Editorial Foot Ball Top News

പുതുവർഷത്തിൽ പുത്തനുണർവുമായി ബ്ലാസ്റ്റേഴ്‌സ്

January 6, 2020

author:

പുതുവർഷത്തിൽ പുത്തനുണർവുമായി ബ്ലാസ്റ്റേഴ്‌സ്

ഒടുവിൽ അതു സംഭവിച്ചു. തോൽവികളുടെയും സമനിലകളുടെയും പരമ്പരയ്ക്കു ശേഷം സ്വന്തം കാണികൾക്കു മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു കയറി. വിജയമറിയാത്ത ഒൻപതു മത്സരങ്ങൾക്കു ശേഷം ഒരു വിജയം. ലീഗിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനോടാണെങ്കിലും ഈ വിജയം ഒരുപാടു പോസ്റ്റീവുകൾ ടീമിനു പകർന്നു നൽകുമെന്നതു തീർച്ചയാണ്. കാരണം സീസണിലെ ഏറ്റവും മികച്ച കളി തന്നെയാണ് ടീം ഇന്നലെ കാഴ്‌ചവെച്ചതെന്ന് നിസംശയം പറയാം.

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്. സിയ്ക്കെതിരെ ബൂട്ടുകെട്ടുമ്പോൾ വിജയം മാത്രമായിരുന്നു കേരളം ലക്ഷ്യമിട്ടിരുന്നത്. പക്ഷേ മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ തന്നെ കാണികളെ നിശ്ശബ്ദരാക്കിക്കൊണ്ട് ഹൈദരാബാദ് മുന്നിലെത്തി. മാർസലീഞ്ഞോ നൽകിയ അളന്നു മുറിച്ച ക്രോസിന് ഒന്നു കാൽ വയ്‌ക്കേണ്ട ചുമതല മാത്രമേ ബോബോയ്ക്കുണ്ടായിരുന്നുള്ളൂ. പന്ത് കേരളാ വലയ്ക്കുള്ളിൽ വിശ്രമിച്ചു.

ഗോൾ വഴങ്ങിയശേഷം പക്ഷേ ബ്ലാസ്റ്റേഴ്‌സ് വർദ്ധിതവീര്യത്തോടെ തിരിച്ചടിക്കാൻ ശ്രമിച്ചു. അവരുടെ പല നീക്കങ്ങളും ഹൈദരാബാദ് ക്യാമ്പിൽ ഭീതി പടർത്തി. മുപ്പത്തിമൂന്നാം മിനുറ്റിൽ സ്വിവർലോൺ നൽകിയ ത്രൂബോൾ ഡിഫൻഡർമാരെയും ഗോളിയെയും കബളിപ്പിച്ചു നായകൻ ബർത്തലോമ്യോ ഓഗ്‌ബച്ചേ ഹൈദരാബാദ് വലയിൽ നിക്ഷേപിച്ചതോടെ കേരളം മത്സരത്തിൽ സമനില കൈവരിച്ചു.

പിന്നീടങ്ങോട്ട് കേരള ആക്രമണങ്ങളുടെ തിരമാലകളാണ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾ ദർശിച്ചത്. ഒന്നിനുപിറകെ ഒന്നായി വന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഹൈദരാബാദ് പ്രതിരോധവും പാടുപെട്ടു. റാഫ ലോപസ് പരിക്കുപറ്റി പുറത്തു പോവുകകൂടി ചെയ്തതോടെ അവരുടെ പ്രതിരോധം ശിഥിലമായി. അതു പൂർണമായും മുതലെടുക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. മുപ്പത്തിമൂന്നു മുതൽ നാൽപ്പത്തിയഞ്ച് വരെയുള്ള പന്ത്രണ്ടു മിനുറ്റുകൾക്കിടയിൽത്തന്നെ ബ്ലാസ്റ്റേഴ്‌സ് മത്സരം വരുതിയിലാക്കി. മൂന്നു ഗോളുകളാണ് ഈ സമയപരിധിക്കുള്ളിൽ ബ്ലാസ്റ്റേഴ്‌സ് നേടിയത്. ആദ്യഗോൾ നേടിയ ഓഗ്‌ബച്ചേയെ കൂടാതെ വ്ലാദ്കോ ഡ്രോബറോവും മെസ്സി ബൗളിയുമാണ് കേരളത്തിന്റെ ഗോളുകൾ നേടിയത്.

രണ്ടുഗോൾ വ്യത്യാസത്തിന് പിന്നിലായ ഹൈദരാബാദ് രണ്ടാം പകുതിയിൽ തീർത്തും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെ പിഴവിൽനിന്നുമാണ് സത്യസെൻ സിങ് കേരളത്തിന്റെ നാലാം ഗോൾ നേടിയത്. മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനുട്ടിൽ വീണ്ടും പ്രതിരോധത്തിലെ പിഴവു മുതലെടുത്തു ഗോൾ നേടിയ ഓഗ്‌ബച്ചേ കേരളത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

തുടർച്ചയായ വിജയമറിയാതെയുള്ള പരമ്പരയ്ക്ക് വിരാമമായെങ്കിലും പ്ലേ ഓഫ് സാധ്യത ഇനിയും ബ്ലാസ്റ്റേഴ്സിന് ഏറെ അകലെയാണ്. കരുത്തരായ എതിരാളികളെ തറപറ്റിച്ചു ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തുമെന്നു പ്രതീക്ഷിക്കാം

Leave a comment