Cricket cricket worldcup Editorial Epic matches and incidents Top News

ബെൻ സ്റ്റോക്സിന്റെ 2019

January 15, 2020

author:

ബെൻ സ്റ്റോക്സിന്റെ 2019

കഴിഞ്ഞ വർഷം അയാൾക്കൊരു മാന്ത്രികന്റെ പരിവേഷമായിരുന്നു. ക്രിക്കറ്റിന്റെ ജന്മനാട് വർഷങ്ങളായി അനുഭവിച്ചിരുന്ന അപമാനത്തിന്, നാലു വർഷങ്ങൾക്കു മുന്നേ ക്രിക്കറ്റിന്റെ ലോകവേദിയിൽ തങ്ങളുടെ ദേശീയ ടീമിനു സംഭവിച്ച പതനത്തിന്റെ ബാക്കിപത്രമായ പരിഹാസങ്ങൾക്ക് ഇംഗ്ളീഷ് ജനത പകരം വീട്ടിയത് അയാളിലൂടെയാണ്. ബെഞ്ചമിൻ ആൻഡ്രൂ സ്റ്റോക്സ് എന്ന മനുഷ്യൻ കഴിഞ്ഞ വർഷത്തെ ഇംഗ്ലീഷ് വിജയങ്ങളുടെ പര്യായമാവുകയായിരുന്നു.

നിങ്ങൾ ലോകപ്രശസ്ത ഇംഗ്ലീഷ് നാടോടിക്കഥയായ “Jack and the Beanstalk” വായിച്ചിട്ടുണ്ടോ? കുടുംബത്തിലെ ദാരിദ്ര്യം മൂലം മാന്ത്രികമരത്തിലേറി രാക്ഷസന്റെ കൊട്ടാരത്തിലെത്തി നിധിയും പൊന്മുട്ടയിടുന്ന താറാവിനെയും കവർന്ന ബാലന്റെ കഥ?.

“I smell the blood of an Englishman:
Be he alive or be he dead,
I’ll grind his bones to make my bread.”

കുട്ടിക്കാലത്തു കേട്ട നാടോടിക്കഥയിലെ രാക്ഷസന്റെ ഈ വാക്കുകളായിരിക്കണം കഴിഞ്ഞ വർഷം ക്രിക്കറ്റ്‌ ലോകത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിനിറങ്ങുമ്പോൾ ബെൻ സ്റ്റോക്സിന്റെ കാതുകളിൽ മുഴങ്ങിയത്. ആ കഥയിലെ രാക്ഷസന്റെ രൂപമായിരിക്കണം താൻ നേരിട്ട ഓരോ ബൗളർമാരുടെ ഭാവങ്ങളിലും അയാൾ ദർശിച്ചത്. ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ എഴുപത്തിമൂന്നു റണ്ണുകൾക്ക് മൂന്നു മുൻനിര ബാറ്റ്സ്മാന്മാരെയും നഷ്ടമായപ്പോഴാണ് അയാൾ ക്രീസിലെത്തിയതെങ്കിൽ മുന്നൂറിലേറെ റണ്ണുകൾ എന്ന ഏതാണ്ട് അപ്രാപ്യമായ ഒരു ലക്ഷ്യത്തിനും ആഷസ് തോൽവിയ്ക്കുമിടയിലുള്ള നിർണായക യാത്രയുടെ നാലാം ദിവസം ക്രീസിൽ നിലയുറപ്പിച്ചിരുന്ന തന്റെ നായകനെ നഷ്ടമായശേഷമാണ് അയാൾ പോരാട്ടം തുടങ്ങിയത്. ലോകകപ്പ് ഫൈനൽ പോലൊരു നിർണായക മത്സരത്തിൽ അൻപതു പന്തുകളിൽ നിന്നും ഇരുപത്തിയൊൻപതു റണ്ണുകൾ നേടി ക്രീസിൽ നിന്ന അയാളെ ഇംഗ്ലീഷ് കാണികൾ മനസ്സിലെങ്കിലും ശകരവാക്കുകൾകൊണ്ട ആക്രമിച്ചിരിക്കും. പക്ഷേ മാസങ്ങൾക്കിപ്പുറം ആഷസ് പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ അൻപതു പന്തുകളിൽനിന്നും വെറും രണ്ടു റണ്ണുകൾ മാത്രം സ്വന്തം പേരിൽ കുറിച്ച ബെൻ സ്റ്റോക്സിൽ അതേ ആരാധകർ ഇംഗ്ലണ്ട് ടീമിന്റെ രക്ഷകനെ കണ്ടിരുന്നു. ആ വിശ്വാസമാണ് എല്ലാത്തിനും ഉപരിയായി ബെൻ സ്റ്റോക്സ് എന്ന് ഇംഗ്ലീഷ് മധ്യനിര ബാറ്സ്മാൻറെ 2019ലെ ഏറ്റവും വലിയ സമ്പാദ്യം.

ലോകകപ്പ് ഫൈനലിലും ആഷസ് മത്സരത്തിലും അയാളുടെ യാത്ര ഏതാണ്ട് ഒറ്റയ്ക്കായിരുന്നു. തനിക്കു ചുറ്റും തുടർച്ചയായി വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും അയാൾ വിജയം ലക്ഷ്യമാക്കി പ്രയാണം തുടർന്നു. നൂറ്റിതൊണ്ണൂറ്റിയാറ് റണ്ണുകൾക്ക് നാലു വിക്കറ്റ് എന്ന നിലയിൽ നിന്നും വെറും നാൽപ്പത്തിയഞ്ച് റണ്ണുകൾക്കിടയിൽ ബാക്കിയുള്ള ആറു വിക്കറ്റുകൾ നഷ്ടമാകുമ്പോഴും ഇംഗ്ലീഷ് നിരയെ തോൽ‌വിയിൽ നിന്നും കൈപിടിച്ചു കയറ്റുമ്പോഴും അവസാന വിക്കറ്റിൽ എണ്പത്തിയാറു റണ്ണുകൾ കൂട്ടിച്ചേർത്തു ടീമിന് അവിശ്വസനീയ വിജയം സമ്മാനിക്കുമ്പോഴും അയാൾ അവരുടെ രക്ഷകനാവുകയായിരുന്നു.

രണ്ടു സന്ദർഭങ്ങളിലും ഭാഗ്യം അയാൾക്കൊപ്പമായിരുന്നിരിക്കാം. അമ്പയർമാരുടെ ചില തീരുമാനങ്ങൾ അയാളെ സഹായിച്ചിരിക്കാം. ജോസ് ബട്ട്‌ലറെപ്പോലെ, ജേക് ലീച്ചിനെപ്പോലെ അയാൾക്കു തുണയായി ചില ഇന്നിംഗ്സുകൾ പിറന്നിരിക്കാം. പക്ഷേ രണ്ടു മത്സരങ്ങളുടെയും കാതൽ ബെഞ്ചമിൻ ആൻഡ്രൂ സ്റ്റോക്സ് എന്ന ആറടി ഉയരക്കാരൻ കെട്ടിയ ചെറുത്തു നിൽപ്പിന്റെ മതിലായിരുന്നു. കിവികൾക്കും കങ്കാരുക്കൾക്കും ഒരുപോലെ വിജയത്തിന്റെ മധുരഫലം നിഷേധിച്ച വൻമതിൽ.

ലോകത്തിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ്‌ മൈതാനങ്ങളിൽ ഒന്നാണ് ലോർഡ്‌സ്. ലോർഡ്സിലെ ബാൽക്കണിയിൽ നിന്നും നോക്കിയാൽ കാണുന്ന വൂസ്റ്റർ നദിയുടെ കാഴ്ച അതിമനോഹരമാണത്രെ. പക്ഷേ ആ ബാൽക്കണിയിൽ നിന്നുള്ള നോട്ടങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പൂർണത നൽകിയത് അയാളാണ്. ഐ.സി.സിയ്ക്ക് സ്റ്റോക്സ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കളിക്കാരനായിരിക്കാം, പക്ഷേ ഇംഗ്ലീഷ് ആരാധകർക്ക് അയാൾ ഒരു നാടോടിക്കഥയിലെ നായകനാണ്. സാധ്യതയുടെ വെറുമൊരു കച്ചിത്തുരുമ്പിലൂടെ സഞ്ചരിച്ച് അവർ ഏറ്റവുമധികം ആഗ്രഹിച്ച വിജയങ്ങൾ ഓരോന്നായി നേടികൊടുത്ത ഒരു മാന്ത്രികൻ.

Congratulations “Benjamin Andrew Stokes” aka “The Wizard of English.”

Leave a comment