ലോകം കീഴടക്കാൻ തയ്യാറെടുക്കുന്ന ടീം ഇന്ത്യ
പുതുവർഷത്തിൽ ഇന്ത്യൻ ടീമിന്റെ യാത്ര ഇന്നു തുടങ്ങുകയാണ്. സ്വന്തം നാട്ടിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്നു തുടങ്ങുന്ന ടി ട്വൻറി മത്സരങ്ങൾക്കിറങ്ങുമ്പോൾ ഈ വർഷത്തെ അവരുടെ ലക്ഷ്യങ്ങളെപ്പറ്റിയും ടീമിനു പൂർണ ബോധ്യമുണ്ടാകും. ടി ട്വൻറി ഫോർമാറ്റിൽ നടക്കുന്ന ലോകകപ്പ്, ഏഷ്യ കപ്പ് ടൂർണമെന്റുകൾ ലക്ഷ്യം കണ്ടു തന്ന്നെയാണ് ഇന്ത്യൻ ടീമിന്റെ ഈ വർഷത്തെ അന്താരാഷ്ട്ര കലണ്ടറിൽ ട്വൻറി ട്വന്റി മത്സരങ്ങൾക്കു കൂടുതൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്.
ഓരോ വർഷവും അരങ്ങേറുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാർക്കു നൽകുന്ന മത്സരപരിചയം പോരേയെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചുകൂടെ എന്നും ചോദ്യങ്ങൾ ഉന്നയിക്കുന്നവരുണ്ട്. തീർച്ചയായും അവരുടെ ചോദ്യങ്ങൾ പ്രസക്തമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്പിനായി രാജ്യങ്ങൾ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ അന്താരാഷ്ട്ര കലണ്ടറിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
പക്ഷേ ഇതിനൊരു മറുവശമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏതാണ്ട് എല്ലാ മത്സരങ്ങളും നടത്തപ്പെടുന്നത് ഒരേ മത്സരസാഹചര്യങ്ങളിലാണ്. നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന താരങ്ങളെല്ലാം തന്നെ മികച്ച ഐ. പി. എൽ മത്സരപരിചയം സിദ്ദിച്ചവരുമാണ്. അതിനാൽ അവർക്ക് അന്താരാഷ്ട്ര മത്സരങ്ങളുടെ ചൂടും സമ്മർദ്ദവും കൂടി പകർന്നുനൽകാൻ ഈ പരമ്പരകൾക്കു സാധിക്കും. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചതിനു ശേഷം ഒരുതവണപോലും ടി ട്വന്റി ലോക കിരീടം നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല എന്നതും ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.
ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പര മുതൽക്കേ തന്നെ ടീം മാനേജ്മെന്റും അവരുടെ നയം വ്യക്തമാക്കിക്കഴിഞ്ഞു. സീനിയർ താരങ്ങളെ പരിക്കു പറ്റാതെ കഴിയുന്നതും വിശ്രമം നൽകി കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകി മികച്ച ഒരു ടി ട്വന്റി നിരയെ ലോകകപ്പിനു മുന്നോടിയായി കണ്ടെത്താൻ തന്നെയാണ് അവരുടെ തീരുമാനം. മാത്രമല്ല ഓരോ കളിക്കാരന്റെയും ടീമിലെ ചുമതല നിറവേറ്റാൻ സാധിക്കുന്ന മികച്ച പകരക്കാരെ വാർത്തെടുക്കാനും അവർ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ അത്തരം റീപ്ലേസ്മെന്റുകൾ ഇല്ലാതെപോയതിന്റെ പരിണതഫലം നാം കണ്ടതാണല്ലോ. അതിന്റെ മുന്നോടിയായാകണം ആദ്യപരമ്പരയിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചത്.
ഒരുപിടി യുവതാരങ്ങൾ ഇന്ത്യൻ ടീമിലേക്കുള്ള അവസരം കാത്തുനിൽകുമ്പോൾ കേരളവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ടാകും നമ്മുടെ സ്വന്തം സഞ്ജു സാംസണ് ടീമിൽ ഇടംനേടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ. അവരുടെ പ്രതീക്ഷകളും വിഫലമാകാതിരിക്കട്ടെ.






































