പുതുവർഷം ബ്ലാസ്റ്റേഴ്സിന് പുത്തനുണർവ്വാകുമോ?.
പുതുവർഷത്തിലെ തങ്ങളുടെ ആദ്യമത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു ബൂട്ടുകെട്ടുകയാണ്. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്. സിയെ നേരിടുമ്പോൾ വിജയം കാണാതെയുള്ള തുടർച്ചയായ കളികളുടെ പരമ്പരയ്ക്ക് അന്ത്യം കുറിക്കാൻ സാധിക്കുമെന്നു തന്നെയാണ് എൽകോ ഷെറ്റോറിയും സംഘവും കണക്കു കൂട്ടുന്നത്.
പക്ഷേ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. ലീഗ് പോയൻറ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഹൈദരാബാദ് എഫ്സി. പക്ഷേ ഓരോ മത്സരം കഴിയുംതോറും ലീഗിലെ പുതിയ ടീമെന്ന നിലയിൽ നിന്നും ഹൈദരാബാദിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടു വരുന്ന കാഴ്ചയാണ് നമുക്കു കാണാൻ സാധിക്കുന്നത്. മാത്രമല്ല ലീഗിൽ ഹൈദരാബാദിന്റെ ഏക വിജയം വന്നതും കേരള ബ്ലാസ്റ്റേഴ്സിനെതിരെയായിരുന്നു. ആദ്യപാദത്തിൽ ഗച്ചിബൗളി സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിനാണ് ഹൈദരാബാദ് എഫ്. സി വിജയം കണ്ടത്.
പത്തു കളികളിൽ നിന്നും എട്ടു പോയിന്റുമായി ലീഗിൽ ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പക്ഷേ ഇനിയുള്ള മത്സരങ്ങളിൽ വിജയം നേടി സെമി ഫൈനലിൽ പ്രവേശിക്കാൻ തങ്ങൾക്കു സാധിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷെട്ടൂരി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അത് എത്രമാത്രം യാഥാർഥ്യമാകുമെന്ന് കാര്യത്തിൽ തീർച്ചയായും സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ട്.
ആദ്യമത്സരത്തിൽ എ. ടി. കെയോടു നേടിയ ജയത്തിനു ശേഷം വിജയമില്ലാതെ ഒൻപതു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിരുന്നു. തുടർതോൽവികളിൽ മനം മടുത്ത ആരാധകരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി മാനേജ്മെന്റ് പറഞ്ഞിരുന്ന ന്യായീകരണം പരിക്കുകളാണ് ഈ സീസണിലെ വില്ലൻ എന്ന്നായിരുന്നു. പക്ഷേ ഇവിടെ യഥാർത്ഥ വില്ലൻ കേരളത്തിലെ ഫുട്ബോൾ ആരാധകരോട് യാതൊരു പ്രതിബദ്ധതയും കാട്ടാത്ത മാനേജ്മെന്റ് ആണെന്നു പറയാതെ വയ്യ. പുതുവർഷത്തിലെ ആദ്യ മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ. മിഡ് സീസൺ വിൻഡോയിൽ ഇതുവരെ ഒരു കളിക്കാരനെ പോലും സൈൻ ചെയ്യാൻ ഇതുവരെ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിട്ടില്ല. മികച്ച താരങ്ങളുടെ അഭാവം മൂലമാണ് ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ പരാജയപ്പെടുന്നതെങ്കിൽ അതു പരിഹരിക്കേണ്ടത് മാനേജ്മെന്റ് അല്ലേ?.
ഈ സീസണിൽ ഹൈദരാബാദിനോട് നടന്ന ആദ്യമത്സരത്തിലടക്കം വിജയിക്കാവുന്ന പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽവിയോ സമനിലയോ വഴങ്ങിയിട്ടുണ്ട്. മറുവശത്തു പോയൻറ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ താഴെയെങ്കിലും അവസാനമത്സരങ്ങളിലെല്ലാം മികച്ച പോരാട്ടം പുറത്തെടുക്കാൻ ഹൈദരാബാദ് എഫ്സിയ്ക്കു സാധിച്ചിരുന്നു. ഇന്നത്തെ മത്സരത്തിലും ആ പോരാട്ടവീര്യം ഹൈദരാബാദ് പുറത്തെടുത്താൽ ബ്ലാസ്റ്റേഴ്സിന് പോയൻറ് ടേബിളിൽ അവസാനസ്ഥാനത്തേക്കു വീഴേണ്ടിവരും.






































