Editorial Foot Ball Top News

ബാഴ്സയിലെ വാൽവർദേ യുഗം അവസാനിക്കുമ്പോൾ

January 16, 2020

author:

ബാഴ്സയിലെ വാൽവർദേ യുഗം അവസാനിക്കുമ്പോൾ

കഴിഞ്ഞ കുറച്ചു നാളുകളായി ബാഴ്സലോണ ആരാധകരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു പരിശീലകൻ ഏണസ്റ്റോ വാൽവർദേയുടെ പുറത്താക്കൽ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ ബാഴ്സലോണയുടെ പരിശീലകസ്ഥാനത്തു വാൽവർദേയുടെ സേവനം അത്ര പരിതാപകരമായിരുന്നു എന്നു പറയാൻ സാധിക്കില്ല. രണ്ടു സ്പാനിഷ് ലാ ലീഗ കിരീടങ്ങളും, ഒരു സൂപ്പർ കോപ ട്രോഫിയും അടക്കം പല കിരീടങ്ങളും അയാളുടെ കീഴിൽ ബാഴ്സലോണ നേടിയിട്ടുണ്ട്. എന്നിട്ടും വാൽവർദേയുടെ രക്തത്തിനായി ആരാധകർ ദാഹിച്ചെങ്കിൽ അതിനു വ്യക്തമായ കാരണങ്ങളും ഉണ്ട്.

ഭാവനാശൂന്യനായ പരിശീലകനായിരുന്നു വാൽവർദേ എന്ന അഭിപ്രായം ഭൂരിഭാഗം ഫുട്ബോൾ നിരീക്ഷകരും ഉയർത്തുന്നുണ്ട്. ബാഴ്സയിൽ തന്റെ പരിശീലക കാലഘട്ടത്തിൽ തുടക്കത്തിൽ മെസ്സി, സുവാരസ്, നെയ്മർ ത്രയവും പിന്നീട് മെസ്സി, സുവാരസ്, ഗ്രീസ്മാൻ ത്രയവും ക്ലബ്ബിന്റെ ഭാഗമായിരുന്നപ്പോൾ അവരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഗെയിം പ്ലാനുകളായിരുന്നു അയാൾ കളത്തിൽ ആവിഷ്കരിച്ചത്. പലപ്പോഴും അതു ബാഴ്സയ്ക്കു തിരിച്ചടിയാവുകയും ചെയ്തു. കഴിഞ്ഞ രണ്ടു യുവേഫ ചാംപ്യൻസ് ലീഗുകളിൽ ബാഴ്‌സയ്ക്ക് തിരിച്ചടിയായത് വാൽവർദേയുടെ തന്ത്രങ്ങളായിരുന്നു എന്നു പറയാം. മാത്രമല്ല ക്യാമ്പ്‌ നുവിന് പുറത്ത് സൂപ്പർ താരങ്ങളുടെ സാന്നിധ്യത്തിലും ബാഴ്സലോണ നിലവാരത്തിലും താഴ്‌ന്ന കളിയാണ് കാഴ്ചവെച്ചത്.

ലയണൽ മെസ്സിയെന്ന സൂപ്പർ താരത്തെ മാത്രം ആശ്രയിക്കുക.

വാൽവർദേയുടെ ഈ തന്ത്രത്തിന് ഏറ്റവുമധികം തിരിച്ചടിയേറ്റ വർഷമാകും 2019. ലാ ലീഗ സീസണിന്റെ തുടക്കത്തിൽ മെസ്സി പരിക്കേറ്റു വിശ്രമത്തിലായപ്പോൾ ടീം തുടർച്ചയായ പരാജയങ്ങളും സമനിലകളുമായി ലീഗിൽ തപ്പിത്തടഞ്ഞു. ചാംപ്യൻസ് ലീഗിൽ ലിവർപൂളിനെതിരെ ക്യാമ്പ്‌ ന്യൂവിൽ നേടിയ മൂന്നുഗോൾ ആനുകൂല്യം എവേ മത്സരത്തിൽ കളഞ്ഞുകുളിച്ച ബാഴ്സ പുറത്തേക്കുള്ള വഴി സ്വയം തെരഞ്ഞെടുത്തു.

മെസ്സി ടീമിൽ തിരിച്ചെത്തിയതോടെ അകന്നുനിന്ന വിജയങ്ങളും ബാഴ്‌സയെ തേടിയെത്തി. പക്ഷേ അപ്പോഴേക്കും വാൽവർദേയുടെ തന്ത്രങ്ങൾക്കു നേരെ വിമർശനങ്ങളും ഉയർന്നു തുടങ്ങിയിരുന്നു. മാൽകം, കൂട്ടീഞ്ഞോ തുടങ്ങിയ പല പ്രതിഭകളും ക്ളബ് വിട്ടുപോയതിനു കാരണം വാൽവർദേയുടെ സമീപനമാണെന്ന് അവർ ആരോപിച്ചു. അതിശയോക്തിയായി തോന്നാമെങ്കിലും അതിൽ യാഥാർഥ്യമുണ്ട്. വല്ലപ്പോഴും സംഭവിക്കുന്ന അൻസു ഫാതിമാരൊഴികെ വാൽവർദേയുടെ കാലത്ത് സൂപ്പർ താരങ്ങളിൽ ഒതുങ്ങിനിന്നു ബാഴ്സലോണയുടെ പ്രകടനങ്ങൾ. അവർ നിറം മങ്ങുമ്പോൾ അവിടെ കഴിയുന്നു വാൽവർദേയുടെ തന്ത്രങ്ങൾ. ലാ മാസിയ പോലൊരു പ്രതിഭാവിദ്യാലയം കൂടെയുള്ളപ്പോൾ അത്തരമൊരു നിലയിലേക്കു പതിയ്ക്കുന്ന ബാഴ്‌സലോണയെ ആരാധകർക്കു സങ്കൽപ്പിക്കാൻ സാധിച്ചിരിക്കില്ല. അതായിരുന്നു കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് സൂപ്പർ കപ്പ്‌ സെമിഫൈനലിൽ നാം കണ്ടത്. ക്യാമ്പ്‌ ന്യൂവിൽ വാൽവർദേയുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് വ്യക്തമാക്കിയ മത്സരമായിരുന്നു അത്.

ഒടുവിൽ മാനേജ്മെന്റ് ആരാധകരുടെ മുറവിളിയ്ക്കു ചെവികൊടുത്തിരിക്കുന്നു. വാൽവർദേയ്ക്കു പകരം ക്വികെ സെറ്റിയെൻ ആ സ്ഥാനത്തേക്കുവരുമ്പോൾ അത് എത്രവേഗം ബാഴ്സയുടെ കളിയിൽ മാറ്റം വരുത്തുമെന്നാകും ആരാധകരുടെ ചിന്ത.

Leave a comment