ബ്ലാസ്റ്റേഴ്സ് vs എ. ടി. കെ മാച്ച് പ്രിവ്യു
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു സൂപ്പർ സൺഡേ ആണ്. ലീഗിലെ ഏറ്റവും ആവേശകരമായ റൈവൽറികളിൽ ഒന്നിനാണ് ഇന്ന് ലീഗ് സാക്ഷ്യം വഹിക്കുക. ചരിത്രപ്രസിദ്ധമായ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഇന്നു കേരള ബ്ലാസ്റ്റേഴ്സും എ. ടി. കെയും ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുന്ന പോരാട്ടമാകുമെന്നതിൽ യാതൊരു സംശയവും ഉണ്ടാകില്ല.
കേരള ബ്ലാസ്റ്റേഴ്സ് – എ. ടി. കെ ടീമുകൾ തമ്മിലുള്ള വാശിയുടെ കണക്കുകൾക്ക് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആദ്യ സീസണിൽ കലാശപ്പോരാട്ടത്തിൽ അവസാന നിമിഷം മുഹമ്മദ് റഫീഖ് നേടിയ ഗോളിൽ എ. ടി. കെ കിരീടവിജയം നേടിയതു മുതൽ ബ്ലാസ്റ്റേഴ്സ് കണക്കുകൾ തീർക്കാനായി കാത്തിരിക്കുന്നു. ഒരു വർഷത്തിനു ശേഷം വീണ്ടും ഒരിക്കൽക്കൂടി ഇരുടീമുകളും ഫൈനലിൽ മുഖാമുഖം വന്നു. പക്ഷേ ഇത്തവണ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കൊൽക്കൊത്തയോടു പരാജയപ്പെടാനായിരുന്നു ബ്ളാസ്റേഴ്സിന്റെ വിധി.
സൂപ്പർ ലീഗിന്റെ മൂന്നാം സീസണുശേഷം പക്ഷേ ഇരുടീമുകൾക്കും അത്ര നല്ല സമയമായിരുന്നില്ല. പിന്നീടൊരിക്കലും ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കാൻ ഇരുടീമുകൾക്കും സാധിച്ചിട്ടുമില്ല. ഇത്തവണ അതിനു പരിഹാരം കാണാൻ ഉറച്ചുതന്നെയായിരുന്നു ഇരു ടീമുകളും ലീഗിൽ മത്സരങ്ങൾക്കായി ഇറങ്ങിയത്. അതിൽ ആദ്യവിജയം ബ്ലാസ്റ്റേഴ്സിനായിരുന്നു. ഇരു ടീമുകളും തമ്മിൽ കൊച്ചിയിൽ വെച്ചു നടന്ന ഉദ്ഘാടന മത്സരത്തിൽ നായകൻ ഓഗ്ബച്ചേ നേടിയ ഇരട്ടഗോളുകളുടെ പിൻബലത്തിൽ ബ്ലാസ്റ്റേഴ്സ് 2-1 എന്ന സ്കോറിൽ വിജയിച്ചു.
പക്ഷേ പിന്നീടങ്ങോട്ട് ഇരുടീമുകളും വിപരീതദിശയിലേക്കാണ് സഞ്ചരിച്ചത്. പിന്നീടൊരു വിജയം നേടാൻ ബ്ലാസ്റ്റേഴ്സ ഒൻപതു മത്സരങ്ങൾ കാത്തിരുന്നപ്പോൾ എ.ടി.കെ തുടർ വിജയങ്ങളുമായി ലീഗിൽ ഒന്നാമതെത്തി. ഓസ്ട്രേലിയൻ ലീഗിൽ ഗോളടിച്ചുകൂട്ടിയ ഡേവിഡ് വില്യംസും റോയ് കൃഷ്ണയും തങ്ങളുടെ ഫോം ഐ. എസ്. എലിലും തുടർന്നപ്പോൾ തങ്ങളുടെ പ്രമുഖ താരങ്ങളുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാകുന്നതാണ് നാം കണ്ടത്.
വില്യംസിലൂടെയും കൃഷ്ണയിലൂടെയും തമിഴ്നാട്ടുകാരൻ സൂസൈരാജിലൂടെയും തങ്ങളുടെ ഗോൾമുഖത്തെയ്ക്കു വരുന്ന എ. ടി. കെ ആക്രമണങ്ങളെ എത്രമാത്രം ചെറുക്കാൻ സാധിക്കും എന്നതിനെ ആശ്രയിച്ചാകും ബ്ലാസ്റ്റേഴ്സിന്റെ ജയസാധ്യതകൾ. ലീഗിൽ ഇതുവരെ പതിമൂന്നു ഗോളുകൾ നേടിക്കഴിഞ്ഞ ഇരുവരെയും തടയണമെങ്കിൽ മുഹമ്മദ് റാകിപ്, ജെസ്സെൽ, രാജു ഗെയ്ക്വാദ്, അബ്ദുൽ ഹക്കു മുതലായവർ അണിനിരക്കുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധം നന്നായി വിയർപ്പൊഴുക്കേണ്ടിവരും.
ഫോമിലുള്ള റാഫേൽ മെസ്സിബൗളിയും നായകൻ ഓഗ്ബച്ചേയുമാകും ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ കരുത്ത്. പക്ഷേ ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന മിഡ്ഫീൽഡ് മാസ്റ്റർ മരിയോ അർക്കസിനു കൂടുതൽ മത്സരങ്ങളിലും കളിക്കാൻ സാധിക്കാഞ്ഞത് സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടയെ പ്രതികൂലമായി ബാധിച്ചിരുന്നു. എങ്കിലും പുതുവർഷത്തിൽ ഹൈദരാബാദ് എഫ്. സിയ്ക്കെതിരെ നേടിയ വൻ വിജയം നൽകിയ ഊർജവുമായാവും ബ്ലാസ്റ്റേഴ്സ് സാൾട്ട് ലേകിൽ പന്തുതട്ടാനിറങ്ങുക.






































