Editorial Foot Ball Top News

മധ്യനിര ഭരിക്കുന്ന മാഡിസണും ഗ്രീലിഷും

January 11, 2020

author:

മധ്യനിര ഭരിക്കുന്ന മാഡിസണും ഗ്രീലിഷും

ഇംഗ്ലീഷ് താരങ്ങളായ ജെയിംസ് മാഡിസണും ജാക്ക് ഗ്രീലിഷും തമ്മിലൊരു മത്സരമുണ്ട്. മറ്റൊന്നുമല്ല, ഈ പ്രീമിയർ ലീഗ് സീസണിന്റെ താരമാകാനുള്ള മത്സരമാണത്. സലയും അഗുറോയും ഡി ബ്രൂയാനുമടക്കമുള്ള വൻ തിമിംഗലങ്ങൾ വാഴുന്ന പ്രീമിയർ ലീഗിൽ ഇരുവരും ചിലപ്പോൾ ചെറുമൽസ്യങ്ങളായി തോന്നിയേക്കാം. പക്ഷേ ഇരുവരുടെയും ടീമുകളിൽ ഇവർ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. പ്രീമിയർ ലീഗിലിപ്പോൾ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയ്ക്കായി മാഡിസണും ഇത്തവണ ലീഗിലേക്ക് പ്രൊമോഷൻ ലഭിച്ചെത്തിയ ആസ്റ്റൺ വില്ലയ്ക്കായി ഗ്രീലിഷും നടത്തുന്ന പ്രകടനം അത്രയേറെ മികച്ചതാണ്.

ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിന്റെ പ്രകടനങ്ങളുടെ നെടുംതൂണാവുകയാണ് സ്‌ട്രൈക്കർ ജാമി വാർഡിയ്ക്കൊപ്പം ജെയിംസ് മാഡിസൺ. പ്രീമിയർ ലീഗിൽ ഇരുപതു മത്സരങ്ങളിൽ നിന്നുമായി ആറു ഗോളുകളും മൂന്നു അസിസ്റ്റുകളും അയാളുടെ പേരിലുണ്ട്. നിലവിൽ മിന്നും ഫോമിലുള്ള സ്‌ട്രൈക്കർ വാർഡിയ്‌ക്കൊപ്പം മാഡിസണും ചേരുന്നതോടെ ലെസ്റ്റർ ആക്രമണത്തിന്റെ മൂർച്ച ഇരട്ടിയാണ്. അതുതന്നെയാണ് അവരുടെ ലീഗിലെ സ്ഥാനം സൂചിപ്പിക്കുന്നതും. മികച്ച ഡ്രിബ്ലിങ്ങും പാസിംഗ് അക്ക്യൂറസിയുമാണ് മാഡിസന്റെ കരുത്ത്. ഏതു പ്രതിരോധത്തെയും നിമിഷങ്ങൾകൊണ്ടു ഭേദിയ്ക്കാൻ അയാൾക്കു കഴിയുന്നു. നിലവിൽ അപാര ഫോമിലുള്ള ഈ അറ്റാക്കിങ് മിഡ്ഫീൽഡറെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള വൻ ക്ലബ്ബുകൾ നോട്ടമിട്ടിട്ടുണ്ടെന്നാണ് വാർത്ത. ഇംഗ്ലണ്ട് ദേശീയടീമിനായി കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിയ്ക്കാനും മാഡിസണ് സാധിച്ചിരുന്നു.

വർഷങ്ങളായി ആസ്റ്റൺ വില്ലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രീലിഷിൻറെ മികവാണ് ഈ സീസണിൽ ചാംപ്യൻഷിപ്പിൽ നിന്നും പ്രീമിയർ ലീഗിലേക്കു പ്രൊമോഷൻ നേടാൻ ക്ലബ്ബിനെ സഹായിച്ചത്.
2012ൽ ആസ്റ്റൺ വില്ല സീനിയർ ടീമിനുവേണ്ടി പന്തു തട്ടാൻ തുടങ്ങിയ ഗ്രീലിഷ് തൊട്ടടുത്ത വർഷം ലോൺ ഡീലിലൂടെ നോട്ട്സ് കൗണ്ടിയിലെത്തി. രണ്ടു വർഷങ്ങൾക്കു ശേഷം തിരികെ വില്ല പാർക്കിലെത്തിയ ഗ്രീലിഷ് ടീമിന്റെ അവിഭാജ്യ ഘടകമായി.

ലഹരി ഉപയോഗവും നിശാപാർട്ടികളിലെ സാന്നിധ്യവും ഒക്കെ അയാളുടെ ഇമേജിന് കരിനിഴൽ വീഴ്ത്തിയെങ്കിലും വളരെ വേഗം അയാൾ ആസ്റ്റൺ വില്ലയുടെ നായകനായി മാറി. ഗ്രീലീഷിന്റെ മികച്ച ഫോമിന്റെ പിൻബലത്തിൽ തന്നെയായിരുന്നു കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയുടെ കുതിപ്പും.

ഏതു പ്രതിരോധനിരയെയും തുളച്ചു കയറാനുള്ള ഡ്രിബ്ലിങ് വേഗം തന്നെയാണ് ഗ്രീലീഷിന്റെയും കരുത്ത്. സീസണിൽ ഇരുപതു മത്സരങ്ങളിൽ നിന്നും ആറു ഗോളുകളും അഞ്ചു അസിസ്റ്റുകളും ഗ്രിലിഷിന്റെ പേരിലുണ്ട്. ആസ്റ്റൺ വില്ലയെ നേരിടുന്ന ടീമുകളുടെ പ്രധാന ശത്രുവും അയാൾ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ഗ്രീലിഷ് നേരിട്ട ഫൗളുകളുടെ കണക്കുകൾ പറയുന്നത്. കഴിഞ്ഞ ചാംപ്യൻഷിപ് സീസണിലും ഏറ്റവുമധികം ഫൗളുകൾ നേരിട്ട താരം ഗ്രീലിഷ് ആയിരുന്നു. ഒരുപക്ഷേ അയാളുടെ വേഗത തന്നെയാകും കൂടുതൽ ഫൗളുകൾ ഗ്രീലീഷിനെ തേടിയെത്താനുള്ള കാരണവും. എന്തായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള വൻ ടീമുകൾ ഗ്രീലീഷിനെ നോട്ടമിട്ടുപറക്കുന്നുവെന്നാണ് റിപോർട്ടുകൾ. അടുത്ത സീസണിൽ അയാൾ ഏതെങ്കിലും വൻ ടീമുകളുടെ നിരയിൽ കാണുമെന്നാണ് പ്രതീക്ഷ. ഇതുവരെ ദേശീയ ടീമിൽ അരങ്ങേറിയിട്ടില്ല ഗ്രിലീഷ്. യൂറോ കപ്പിനുള്ള ഇംഗ്ലീഷ് ടീമിൽ ഈ ഇരുപത്തിനാലുകാരന് ഒരിടം ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

Leave a comment