Cricket Editorial Top News

സഞ്ജുവും മനീഷും ഇന്ത്യൻ ടീമും

January 11, 2020

author:

സഞ്ജുവും മനീഷും ഇന്ത്യൻ ടീമും

സഞ്ജുവിന്റെ നഷ്ടവും മനീഷ് പാണ്ഡെയുടെ നേട്ടവും.

ഇന്നലെ നടന്ന ഇന്ത്യ – ശ്രീലങ്ക മൂന്നാം ട്വൻറി ട്വൻറി മത്സരത്തിൽ അവസരം ലഭിച്ച രണ്ടു ബാറ്സ്മാന്മാരുടെ പ്രകടനത്തെ ഇപ്രകാരം വിശേഷിപ്പിക്കാം. കാരണം ഏതാണ്ട് ഒരേ അവസ്ഥയിൽ ടീമിലെത്തിയ രണ്ടു താരങ്ങളുടെയും മത്സരത്തിലെ വിധി ബാറ്റിങ്ങിനെ സംബന്ധിച്ചിടത്തോളം വിപരീതമായിരുന്നു എന്നു പറയാം.

ഇന്ത്യ ശ്രീലങ്ക മത്സരത്തിലെ ഇലവൻ പ്രഖ്യാപിക്കുമ്പോൾ അത് മലയാളികളായ ക്രിക്കറ്റ്‌ ആരാധകർക്ക് സന്തോഷകരമായ വാർത്തയായിരുന്നു നാലു വർഷത്തിന്റെ ഇടവേളയ്ക്കുശേഷം അവരുടെ സ്വന്തം സഞ്ജു സാംസൺ ഇന്ത്യൻ ഇലവനിൽ സ്ഥാനം നേടിയിരിക്കുന്നു. സഞ്ജുവിനെ കൂടാതെ മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചഹാൽ എന്നിവരും ടീമിൽ ഇടം നേടിയിരുന്നു.

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ കെ. എൽ രാഹുലും ശിഖർ ധവാനും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. മികച്ച റൺ റേറ്റിൽ റൺ കണ്ടെത്തിയ ഇരുവരും അർധസെഞ്ചുറി പൂർത്തിയാക്കിയശേഷമാണ് പുറത്തായത്. പതിനൊന്നാം ഓവറിൽ ആദ്യവിക്കറ്റിന്റെ രൂപത്തിൽ ധവാൻ പുറത്താകുമ്പോൾ ഇന്ത്യ 97 റണ്ണുകൾ നേടിയിരുന്നു.

യാതൊരു സമ്മർദ്ദവുമില്ലാത്ത ഘട്ടത്തിലാണ് മൂന്നാമനായി സഞ്ജു ക്രീസിലെത്തിയത്. ഏറെക്കാലത്തിനുശേഷം ഒരു അന്താരാഷ്ട്ര മത്സരത്തിൽ ക്രീസിലെത്തുന്ന സഞ്ജുവിൽ പക്ഷേ അതിന്റെ സമ്മർദ്ദം ഉണ്ടായിരുന്നിരിക്കണം. നേരിട്ട ആദ്യപന്തിൽ ലക്ഷൻ സണ്ടാകനെ സിക്സറിന് പറത്തിയാണ് സഞ്ജു തുടങ്ങിയത്. പക്ഷേ ഹസാരങ്ങ എറിഞ്ഞ അടുത്ത ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജുവിനു പിഴച്ചു. ഒരു റോങ് അൺ കൃത്യമായി മനസ്സിലാക്കുന്നതിൽ സഞ്ജുവിനു പിഴച്ചു. വിക്കറ്റിനു മുന്നിൽ കുടുങ്ങി പവലിയനിലേക്കു നടക്കുമ്പോൾ രണ്ടു പന്തുകളിൽനിന്നും ആറു റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

സഞ്ജു നേരിട്ടതിൽനിന്നും വിപരീതമായിരുന്നു മനീഷ് പാണ്ഡെയുടെ ഇന്നിംഗ്സ്. പന്ത്രണ്ടാം ഓവറിൽ സഞ്ജുവിനു പകരം ക്രീസിലെത്തുമ്പോൾ ഇന്ത്യ 106 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. പക്ഷേ തൊട്ടടുത്ത ഓവറിൽ തന്നെ രാഹുലും പകരമെത്തിയ അയ്യരും മടങ്ങിയതോടെ ഇന്ത്യൻ സ്കോർ പതിമൂന്നോവറിൽ നാലു വിക്കറ്റിന് 123 റൺസ് എന്ന നിലയിലെത്തി. ആറാമനായി ക്രീസിലെത്തിയ നായകൻ വിരാട് കോഹ്ലിയോടൊപ്പം മികച്ച ഒരു കൂട്ടുകെട്ട് പടുത്തുയർത്തിയ മനീഷ് അനാവശ്യമായ രണ്ടാം റണ്ണിന് ശ്രമിച്ച വിരാട് പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോകേണ്ട ചുമതല വളരെ മനോഹരമായി നിർവഹിച്ചു. അവസാന ഓവറുകളിൽ വമ്പൻ അടികളിലൂടെ ഇന്ത്യൻ സ്കോർ ഉയർത്തിയ ശാർദൂലിനു മികച്ച പിന്തുണ നൽകാനും മനീഷിനു സാധിച്ചു. പതിനെട്ടു പന്തുകളിൽനിന്നും മുപ്പത്തിയൊന്നു റണ്ണുകളാണ് മനീഷ് നേടിയത്.

ഇന്ത്യയുടെ മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നായകൻ കോഹ്ലി എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിന്റെ നേർകാഴ്ച കൂടിയായിരുന്നു ഇന്നലത്തെ മത്സരം. സഞ്ജുവും മനീഷുമടങ്ങുന്ന യുവനിരയ്ക്ക് എത്രയും പെട്ടന്ന് ആ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കട്ടെ എന്നു വിശ്വസിക്കാം.

Leave a comment