പ്രായത്തെ വെല്ലുന്ന സ്ലാട്ടൻ
“വയസ്സനാലും ഉൻ അഴകും സ്റ്റൈലും ഉന്ന വിട്ടു പോകല”
ഇറ്റാലിയൻ സീരി എ ലീഗിൽ ഇന്നലെ നടന്ന എ. സി മിലാൻ കാഗ്ളിയാരി മത്സരത്തിൽ സ്ലാട്ടൻ ഇബ്രാഹിമോവിച് നേടിയ ഗോൾ കണ്ടവർ ഒരുപക്ഷേ ഇതുപോലെ ചിന്തിച്ചിരിക്കും. കാരണം അത്രയേറെ അനായാസമായാണ് എ. സി മിലാനായി ബൂട്ടുകെട്ടിയ സ്വീഡിഷ് താരം തന്നിലേക്കെത്തിയ ആ പാസ് ഗോളിയെയും മറികടന്നു വലയ്ക്കുള്ളിൽ എത്തിച്ചത്. തുടർച്ചയായ നാലാമത്തെയും ദശകത്തിൽ ലോകത്തെ ടോപ് ഫൈവ് ലീഗുകളിൽ ഒന്നിൽ ഗോൾ നേടിയ സ്ലാട്ടൻ പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രമാണെന്നത് നമ്മെ ഓർമിപ്പിക്കുകയാണ്.
എന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്ന ഒരു കരിയറായിരുന്നു അയാളുടേത്. ലോകത്തിലെ ഏതു ലീഗിലും ഒരുപോലെ തിളങ്ങുന്ന താരമാണ് താനെന്നു തെളിയിച്ചിട്ടും പലപ്പോഴും അയാളുടെ പെരുമാറ്റവും വാക്കുകളും ഫുട്ബോൾ ലോകത്തിനു ദഹിയ്ക്കുന്നതായിരുന്നില്ല. പക്ഷേ അതേ വീറും വാശിയുമായിരുന്നു കളിക്കളത്തിലും ജീവിതത്തിലും അയാളുടെ കരുത്ത്. ഒരിക്കൽ ഒരു കാറപകടത്തിന്റെ തന്നോടു തർക്കിച്ച ഹെലേന സീഗർ എന്ന് പെൺകുട്ടിയെ തന്റെ ജീവിതസഖിയാക്കിയതുപോലെ അയാൾ തനിക്കുനേരെ ഉയരുന്ന ഓരോ വിമർശനങ്ങളെയും മികച്ച പ്രകടനങ്ങളാക്കി മാറ്റുകയാണ്.
തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടമേതെന്നുള്ള ചോദ്യത്തിന് മുപ്പതു വയസ്സിനു മുൻപുള്ള കാലഘട്ടമാകും ഏതൊരു ഫുട്ബോൾ കളിക്കാരന്റെയും ഉത്തരം. പക്ഷെ ഇവിടെയും സ്ലാട്ടൻ വ്യത്യസ്തനാണ്. തന്റെ കരിയറിൽ മുപ്പതു വയസ്സിനു മുന്നേ നേടിയതിനേക്കാൾ അധികം ഗോളുകൾ അടുത്ത എട്ടു വർഷം കൊണ്ട അയാൾ അടിച്ചുകൂട്ടിയിട്ടുണ്ട്. അതുതന്നെയാണ് ഈ മുപ്പത്തിയെട്ടാം വയസ്സിലും എ. സി മിലാൻ പോലൊരു വൻ ക്ലബ്ബിനെ തന്റെ പേരിനോടു ചേർത്തുനിർത്താൻ സ്ലാട്ടന് സാധിക്കുന്നതും.
കഴിഞ്ഞ നാലു ദശകങ്ങളിലായി അയാൾ ഫുട്ബോൾ ലോകത്തിനുമുന്നിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മനോഹരമായ അക്രോബാറ്റിക് ഗോളുകളിലൂടെ, പ്രായത്തെ വെല്ലുന്ന പ്രകടനങ്ങളിലൂടെ അയാൾ കാണികൾക്കു വിസ്മയമാകുന്നു. തന്റെ സ്വദേശമായ മാൽമോ മുതൽ ഇറ്റാലിയൻ നഗരമായ മിലാൻ വരെ എത്രയോ നഗരങ്ങൾ അയാളുടെ പ്രകടനങ്ങളെ കരഘോഷം കൊണ്ടു സ്വീകരിച്ചിരിക്കുന്ന്നു. ഇനിയും അയാൾ ആ യാത്ര തുടരട്ടെ. അയാളുടെ അവിസ്മരണീയ പ്രകടനങ്ങളും.






































