Cricket Editorial legends Top News

വലിയ ടൂർണമെന്റുകളുടെ രാജാവ്

January 9, 2020

author:

വലിയ ടൂർണമെന്റുകളുടെ രാജാവ്

“വലിയ ടൂർണമെന്റുകളുടെ കളിക്കാരൻ”

റോജർ മൈക്കൽ ഹംഫ്രി ബിന്നിയെന്ന പേര് ഇന്നത്തെ ക്രിക്കറ്റ്‌ പ്രേമികൾ അറിയുക അയാളുടെ പുത്രനായ സ്റ്റുവർട് ബിന്നിയെന്ന കളിക്കാരനോട് ചേർത്തു വായിക്കപ്പെടുമ്പോഴായിരിക്കും. പക്ഷേ അതിലേറെ ശ്രദ്ധേയമാകേണ്ടിയിരുന്ന ഒരു കരിയറിന് ഉടമയാണയാൾ. 1979ൽ ചെന്നൈയിൽ വെച്ചു നടന്ന പാക്കിസ്ഥാനെതിരായ ടെസ്റ്റ്‌ മത്സരത്തിൽ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുമ്പോൾത്തന്നെ റോജർ ബിന്നി ചരിത്രപുസ്തകങ്ങളിൽ ഇടം നേടിയിരുന്നു. ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ്‌ മത്സരം കളിക്കുന്ന ആദ്യ ആംഗ്ലോ ഇന്ത്യൻ കളിക്കാരനായി മാറിയിരുന്നു ഈ ബാംഗ്ലൂരുകാരൻ.

തന്റെ അരങ്ങേറ്റ ടെസ്റ്റിൽ സാക്ഷാൽ ഇമ്രാൻ ഖാനും സർഫ്രാസ് നവാസും അടങ്ങുന്ന ബൌളിംഗ് നിരയ്‌ക്കെതിരെ ബാറ്റുചെയ്തു നാൽപത്തിയാറു റണ്ണുകൾ നേടിയ ബിന്നി പക്ഷേ ടെസ്റ്റ്‌ മത്സരങ്ങളിൽ അധികം തിളങ്ങിയിരുന്നില്ല. സ്പിന്നർമാരെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ അവർക്കായി പന്തൊരുക്കുവാൻവേണ്ടി മാത്രമായിരുന്നു ബിന്നിയടക്കമുള്ള ബൗളർമാർ നിയോഗിക്കപ്പെട്ടിരുന്നത്.

1983ൽ ഇംഗ്ലണ്ട് ആതിഥ്യമരുളിയ മൂന്നാം ക്രിക്കറ്റ്‌ ലോകകപ്പിലാണ് സ്റ്റുവർട് ബിന്നിയുടെ വിശ്വരൂപം ആദ്യമായി പുറത്തെടുക്കപ്പെട്ടത്. സ്വിങ് ബൗളിങ്ങിന് അനുകൂലമായ സാഹചര്യങ്ങൾ മികച്ച രീതിയിൽ ഉപയോഗിച്ച ബിന്നി കപിലിനും മദൻ ലാലിനുമൊപ്പം ഇന്ത്യൻ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ചു. തന്റെ മീഡിയം പേസ് ഉപയോഗിച്ചു പതിനെട്ടു വിക്കെറ്റുകളാണ് ബിന്നി എറിഞ്ഞുവീഴ്ത്തിയത്. ടൂർണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനും ഈ വലം കയ്യൻ മീഡിയം പേസ് ബൗളറായിരുന്നു. ഗ്രൂപ്പ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇരുപത്തിയൊൻപതു റണ്ണുകൾ വിട്ടുകൊടുത്തു നാലു വിക്കറ്റുകൾ നേടിയതായിരുന്നു ടൂർണമെന്റിൽ ബിന്നിയുടെ ഏറ്റവും മികച്ച പ്രകടനം. പക്ഷേ കപിൽദേവിന്റെ ആൾ റൗണ്ട് പ്രകടനങ്ങൾക്കിടയിൽ എന്നും രണ്ടാമനാകാനായിരുന്നു ബിന്നിയുടെ നിയോഗം.

1985ൽ ഓസ്ട്രേലിയ ആതിഥ്യം വഹിച്ച ലോക സീരീസ് ചാമ്പ്യൻഷിപ്പിലും ബിന്നി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴു രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ഇന്ത്യ കിരീടം നേടിയപ്പോൾ പതിനേഴു വിക്കെറ്റുകൾ വീഴ്ത്തിയ ബിന്നി ഒരിക്കൽക്കൂടി ബൗളർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. പക്ഷേ അവിടെയും അയാൾ രണ്ടാമനായി. മറ്റൊരു ആൾ റൗണ്ട് പ്രകടനം രവി ശാസ്ത്രിയെ ടൂർണമെന്റിന്റെ താരമാക്കിയപ്പോൾ ബിന്നിയുടെ സംഭാവന വീണ്ടും വിസ്മരിക്കപ്പെട്ടു.

 

തന്റെ കരിയറിൽ ഇരുപത്തിയേഴു ടെസ്റ്റുകളും എഴുപത്തിരണ്ട് ഏകദിനമത്സരങ്ങളുമാണ് ബിന്നി കളിച്ചത്. പക്ഷേ കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും പ്രസിദ്ധമായ രണ്ടു വിജയങ്ങളിലും റോജർ ബിന്നിയുടെ പങ്ക് വിലമതിക്കാൻ സാധിക്കാത്തതാണ്.

Leave a comment