പോരിനു തയ്യാറായി ഇന്ത്യയും ലങ്കയും
നിലവിലെ സാഹചര്യങ്ങളിൽ ഇന്നു നടക്കുന്ന ഇന്ത്യ – ശ്രീലങ്ക ട്വന്റി ട്വന്റി മത്സരത്തിലെ വിജയികളെ നിർണയിക്കുക അത്ര ദുഷ്കരമായ ഒരു പക്രിയയല്ല. പക്ഷേ ക്രിക്കറ്റിൽ, അതും ടി ട്വൻറിയിൽ പലപ്പോഴും സംഭവിക്കുക കണക്കുകൂട്ടലുകളെയും വെല്ലുന്ന നാടകീയതയാകും. അതിൽ മാത്രമാകും ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുമ്പോൾ ശ്രീലങ്കൻ നായകൻ ലസിത് മലിംഗയും സംഘവും വിശ്വസിക്കുക. കാരണം അത്രയേറെ മിന്നുന്ന ഫോമിലാണ് ഇന്ത്യൻ ടീം. പ്രമുഖ താരങ്ങൾക്കു വിശ്രമം നൽകിയിട്ടും ബംഗ്ലാദേശിനെയും വെസ്റ്റ് ഇൻഡീസിനെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ശ്രീലങ്കയെ നേരിടാൻ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ ദിവസം ഗോഹട്ടിയിൽ മഴ മൂലം ഉപേക്ഷിച്ച കളിയിലെ ടീമിൽ നിന്നും ഇന്ത്യ യാതൊരു മാറ്റവും വരുത്താൻ സാധ്യതയില്ല. അതിനാൽതന്നെ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടാനുള്ള സാധ്യതകളും വിരളമാണ്. ഓപ്പണർ രോഹിത് ശർമ ടീമിലില്ല എന്നതിനാൽ ശിഖർ ധവാനും രാഹുലും തന്നെയാകും ഓപ്പണർമാർ. നായകൻ വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർ തുടർന്നുള്ള പൊസിഷനുകളിൽ ഇറങ്ങുമ്പോൾ വിക്കെറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ഫോം വീണ്ടെടുക്കാൻ ഒരവസരംകൂടി പന്തിനു ലഭിക്കും. ആൾ റൗണ്ടർ ശിവം ദുബൈയും ഏതാണ്ട് ടീമിൽ ഉറപ്പായതോടെ മനീഷ് പാണ്ഡേയും ആദ്യ ഇലവനിൽ ഇടം നേടാൻ സാദ്ധ്യതകൾ കുറവാണ്.
ബൌളിംഗ് വിഭാഗത്തിലും മാറ്റങ്ങൾക്കു സാദ്ധ്യതകൾ കുറവാണ്. പരിക്കുമാറി തിരികെയെത്തുന്ന സൂപ്പർ താരം ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് ബൌളിംഗ് നിരയിൽ ശാർദൂൽ താക്കൂർ, നവദീപ് സൈനി എന്നിവരും ഇടം നേടും. ജഡേജയുടെ അഭാവത്തിൽ വാഷിംഗ്ടൺ സുന്ദറും ടീമിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ചാഹലിനേക്കാൾ കുൽദീപ് യാദവ് തന്നെയാകും ടീമിലുപ്പെടാൻ സാധ്യതയുള്ള സ്പിൻ ബൗളർ.
മറുവശത്തു പേസ് ബൗളർ ലസിത് മലിംഗ നയിക്കുന്ന ലങ്കൻ ടീമിൽ കൂടുതലും പുതുമുഖങ്ങളാണ്. ആവിഷ്‌ക ഫെർണാണ്ടോ, ഒഷാദാ ഫെർണാണ്ടോ, ഭാനുക രാജപക്സെ, വാണുടു ഹസരംഗ മുതലായ പുതുമുഖങ്ങൾക്കൊപ്പം ധനുഷ്ക് ഗുണതിലക, ലാഹിരു കുമാര, കുശാൽ പെരേര, ധനഞ്ജയ ഡിസിൽവ, ഡസുൻ ഷാനക, ഇസുരു ഉദാന, നായകൻ ലസിത് മലിംഗ മുതലായവരും ടീമിലുണ്ട്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാൽ രണ്ടാം മത്സരം വിജയിച്ചു പരമ്പര പരാജയം ഒഴിവാക്കാൻ ഇരു ടീമുകളും കിണഞ്ഞു ശ്രമിക്കുമ്പോൾ മത്സരം തീ പാറുമെന്നുറപ്പ്.






































