Editorial Foot Ball Top News

പോരാട്ടം കടുക്കുന്ന ലാ ലീഗ

January 6, 2020

author:

പോരാട്ടം കടുക്കുന്ന ലാ ലീഗ

കൂടുതൽ മാത്സര്യമുള്ള ലീഗ് എന്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ ആരാധകർ വിശേഷിപ്പിച്ചുപോന്നത്. കിരീടാവകാശികൾ മാറി മാറി വരുന്നതിനാലാകാം ലീഗിന് അപ്രകാരം ഒരു വിശേഷണം വന്നു ചേർന്നത്. പക്ഷേ ഇത്തവണ കാര്യങ്ങൾ തിരിച്ചാണ്. ലീഗ് പാതിവഴി പിന്നിട്ടപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടാവകാശികൾ ഏതാണ്ട് നിർണക്കപ്പെട്ടുകഴിഞ്ഞു. ഇംഗ്ലണ്ടിൽ ലിവർപൂൾ തോൽവിയറിയാതെ മുന്നേറുമ്പോൾ സ്‌പെയിനിലെ സ്ഥിതിഗതികൾ മറിച്ചാണ്. ഇനിയും ഒരു ടീമും ലീഗിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിട്ടില്ല. മാത്രമല്ല ലീഗ് പുതുവർഷത്തിലേക്കു കടക്കുമ്പോൾ കിരീടത്തിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്കു കടക്കുമെന്നും ഏതാണ്ട് ഉറപ്പാണ്.

കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനക്കാരായിരുന്ന അത്ലറ്റികോ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റിന്റെ വ്യക്തമായ ലീഡുമായാണ് കാറ്റാലൻ ക്ലബ്ബ് ബാഴ്സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായത്. ലീഗിൽ എല്ലാ കണക്കുകളിലും എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു അവർ. സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഫോമിന്റെ പിൻബലത്തിൽ കഴിഞ്ഞ സീസൺ കിരീടം നേടിയ ബാർസ തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമതെങ്കിലും ഇത്തവണ വെല്ലുവിളികൾ ധാരാളമുണ്ട്.

കഴിഞ്ഞ സീസൺ അവസാനം ടീമിന്റെ പരിശീലകസ്ഥാനത്തു തിരികെയെത്തിയ സിനദിൻ സിദാന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന റയൽ മാഡ്രിഡ്‌ തന്നെയാണ് ലീഗിൽ ബാഴ്സയ്ക്കു മുഖ്യ വെല്ലുവിളി. ലീഗ് പകുതി ദൂരം പിന്നിടുമ്പോൾ നാൽപതു പോയിന്റുമായി പോയൻറ് പട്ടികയിൽ ബാഴ്സയ്ക്കൊപ്പമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ രണ്ടാമതാണ് റയൽ. ലീഗിലിതുവരെ ഒരേയൊരു മത്സരത്തിൽ മാത്രമാണ് അവർ തോൽവി വഴങ്ങിയത്. മുഖ്യ സ്‌ട്രൈക്കർ കരിം ബെൻസിമ ഫോമിലുള്ളതും യുവതാരങ്ങളായ ഫ്രഡറികോ വാൽവാർദേ, വിനീഷ്യസ് മുതലായവരുടെ മികച്ച കളിയുമാണ് റയലിന്റെ കുതിപ്പിനു സഹായകമാവുന്നത്.

സീസണിന്റെ തുടക്കത്തിൽ ലയണൽ മെസ്സിയുടെ സേവനം ലഭിക്കാതിരുന്നതാണ് ബാഴ്സയ്ക്കു വിനയായത്. കഴിഞ്ഞ സീസണിൽനിന്നും മൊത്തം മൂന്നു തോൽവികൾ മാത്രം വഴങ്ങിയ ടീം പുതിയ സീസൺ പകുതി ദൂരം പിന്നിടുമ്പോൾ തന്നെ അത്രയും പരാജയങ്ങൾ രുചിച്ചിട്ടുണ്ട്. പക്ഷേ നിലവിൽ മെസ്സി, ഗ്രീസ്മാൻ, സുവാരസ് ത്രയം മികച്ച കളി പുറത്തെടുക്കുന്നുവെന്നത് ടീമിനു ആശ്വാസമാകുന്നുണ്ട്. പക്ഷേ ബാർസ പരിശീലകൻ ഏണസ്റ്റോ വാൽവാർദേയുടെ തന്ത്രങ്ങളിൽ ആരാധകർപോലും വിമർശനം ഉന്നയിക്കുന്ന്നുണ്ട്.

ഗ്രീസ്മാൻ പോയതോടെ ശക്തി ക്ഷയിച്ചെങ്കിലും അത്ലറ്റികോ മാഡ്രിഡും, സെവിയ്യയും മുപ്പത്തിയഞ്ചു പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിൽ നിൽകുമ്പോൾ നാലു പോയന്റ് മാത്രമകലെ റയൽ സോസിഡാഡും വാലെൻഷ്യയും തൊട്ടു പിന്നിൽ നിൽക്കുന്നു. ഒന്നോ രണ്ടോ കളികളുടെ ഫലം ലീഗിന്റെ ഗതി നിർണയിക്കുമെന്നതിനാൽ ആരാധകരും ഇത്തവണ ആവേശത്തിലാണ്.

Leave a comment