Cricket Editorial legends Top News

താങ്ക് യു ഇർഫാൻ പത്താൻ !!!

January 4, 2020

author:

താങ്ക് യു ഇർഫാൻ പത്താൻ !!!

പ്രതിഭയോടു നീതി പുലർത്താത്ത കളിക്കാരൻ എന്നൊരിക്കലും അയാളെ വിശേഷിപ്പിക്കാൻ സാധിക്കില്ല. കപിൽദേവിനുശേഷം ഒരു ഫാസ്റ്റ് ബൌളിംഗ് ആൾറൗണ്ടർക്കായുള്ള ഇന്ത്യക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട ഇർഫാൻ പത്താൻ കടന്നുവന്നപ്പോൾ അവർ സങ്കല്പിച്ചത്ര ഉയരമുള്ളൊരു കരിയർ പടുത്തുയർത്താൻ അയാൾക്കു സാധിച്ചിരിക്കില്ല. എങ്കിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഇന്ത്യക്കാർക്ക് അവൻ പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ടുതന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഏറെക്കാലമായി അകന്നുനിന്നിട്ടും അയാളുടെ വിരമിക്കൽ വാർത്ത ക്രിക്കറ്റ്‌ ലോകത്ത് ഇത്രയധികം വർത്തയാകുന്നത്.

“പാകിസ്താനിലെ ഓരോ തെരുവിലും ഓരോ ഇർഫാൻ പത്താൻമാരെ നിങ്ങൾക്കു കാണാൻ സാധിക്കും !!!”.

2004ലെ ഇന്ത്യൻ ടീമിന്റെ പാകിസ്ഥാൻ പര്യടനത്തിനു മുന്നോടിയായി പാക് പരിശീലകൻ ജാവേദ് മിയാൻദാദ് ഇർഫാനെ വിശേഷിപ്പിച്ചത് ഇപ്രകാരമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട ലോക ക്രിക്കറ്റിൽ ചർച്ചാവിഷയമായ ഇർഫാൻ പത്താൻ എന്ന് ചെറുപ്പക്കാരൻ തങ്ങൾക്ക് ഒരു സംഭവമേയല്ല എന്നായിരുന്നു മിയാൻദാദിന്റെ വാദം.

പക്ഷേ ദിവസങ്ങൾക്കുള്ളിൽ മിയാൻദാദിനു തന്റെ വാക്കുകൾ വിഴുങ്ങേണ്ടിവന്നു. ഏകദിന പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യയുയർത്തിയ 294 റൺസ് ലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന്റെ നടുവൊടിച്ച ഒരു ബൌളിംഗ് സ്പെല്ലിനാണ് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അതു പുറത്തെടുത്തത് മറ്റാരുമായിരുന്നില്ല ഇർഫാൻ പത്താൻ എന്ന ഇടംകൈയൻ സ്വിങ് ബൗളറായിരുന്നു. എന്നും ഇന്ത്യൻ ബൌളിംഗ് നിരയെ നേരിടാൻ, അതിനെ നശിപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്ന മുഹമ്മദ്‌ യൂസഫിനെയും യൂനിസ് ഖാനെയുമടക്കം മൂന്നു പാക് മുൻനിര വിക്കറ്റുകളാണ് അയാൾ പിഴുത്ത്. ഇർഫാന്റെ കഠിനാധ്വാനം അദ്‌ഭുതപ്പെടുത്തുന്നതാണെന്ന ഒടുവിൽ മിയാൻദാദിനുപോലും സമ്മതിക്കേണ്ടി വന്നു.

ഓരോ തെരുവീഥിയിലും നൂറുകണക്കിനു ഇർഫാൻമാർ വിഹരിക്കുന്ന നാടിന്റെ ഹൃദയം കവർന്നെടുത്തുകൊണ്ടാണ് ആ ചെറുപ്പക്കാരൻ ഇന്ത്യയിലേക്കു തിരിച്ചു വന്നത്. രണ്ടുവർഷങ്ങൾക്കു ശേഷം പിന്നീടൊരിക്കൽക്കൂടി അയാൾ ആ മണ്ണിലേക്കു തിരിച്ചു ചെന്നു. ടെസ്റ്റ്‌ പരമ്പരയിലെ മൂന്നാം മത്സരത്തിലെ ആദ്യ ഓവറിൽത്തന്നെ പാക് ബാറ്റിങ്ങിന്റെ നെടുംതൂണുകളായ സൽമാൻ ബട്ട്, മൊഹമ്മദ്‌ യൂസഫ്, യൂനുസ് ഖാൻ എന്നിവരെ തുടർച്ചയായ പന്തുകളിൽ വീഴ്ത്തി അയാൾ വീണ്ടും വിസ്മയമായി. അതിനോടകംതന്നെ അയാൾ ബാറ്റുകൊണ്ടും മികവുകാട്ടാൻ തുടങ്ങിയിരുന്നു.

ഇർഫാനെ ഇന്ത്യ ആഘോഷിച്ചുതുടങ്ങുകയായിരുന്നു. ബാറ്റു കൊണ്ടും പന്തുകൊണ്ടും അയാൾ ഇന്ത്യയെ മത്സരങ്ങൾ വിജയിപ്പിക്കാൻ തുടങ്ങി. ആരാധകർ അയാളെ കപിൽ ദേവിനോടും ഇയാൻ ബോതമിനോടും ഉപമിക്കുവാൻ തുടങ്ങി. അതിനവർക്കു കാരണങ്ങളും അയാൾ നൽകിക്കൊണ്ടിരുന്നു. പെർത്തിലെ തീ തുപ്പുന്ന പിച്ചിൽ രണ്ടിന്നിങ്സിലും അയാൾ നടത്തിയ ചെറുത്തുനിൽപും പന്തുകൊണ്ടുള്ള പ്രകടനവും എങ്ങനെ മറക്കാൻ സാധിക്കും?. 2007 ടി ട്വൻറി ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പ്രകടനം ഓർമകളിൽനിന്നും എങ്ങനെ മായും?. അന്താരാഷ്ട്ര ക്രിക്കറ്റിനെ ഇർഫാൻ പത്താൻ ഭരിക്കുന്ന നാളുകൾ വിദൂരമല്ലെന്ന് ലോകം മുഴുവൻ ഒരേ സ്വരത്തിൽ പറഞ്ഞുതുടങ്ങിയ നാളുകളായിരുന്നു അത്.

പക്ഷേ പിനീടുള്ള നാളുകൾ ഇർഫാനു പരീക്ഷണങ്ങളുടേതായിരുന്നു. മറ്റൊരു ജാക് കാലിസിനെ സൃഷ്ടിക്കാൻ ഇന്ത്യൻ ടീം നടത്തിയ പരീക്ഷണങ്ങൾ. ബാറ്റിങ് ഓർഡറിൽ പത്താനെ അവർ ടോപ് ഓർഡറിൽ പരീക്ഷിക്കാൻ തുടങ്ങി. അവിടെയും അയാൾ മികച്ചുതന്നെ നിന്നു. ടെസ്റ്റിൽ മുപ്പതിനു മേൽ ബാറ്റിങ് ശരാശരിയുണ്ടയാൾക്ക്. പക്ഷേ ബാറ്റിങ്ങിലെ അമിത ശ്രദ്ധ പത്താന് വിനയായി. സ്വതസിദ്ധമായ വേഗവും സ്വിങ്ങും അയാൾക്കു കൈമോശം വന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യ കണ്ടെത്തിയ എറ്റവും മികച്ച പ്രതിഭ പതിയെ ടീമിനു പുറത്തേക്കുള്ള യാത്ര തുടങ്ങി. ഒടുവിൽ തുടർച്ചയായ .പി.എൽ ഓക്ഷനുകളിലും ടീമുകളിൽ ഉൾപ്പെടാതെയായതോടെ അയാൾ ആ യാത്രയ്ക്കു വിരാമമിടുകയാണ്. നന്നായി ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളിൽ ഒരാളായി വിരമിക്കേണ്ടിയിരുന്ന ഇർഫാൻ ഒരു സാധാരണക്കാരനെപ്പോലെ ഇന്ത്യൻ ക്രിക്കറ്റിൽനിന്നും പടിയിറങ്ങുകയാണ്.

എങ്കിലും ക്രിക്കറ്റ്‌ ആരാധകർ എക്കാലവും ഇർഫാനെ ഓർക്കും. സഹോദരൻ യൂസഫിനൊപ്പം ടി ട്വന്റി മത്സരത്തിൽ ശ്രീലങ്കയിൽ നിന്നും വിജയം പിടിച്ചുവാങ്ങിയത്, പാകിസ്താന്റെ ഫാസ്റ്റ് ബൌളിംഗ് ഗർവിന് അവരുടെ നാട്ടിൽ മറുപടി നൽകിയ ബൌളിംഗ് പ്രകടനം, അങ്ങനെ ഒട്ടേറെ നിമിഷങ്ങൾ ഇർഫാൻ അവർക്കായി നൽകിയിട്ടുണ്ട്. ഇർഫാൻ പത്താൻ എന്ന ഓൾ റൗണ്ടർ ഇന്ത്യൻ ക്രിക്കറ്റിന് എന്തായിരുന്നുവെന്നു ഭാവി തലമുറ ചോദിച്ചാൽ ഉത്തരങ്ങൾ ഒരുപാടുണ്ട്. പക്ഷേ അവയിൽ ഏറ്റവും അനുയോജ്യമായത് അയാളൊരു നിസ്വാർത്ഥനായ സേവകനായിരുന്നു എന്നതാകും. ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് സ്വന്തം കരിയർ ബലി നൽകിയ നിസ്വാർത്ഥനായ സഹയാത്രികൻ.

Leave a comment