മത്സരം മുറുകുന്ന ഇന്ത്യൻ സൂപ്പർ ലീഗ്
ഇന്ത്യൻ സൂപ്പർ ലീഗ് പാതി വഴിയിലേറെ പിന്നിടുമ്പോൾ ആദ്യനാലു സ്ഥാനങ്ങൾക്കുള്ള മത്സരം മുറുകുകയാണ്. ബംഗളൂരുവും ഗോവയും എ. ടി. കെയും പോലുള്ള ശക്തികൾ ആദ്യ നാലിലുണ്ടെങ്കിലും മറ്റു ടീമുകൾ ശക്തമായ സമ്മർദ്ദം അവർക്കുമേൽ നൽകുന്നുണ്ട്.
ലീഗിൽ പതിനൊന്നു മത്സരങ്ങൾ പിന്നിടുമ്പോൾ ഇരുപത്തൊന്നു വീതം പോയന്റുകളുമായി എഫ്.സി ഗോവയും എ.ടി.കെയും പോയൻറ് നിലയിൽ തുല്യത കൈവരിക്കുമ്പോൾ ഗോൾ ശരാശരിയിൽ കൊൽക്കൊത്ത ഒന്നാം സ്ഥാനം കൈയാളുകയാണ്. ഇന്നു നടക്കുന്ന തങ്ങളുടെ നൂറാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാൽ ഗോവയ്ക്ക് ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടാൻ സാധിക്കും. തങ്ങളുടെ സ്റ്റാർ സ്‌ട്രൈക്കർ കൊറോ ഫോമിലെത്തിയത് എഫ്.സി ഗോവയ്ക്ക് ആശ്വാസം നൽകുന്നുണ്ട്.
മറുവശത്ത ലീഗിലെ ഏറ്റവും മികച്ച പ്രകടനമാണ് എ.ടി.കെ കാഴ്ചവെയ്ക്കുന്നത്. ഓസ്ട്രേലിയൻ ലീഗിൽ നിന്നും വന്ന റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് ദ്വയത്തോടൊപ്പം ഇന്ത്യൻ താരം മൈക്കൽ സൂസൈരാജും കൊൽക്കൊത്തയ്ക്കായി ഒത്തിണക്കത്തോടെ കളിക്കുന്നതാണ് അവരുടെ ശക്തി. ഗോളുകൾ അടിച്ചുകൂട്ടാൻ മത്സരിക്കുന്ന താരങ്ങളുടെ ബാഹുല്യം അവരുടെ സ്കോറിങ് പരിശോധിച്ചാൽ മനസിലാകുന്നതാണ്.
പത്തൊൻപതു പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും സീസണിൽ അത്ര മികച്ച പ്രകടനമല്ല ബെംഗളൂരു എഫ്.സി പുറത്തെടുക്കുന്നത്. സീസണിൽ ടീം വിട്ട മികുവിന്റെ അഭാവം അവരുടെ ആക്രമണങ്ങളിൽ നിഴലിയ്ക്കുന്നു. സുനിൽ ഛേത്രിയുടെ മാത്രം ഗോളടി മികവിനെ ആശ്രയിച്ചാണ് ടീമിന്റെ സാദ്ധ്യതകൾ ഇപ്പോൾ നിലനിൽക്കുന്നത്. പതിനാറു പോയന്റുകളുമായി നാലാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്സിയ്ക്കു തലവേദനയാകുന്നത് പ്രതിരോധത്തിലെ പിഴവുകളാണ്. പതിനേഴ് ഗോളുകൾ നേടിയ മുംബൈ പക്ഷേ ഇതിനോടകം പത്തൊൻപതു ഗോളുകൾ വഴങ്ങിക്കഴിഞ്ഞു.
ആദ്യനാലിനു പുറത്താണെങ്കിലും ഒഡീഷ എഫ്.സിയും ജാംഷെഡ്പൂർ എഫ്.സിയും പ്രതീക്ഷകൾ സജീവമാക്കുന്നുണ്ട്. ആദ്യമത്സരങ്ങളിലെ തോൽവികൾക്കു ശേഷം അവസാന രണ്ടു മത്സരങ്ങളിലെ തുടർച്ചയായ ജയങ്ങൾ ഒഡീഷയുടെ ക്യാമ്പയിൻ ട്രാക്കിലെത്തിച്ചിരിക്കുന്നു. മറുവശത്തു ജംഷഡ്പൂർ പക്ഷേ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. അവസാന അഞ്ചു മത്സരങ്ങളിൽ ഒരു മത്സരം പോലും വിജയിക്കാൻ അവർക്കു സാധിച്ചിട്ടില്ല. മൂന്നു സമനിലകളും രണ്ടു തോൽവികലുമാണ് അവസാന അഞ്ചു മത്സരങ്ങളിൽ അവരുടെ സമ്പാദ്യം.
പത്തു മത്സരങ്ങളിൽ നിന്നും രണ്ടു തോൽവികൾ മാത്രമാണ് വഴങ്ങിയതെങ്കിലും ആറു സമനിലകൾ വഴങ്ങിയതാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എട്ടാം സ്ഥാനത്തു നിർത്തുന്നത്. പതിനൊന്നു മത്സരങ്ങളിൽ നിന്നും രണ്ടു വിജയങ്ങളും അഞ്ചു സമനിലകളും നൽകുന്ന പതിനൊന്നു പോയന്റുകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ് . അവസാന രണ്ടു സ്ഥാനങ്ങളിലുള്ള ചെന്നൈയിനും ഹൈദരാബാദ് എഫ്സിയും മോശം പ്രകടനം കാഴ്ചവെയ്ക്കുന്നെങ്കിലും തിരിച്ചുവരവ് അസാധ്യമല്ല.
ഇന്ത്യൻ സൂപ്പർ ലീഗ് അവസാന പാദത്തോടടുക്കുമ്പോൾ മത്സരം മുറുകുകയാണ്. ഓരോ മത്സരങ്ങളും നിർണായകമാവുകയുമാണ്.






































