Editorial Foot Ball legends Top News

ഡി റോസിയും വിടപറയുന്നു

January 10, 2020

author:

ഡി റോസിയും വിടപറയുന്നു

അയാളുടെ പിൻവാങ്ങലോടെ ഒരു തലമുറ പതിയെ തിരശീലയ്ക്കു പിന്നിലേക്കു മറയുകയാണ്. ഇറ്റാലിയൻ ഫുട്ബോളിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആ സുവർണതലമുറയുടെ വക്താക്കളിൽ അവസാന രണ്ടുപേരിൽ ഒരാളായിരുന്ന ഡാനിയേല ഡി റോസിയും ബൂട്ടഴിച്ചു. ഇറ്റാലിയൻ വസന്തത്തിന്റെ ഓർമ്മകൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട്.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച മധ്യനിരതാരങ്ങളിൽ ഒരാളെന്നു റോസിയെ നിസംശയം വിശേഷിപ്പിക്കാം. ആന്ദ്രേ പിർലോയും ഫ്രഞ്ചെസ്കൊ ടോട്ടിയും അലെസ്സാൻഡ്രോ നെസ്റ്റയും ഫിലിപ്പോ ഇൻസാഗിയുമടങ്ങുന്ന പേരുകേട്ട 2006ലെ ഇറ്റാലിയൻ ലോകകപ്പ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു അയാൾ. അപക്വമായ ഒരു എൽബോയിങിലൂടെ ലോകകപ്പിലെ തന്റെ രണ്ടാം മത്സരത്തിൽ തന്നെ ചുവപ്പുകാർഡു കണ്ടു പുറത്തേക്കു നടക്കുമ്പോൾ അയാളുടെ തല അപമാന ഭാരത്താൽ കുനിഞ്ഞിരുന്നു. പക്ഷേ ദിവസങ്ങൾക്കുള്ളിൽ അയാൾ തിരിച്ചു വന്നു. ഫ്രാൻസിനെതിരായ ലോകകപ്പ് മത്സരത്തിലെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ നിർണായകമായ മൂന്നാം കിക്ക് അനായാസം ലക്ഷ്യത്തിലെത്തിച്ച അയാൾ ആ തിരിച്ചുവരവു ഗംഭീരമാക്കി.

വർഷങ്ങൾക്കിപ്പുറം 2017ൽ ദേശീയ ടീമിന്റെ കുപ്പായം എന്നെന്നേക്കുമായി അഴിച്ചുവെയ്ക്കുമ്പോൾ ഇറ്റാലിയൻ ഫുട്ബോൾ കണ്ടതിൽ ഏറ്റവും മികച്ച ഒരു മിഡ്ഫീൽഡറായി റോസി മാറിക്കഴിഞ്ഞിരുന്നു. ഇറ്റലിയ്ക്കായി ഏറ്റവുമധികം ഗോളുകൾ നേടിയ മധ്യനിരതാരങ്ങളുടെ പട്ടികയിൽ രണ്ടാമതുണ്ടയാൾ. ലോകകപ്പ് കിരീടവും യൂറോ കപ്പ്‌ രണ്ടാം സ്ഥാനവും കോൺഫെഡറേഷൻ കപ്പ്‌ മൂന്നാം സ്ഥാനവും നേടിയ ഇറ്റാലിയൻ ഫുട്‍ബോളിലെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടീമിലെ അവിഭാജ്യ സാന്നിധ്യമായിരുന്നു അയാൾ.

നിസ്വാർത്ഥനായ സേവകൻ എന്ന വാക്കിനും ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒരാളാണ് റോസി. ഒന്നും രണ്ടുമല്ല നീണ്ട പത്തൊൻപതു വര്ഷങ്ങളാണ് അയാൾ എ.എസ് റോമയുടെ മധ്യനിരയുടെ കടിഞ്ഞാൺ കൈവശം വെച്ചത്. അഞ്ഞൂറോളം മത്സരങ്ങളിൽ അയാൾ റോമയ്ക്കുവേണ്ടി ബൂട്ടുകെട്ടി. ഫ്രഞ്ചെസ്കൊ ടോട്ടിയ്ക്കു ശേഷം ക്ലബ്ബിനുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച കളിക്കാരൻ. ഒരു ക്ലബ്ബ് ഇതിഹാസമായാണ് അയാൾ റോം നഗരം വിട്ടത്.

ഇറ്റലിയ്ക്കു പുറത്ത് അയാൾ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ക്ലബ്ബായിരുന്നു ബൊക്കാ ജൂനിയേർസ്. കളി മതിയാക്കുന്നതിനു മുൻപ് ഒരു സീസണെങ്കിലും അവിടെ കളിക്കുവാൻ അയാൾ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹവും പൂർത്തിയാക്കിയാണ് അയാൾ മടങ്ങുന്നത്. തന്റെ മകളുടെ ആഗ്രഹം സാധിക്കാനായി. ഇനിയുള്ള കാലം അവൾക്കൊപ്പം ചിലവഴിക്കാനായി അയാൾ മടങ്ങുമ്പോൾ ഒരു മനോഹരമായ വിശ്രമജീവിതം ആശംസിക്കാം. അയാൾ മാത്രമാണ് മടങ്ങുന്നത്. അയാൾ കളിക്കളത്തിൽ അവശേഷിപ്പിച്ച നിമിഷങ്ങൾ അവയൊരിക്കലും മായുകയില്ല. 2006ലെ ആ സുവർണസംഘത്തിൽ ഇനി കളത്തിൽ ബാക്കിയുള്ളത് ഇറ്റലിയുടെ ഏറ്റവും വിശ്വസ്തനായ കാവൽക്കാരൻ ജിയാൻലൂയി ബഫൺ മാത്രം.

Leave a comment