മത്സരം രണ്ടാം സ്ഥാനത്തിനുവേണ്ടി മാത്രം
ലോകത്തിലെ തന്നെ ഏറ്റവും മത്സരം നിറഞ്ഞ ഫുട്ബോൾ ലീഗായാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അറിയപ്പെട്ടിരുന്നത്. തോൽവിയറിയാതെ സീസൺ പൂർത്തിയാക്കിയാൽ പോലും ടീമുകൾക്കു കിരീട സാധ്യത തുലാസിലായിരുന്ന പ്രീമിയർ ലീഗിൽ പക്ഷേ ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമാണ്.
പുതുവത്സരത്തിലേക്കു കടക്കുമ്പോൾ പ്രീമിയർ ലീഗ് കിരീടത്തിനുള്ള അവകാശികളെ ഏതാണ്ട് തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. സീസണിൽ ഇതുവരെ തോൽവിയെന്തെന്നറിയാതെ കുതിയ്ക്കുന്ന ലിവർപൂൾ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയേക്കാൾ പതിമൂന്നു പോയന്റുകൾക്കു മുന്നിലെത്തിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാകട്ടെ മൂന്നാം സ്ഥാനത്താണ്.
പുതുവർഷവും ലിവർപൂൾ വിജയത്തോടെ തന്നെയാണ് തുടങ്ങിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഷെഫീൽഡ് യൂണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു വിജയം നേടിയ ലിവർപൂൾ പല തവണ കയ്യെത്തും ദൂരത്തു വഴുതിപ്പോയ കിരീടം ഇത്തവണ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്. കഴിഞ്ഞ സീസണിൽ ഒരേയൊരു മത്സരം മാത്രം പരാജയപ്പെട്ടിട്ടും ചാംപ്യൻ പട്ടം മാഞ്ചസ്റ്റർ സിറ്റിയ്ക്കു വിട്ടു കൊടുക്കേണ്ടി വന്നതിന്റെ ക്ഷീണം ഇത്തവണ ലിവർപൂൾ പരാജയമറിയാതെ തീർക്കുമോ എന്നതു മാത്രമാണ് പ്രീമിയർ ലീഗ് പ്രേമികൾ ഉറ്റുനോക്കുന്നത്.
ചാംപ്യൻ പട്ടം നേടുമോയെന്നതിനേക്കാൾ ലിവർപൂളിന്റെ അപരാജിത കുതിപ്പിന് തടയിടാൻ സാധിക്കുമോയെന്നു മാത്രമാണ് ഇന്നു മറ്റു പ്രീമിയർ ലീഗ് ക്ലബ്ബുകളുടെയും ചിന്ത. കാരണം അത്രയേറെ അസൂയാവഹമായ കുതിപ്പാണ് ലിവർപൂൾ സീസണിൽ നടത്തുന്നത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് സമനില വഴങ്ങിയത് മാറ്റിനിർത്തിയാൽ ഒരു പോയന്റ് പോലും ലീഗിൽ അവർക്കു നഷ്ടമായിട്ടില്ല. സാദിയോ മാനേയും മുഹമ്മദ് സലയും നേടിയ ഗോളുകൾക്ക് ഷെഫീൽഡീനെ മറികടക്കുമ്പോൾ ലീഗിന്റെ ചരിത്രത്തിൽ ഇരുപതു മത്സരങ്ങൾ പിന്നിടുമ്പോൾ എറ്റവും മികച്ച ലീഡ് കരസ്ഥമാക്കുന്ന ടീമായി മറുവാനും ലിവർപൂളിന് സാധിച്ചിരിക്കുന്നു.
ലീഗിൽ കിരീടസാധ്യത കൽപിച്ചിരുന്ന മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ഹോട്സ്പർ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് മുതലായ ടീമുകൾ ശരാശരിയ്ക്കും താഴെയുള്ള പ്രകടനം കാഴ്ചവെച്ചപ്പോൾ അദ്ഭുതമായതു ലെസ്റ്റർ സിറ്റിയാണ്. കഴിഞ്ഞ സീസണിൽ ടോപ് സിക്സിൽ ഇടംനേടാൻ കഴിഞ്ഞില്ലെങ്കിലും പുതിയ സീസൺ പകുതി ദൂരം പിന്നിടുമ്പോൾ മേല്പറഞ്ഞ ടീമുകളെ പിന്തള്ളി രണ്ടാം സ്ഥാനം നിലനിർത്താൻ ലെസ്റ്ററിനു സാധിച്ചിട്ടുണ്ട്. നിലവിൽ ലിവർപൂളിനൊപ്പമെത്തുക അസാദ്ധ്യമായതിനാൽ ഈ രണ്ടാം സ്ഥാനത്തിനായാകും പുതിയ വർഷത്തിൽ മത്സരം മുറുകുക. അതിനാൽതന്നെ ലെസ്റ്റർ സിറ്റിക്ക് ഇനിയുള്ള മത്സരങ്ങൾ അത്ര എളുപ്പമാകില്ല. പുതിയ വർഷത്തിൽ പ്രീമിയർ ലീഗിൽ എന്ത് അദ്ഭുതമാണ് കാത്തിരിക്കുന്നതെന്ന് ആകാംക്ഷയിലാണ് ആരാധകരും ഫുട്ബോൾ ലോകം.






































