സായാഹ്നങ്ങളിലും സൗരഭ്യം പരത്തുന്ന പൂവുകൾ
ചില ജന്മങ്ങളുണ്ട്, എവിടെയും വിജയത്തിന്റെ മധുരം മാത്രം നുണയാൻ ഭാഗ്യം സിദ്ധിച്ചവർ, അല്ലെങ്കിൽ അവർ എവിടെയുണ്ടോ അവിടേയ്ക്കു വിജയം വിരുന്നെത്തുമെന്ന് പറയുന്നതാകും കൂടുതൽ ശരി. തങ്ങളുടെ സാന്നിധ്യം കൊണ്ടു മരുഭൂമിയിൽ പോലും പേമാരി പെയ്യിക്കാൻ കഴിവുള്ള അത്തരം മനുഷ്യരുടെ പട്ടികയിലാകും സ്പാനിഷ് ഇതിഹാസങ്ങളായ ഡേവിഡ് വിയ്യയ്ക്കും ഫുട്ബോൾ ലോകം സ്ഥാനം നൽകുക.
അതെ, വിജയങ്ങളുടെ കഥകൾ മാത്രം പറഞ്ഞു ശീലിച്ചവരാണ് അവർ. ബാഴ്സലോണയ്‌ക്കു വേണ്ടിയും സ്പെയിൻ ദേശീയ ടീമിലും ഒന്നിച്ചു കളിച്ചപ്പോൾ പലതവണ അവർ അതു തെളിയിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഭൂഖണ്ഡത്തിൽ മറ്റൊരു ക്ലബ്ബിനൊപ്പം വീണ്ടും അവർ ഒരുമിച്ചപ്പോൾ മറ്റൊരു കിരീടവിജയം കൂട്ടായെത്തി. അര നൂറ്റാണ്ടിലേറെയായി ഒരു കിരീടവിജയം കാത്തിരുന്ന ജാപ്പനീസ് ക്ലബ്ബ് വിസ്സൽ കോബിനൊപ്പം എമ്പറർ കപ്പ വിജയിക്കുമ്പോൾ അതു മറ്റൊരു കിരീട വിജയം മാത്രമായിരുന്നില്ല. അൽപം വികാരഭരിതമായ ഒരു യാത്രയയപ്പു കൂടിയായിരുന്നു.
ഇനിയേസ്റ്റയെയും വിയ്യയേയും എങ്ങനെ മറക്കാനാകും കാളപ്പോരിന്റെ നാട്ടുകാർക്ക്?. കാൽപന്തുകളിയുടെ ലോകകിരീടം ആദ്യമായി അവരുടെ നാട്ടിലെത്തിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച രണ്ടു പോരാളികളെ. ടൂർണമെന്റിൽ ഉടനീളം ഗോൾ വേട്ടയുമായി വിയ്യ തകർത്താടിയപ്പോൾ ഹോളണ്ടിനെതിരായ ഫൈനലിൽ നിർണായകമായ വിജയഗോൾ വന്നത് ഇനിയേസ്റ്റയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. ലോകത്തിന്റെ നെറുകയിൽ സ്പാനിഷ് ഫുടബോളിനെ പ്രതിഷ്ഠിച്ച രണ്ടു പ്രതിഭകളായിരുന്നു ഇരുവരും.
വിയ്യയുടെ വിടവാങ്ങൽ മത്സരമായിരുന്നു ഇന്നലെ നടന്ന എമ്പറർ കപ്പ് ഫൈനൽ മത്സരം. എതിരില്ലാത്ത രണ്ടുഗോളുകൾക്ക് കഷിമ ആന്റിലേഴ്സിനെ പരാജയപ്പെടുത്തി കിരീടനേട്ടവുമായാണ് അയാൾ ബൂട്ടഴിക്കുന്നത്. അന്പതിനാലു വർഷങ്ങളായി ഒരു ട്രോഫി സ്വപ്നം കാണുന്ന വെസ്സൽ കോബ് ആരാധകർക്കുള്ള സമ്മാനവുമായി ഇന്നലത്തെ വിജയം.
ഇനിയേസ്റ്റയും വിയ്യയും മാത്രമല്ല ടോക്യോയിലെ നാഷണൽ സ്റ്റേഡിയത്തിൽ കിരീടത്തിളക്കവുമായി നിന്ന പ്രമുഖർ. ഒരുകാലത്തു ജർമൻ ആക്രമണങ്ങളുടെ കുന്തമുനയായിരുന്ന ലൂക്കാസ് പൊഡോൾസ്കിയും അവരോടൊപ്പമുണ്ടായിരുന്നു. അത്രയേറെ തയ്യാറെടുപ്പുകളുമായാണ് വെസ്സൽ കോബ് ഈ സീസണിൽ കളത്തിലിറങ്ങിയത്. ലോകപ്രശസ്തരായ ഒരുപിടി താരങ്ങളെ കളത്തിലിറക്കിയതിനുള്ള പ്രതിഫലം അവർ കൊയ്യാൻ തുടങ്ങിയിരിക്കുന്നു. ജെ ലീഗിൽ എട്ടാമത്തെങ്കിലും ഈ കിരീടവിജയം തീർച്ചയായും മുന്നോട്ടുള്ള യാത്രയിൽ അവർക്കു കരുത്തു പകരും.
വെറുമൊരു മത്സരത്തേക്കാളേറെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കും ഇന്നലത്തെ മത്സരം വൈകാരികമായ ഒന്നായിരുന്നിരിക്കും. കാരണം, ഒരിക്കൽ അവരുടെ കണ്ണുകളെ വിസ്മയിപ്പിച്ചു മൈതാനങ്ങളിൽ പാറിനടന്നിരുന്ന താരകങ്ങൾ ഈ സായാഹ്നത്തിലും കളത്തിലുണ്ടെന്ന തിരിച്ചറിവാണ് ഈ മത്സരങ്ങൾ അവർക്കു നൽകുന്നത്.






































