Editorial legends Tennis Top News

ചരിത്രം കുറിക്കുന്ന സെറീന

January 14, 2020

author:

ചരിത്രം കുറിക്കുന്ന സെറീന

കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അന്ത്യ ഘട്ടത്തിൽ ടെന്നിസ് ലോകത്തു വാർത്തയായി മാറിയ രണ്ടു സഹോദരിമാർ. അവർ സഞ്ചരിക്കാത്ത നാടുകളില്ല. നേടാത്ത കിരീടങ്ങളില്ല. ലോകടെന്നിസ് ടൂർണമെന്റുകളിൽ ഫൈനലുകൾ അവർ പരസ്പരം ഏറ്റുമുട്ടയപ്പോൾ ഗ്രാൻഡ്സ്ലാമുകൾ അവരുടെ കുടുംബകാര്യമായി മാറി. ഡബിൾസിൽ ഇരുവരും കോർട്ടിന്റെ ഒരുവശത്തു നിന്നപ്പോൾ ഏതിർഭാഗത്ത അണിനിരന്നവർക്ക് നിരാശ മാത്രമായി ഫലം. ഒരുപാടു കാലം വില്യംസ് സഹോദരിമാരുടെ പേര് ലോക ടെന്നീസിൽ ഉയർന്നു കേട്ടിരുന്നു. പക്ഷേ അടുത്ത കാലത്തായി അവരിൽ സെറീനയുടെ പേരാണ് ലോകം ചർച്ച ചെയ്യുന്നത്.

1997ൽ ചിക്കാഗോ ഓപ്പൺ കിരീടം വിജയിച്ചു ടെന്നീസ് കിരീടങ്ങളുടെ ലോകത്തേക്കു കടന്നുവന്ന സെറീന ഇന്നും ആ യാത്ര തുടരുകയാണ്. 1999ൽ കന്നി ഗ്രാൻഡ്സ്ളാം കിരീടം സ്വന്തമാക്കിയ സെറീനയ്ക്കു രണ്ടാമതൊരു കിരീടനേട്ടത്തിനായി മൂന്നു വർഷം കാത്തിരിക്കേണ്ടിവന്നു. പക്ഷേ 2002ൽ നാലിൽ മൂന്നു ഗ്രാൻഡ്സ്ലാമുകളും വിജയിച്ചാണ് അവൾ തിരിച്ചുവന്നത്. പിന്നീടു സെറീന തിരിഞ്ഞുനോക്കിയിട്ടില്ല. ഇരുപത്തിമൂന്നു ഗ്രാൻഡ്സ്ളാം സിംഗിൾസ് കിരീടങ്ങൾ, ലോക ഒന്നാം നംബറിലെത്തുന്ന എറ്റവും പ്രായം കൂടിയ താരം, ഏറ്റവും നീളമേറിയ ഗ്രാൻഡ്സ്ളാം ടൈറ്റിൽ കരിയർ, ഗർഭിണിയായിരിക്കെ 2017ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവിജയം, 2018 വിമ്പിൾഡൺ ഫൈനലിലെത്തിയപ്പോൾ ഗ്രാൻഡ്സ്ളാം ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതാ താരമായി സെറീന. ഡബിൾസിലാകട്ടെ സഹോദരിയോടൊപ്പം പ്രവേശിച്ച പതിനാലു ഗ്രാൻഡ്സ്ളാം ഫൈനലുകളിലും വിജയം. വനിതാ ടെന്നീസിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിനുള്ള ഒരേയൊരു ഉത്തരമാണ് സെറീന. കൂടാതെ നാല് ഒളിമ്പിക്സ് സ്വർണമെഡലുകളും അവളുടെ ശേഖരത്തിനു മാറ്റു കൂട്ടുന്നു.

തുടർച്ചയായ നാലാം ദശാബ്ദത്തിലും സെറീന കിരീടവേട്ട തുടരുകയാണ്. അമ്മയായ ശേഷം 2018ൽ കളിക്കളത്തിലേക്കു തിരിച്ചുവന്ന അവൾ ഇതിനോടകം നാലു ഗ്രാൻഡ്സ്ളാം ഫൈനൽ പ്രവേശനം നേടിക്കഴിഞ്ഞു. കളത്തിലിറങ്ങുമ്പോൾ ആ പഴയ പത്തൊൻപതു വയസ്സുകാരിയുടെ വീറോടെതന്നെയാണ് അവൾ ഇപ്പോഴും പൊരുതുന്നത്. കഴിഞ്ഞ ദിവസം ഓക്ലൻഡിൽ നടന്ന എ.എസ്.ബി ക്ലാസ്സിക്‌ കിരീടത്തോടെ തന്റെ കരിയറിലെ എഴുപത്തിമൂന്നാം സിംഗിൾസ് കിരീടമാണ് അവൾ നേടിയത്. അമ്മയായശേഷം അവളുടെ ആദ്യ സിംഗിൾസ് കിരീടവും. തനിക്കു ലഭിച്ച സമ്മാനത്തുക ഓസ്ട്രേലിയയിലെ കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്നവർക്കു സംഭാവന ചെയ്ത അവൾ അവിടെയും ലോകത്തിനു മാതൃകയായി.

മുപ്പത്തിയെട്ടു വയസ്സുകൾ പിന്നിട്ടിരിക്കുന്നു സെറീന. പുതിയ ദശകത്തിൽ ഏറ്റവുമധികം ഗ്രാൻഡ്സ്ളാം സിംഗിൾസ് കിരീടങ്ങളുടെ റെക്കോർഡാണ് അവൾ ലക്ഷ്യമിടുന്നത്. ഇരുപത്തിമൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ അവൾക്കു മുന്നിൽ ഇരുപത്തിനാലു ട്രോഫികളുമായി മാർഗററ് കോർട്ട് മാത്രമാണുള്ളത്. ഈ പ്രായത്തിൽ അവൾക്കതിനു സാധിക്കുമോയെന്നു കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ.

തിരിച്ചുവരവുകളുടെ റാണിയാണ് സെറീന.

Leave a comment