorial legends Top News

ധോണി യുഗം അവസാനിച്ചുവോ?

January 17, 2020

author:

ധോണി യുഗം അവസാനിച്ചുവോ?

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച അധ്യായത്തിന് അന്ത്യം കുറിക്കപ്പെട്ടുവോ?.

ഇന്നലെ പുറത്തുവിട്ട ബി.സി.സി.ഐ യുടെ പുതിയ സെൻട്രൽ കോൺട്രാക്ട് ലിസ്റ്റ് കണ്ട ഏതൊരു ക്രിക്കറ്റ്‌ ആരാധകന്റെയും ചോദ്യം ഇപ്രകാരം ആയിരിക്കും. ഇന്ത്യക്ക് രണ്ടു ലോകകപ്പ് വിജയങ്ങൾ സമ്മാനിച്ച മഹേന്ദ്രസിംഗ് ധോണി സെൻട്രൽ കോൺട്രാക്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ മുൻ ഇന്ത്യൻ നായകന് ഇനിയൊരു തിരിച്ചു വരവില്ലെന്നു കരുതുന്നവരും കുറവല്ല.

പക്ഷേ ഇതൊരിക്കലും അപ്രതീക്ഷിതമായ ഒരു വാർത്തയല്ല. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുശേഷം ഇതുവരെ ഒരു അന്താരാഷ്ട്ര മത്സരത്തിൽ പോലും ധോണി പാഡ് കെട്ടിയിട്ടില്ല. ധോണിയുടെ ടീമിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ബി.സി.സി.ഐയുടെ പുതിയ ലിസ്റ്റ് പുറത്തു വരുന്നതും.

ധോണി യുഗം അവസാനിച്ചോ?

അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തിൽ മഹേന്ദ്രസിങ് ധോണി വൈകാതെ തന്നെ ഏകദിന ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് ടീം കോച്ച് രവിശാസ്ത്രി സൂചന നൽകിയിരുന്നു. മുൻപേ തന്നെ ടെസ്റ്റ്‌ ഫോർമാറ്റിനോടു വിട ചൊല്ലിയ താരം ഒരുപക്ഷേ ഈ വർഷം നടക്കുന്ന ടി.ട്വൻറി ലോകകപ്പിൽ ടീമിലുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു അത്. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഐ.പി.എൽ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഇന്ത്യൻ ടീമിൽ വീണ്ടും ധോനിയെ കാണാൻ സാധിക്കുമെന്ന ചീഫ് സെലെക്ടർ എം.എസ്.കെ പ്രസാദിന്റെ പ്രസ്താവനയും ആരാധകർക്കു പ്രതീക്ഷ നൽകിയിരുന്നു.

സെൻട്രൽ കോൺട്രാക്ട് ലിസ്റ്റിൽ നിന്നും ഓഴിവാക്കപ്പെട്ടു എന്നതുകൊണ്ട് ഒരിക്കലും മഹേന്ദ്രസിംഗ് ധോണിയുടെ അന്താരാഷ്ട്ര കരിയർ അവസാനിച്ചു എന്ന് അർത്ഥമില്ല. ഒരു വർഷം മുഴുവൻ ടീമിൽ കളിക്കാൻ സാധ്യതയില്ല എന്നതും പുതുതായി പ്രതിഭകളെ ടീമിൽ എത്തിക്കേണ്ടതുണ്ട് എന്നതുമാകാം ധോനിയ്ക്കു കോൺട്രാക്ട് നൽകാതിരുന്നതിനു കാരണം. ആഭ്യന്തര മത്സരങ്ങളിൽ ജാർഘണ്ഡിനായി അദ്ദേഹം കളത്തിലിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായികഴിഞ്ഞു.

ഇന്ത്യൻ ടീം കണ്ട ഏറ്റവും മികച്ച വിക്കെറ്റ് കീപ്പർ ബാറ്സ്മാന്മാരിൽ ഒരാളാണ് ധോണി. അദ്ദേഹത്തിന് ഒരു പിൻഗാമിയെ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. പക്ഷെ കാലം കടന്നുപോകവേ അദ്ദേഹത്തിനും പകരക്കാരൻ ടീമിലെത്തിയേ തീരൂ. ആഭ്യന്തര ക്രിക്കറ്റിലെയും ഐ.പി.എല്ലിലെയും മികച്ച പ്രകടനങ്ങളുമായി മഹേന്ദ്രസിംഗ് ധോണി ഒരിക്കൽക്കൂടി ഇന്ത്യൻ ടീമിലേക്കെത്തുമെന്നു തത്കാലം പ്രതീക്ഷിക്കാം.

Leave a comment