Editorial Foot Ball Top News

നിലവാരം പുലർത്താത്ത ഇന്ത്യൻ മൈതാനങ്ങൾ

January 7, 2020

author:

നിലവാരം പുലർത്താത്ത ഇന്ത്യൻ മൈതാനങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ഒഡീഷ എഫ്. സി vs ചെന്നൈയിൻ എഫ് സി മത്സരം ശ്രദ്ധ പിടിച്ചു പറ്റിയത് കളിയുടെ നിലവാരം കൊണ്ടു മാത്രമായിരുന്നില്ല. മറിച്ച് മൈതാനത്തിന്റെ മോശം നിലവാരം കൊണ്ടു കൂടിയായിരുന്നു. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷ ചെന്നൈയിൻ എഫ്. സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയെങ്കിലും ഒഡീഷ താരങ്ങളുടെ പ്രകടനങ്ങളെക്കാൾ സംസാരവിഷയമായത് ഇന്ത്യൻ സൂപ്പർ ലീഗ് പോലെ ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗിൽ ഒരിക്കലും കാണാൻ പാടില്ലാത്തത്ര മോശം പുൽത്തകിടിയായിരുന്നു.

കണ്ടം ലീഗ് എന്നൊക്കെ ഹാസ്യരൂപേണ മൈതാനങ്ങളെ കാണികൾ വിശേഷിപ്പിക്കാറുണ്ടെങ്കിലും ആ പേരിനെ തീർത്തും സാധൂകരിക്കുന്ന ഒരു പിച്ചായിരുന്നു ഇന്നലത്തേത്. പലപ്പോഴും കളിക്കാർ കളത്തിൽ ഓടുന്നതിനിടെ നിലത്തു വീഴാതെ പിടിച്ചുനിൽക്കാൻ പാടു പെട്ടു. മാത്രമല്ല പന്തു കിക്ക് ചെയ്യുമ്പോൾ പന്തിനൊപ്പം മൈതാനത്തെ പുല്ലും തെറിച്ചു പോകുന്ന കാഴ്ച മിക്കപ്പോഴും കണ്ടു. മത്സരത്തിനിടെ ചെന്നൈയിൻ എഫ് സിയ്ക്കു ലഭിച്ച ഒരു പെനാൽറ്റി കിക്ക് ലക്ഷ്യം കാണാതെ പോയതിലും മൈതാനത്തിനു കാര്യമായ പങ്കുണ്ടായിരുന്നു. വാൽസ്കിസ് എടുത്ത പെനാൽറ്റിയ്‌ക്കൊപ്പം അത്രയും ഭാഗത്തെ പുല്ലും ആകാശത്തേക്ക് തെറിച്ചു പോയി. കളി അവസാനിക്കുമ്പോഴേക്കും മൈതാനത്തിലെ ഭൂരിഭാഗം പ്രദേശവും ചെറു കുഴികളാൽ നിറഞ്ഞിരുന്നു.

മോശം ഗ്രൗണ്ട് കളിക്കാരുടെ പ്രകടനത്തെയും ബാധിച്ചു. മൈതാനത്തിൽ രൂപം കൊണ്ട കുഴികളിൽ പതിച്ച പന്തിന്റെ ഗതി നിർണയിക്കുന്നതിൽ കളിക്കാർ പരാജയപ്പെട്ടു. എഴുപതു ശതമാനം മാത്രമായിരുന്നു ഇരു ടീമുകളുടെയും പാസിംഗ് കൃത്യത. മാത്രമല്ല ഒഡീഷയുടെ ആദ്യഗോൾ പിറന്നതും പന്തു ക്ലിയർ ചെയ്യാൻ ഓടിയടുത്ത ചെന്നൈയിൻ താരം ഗ്രൗണ്ടിന്റെ മോശം അവസ്ഥമൂലം പരാജയപ്പെട്ടതായിരുന്നു.

മത്സരശേഷം ചെന്നൈ പരിശീലകൻ ഓവൻ കോയലും ഒഡീഷയിലെ മൈതാനത്തിന്റെ നിലവാരത്തെ കണക്കിനു വിമർശിച്ചിരുന്നു. ഈ മൈതാനം ഇനിയുള്ള സൂപ്പർ ലീഗ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നതിൽനിന്നും വിലക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഫുട്ബോൾ ലോകനിലവാരത്തിലേക്ക് ഉയർത്തുവാൻ വേണ്ടി നടത്തപ്പെടുന്നു എന്ന അവകാശപ്പെടുന്ന സൂപ്പർ ലീഗിൽ ഇത്രയധികം മോശം മൈതാനങ്ങൾ എങ്ങനെ ഉൾപെടുന്നുവെന്നത് തീർച്ചയായും അന്വേഷിക്കപ്പെടേണ്ട വസ്തുതയാണ്. മാത്രമല്ല ഇന്ത്യയുടെ പല പ്രധാന മത്സരങ്ങളും നടന്ന കലിംഗ സ്റ്റേഡിയമാണ് പ്രതിക്കൂട്ടിലെന്നതും ഗൗരവകരമാണ്.

Leave a comment