ക്രിക്കറ്റിലെ മികച്ച രണ്ടു കണ്ടെത്തലുകൾ
ലോകക്രിക്കറ്റിനു 2019ൽ ലഭിച്ച ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റ് താരം ആരാണെന്നതിൽ സംശയമുണ്ടാകാം. പക്ഷെ ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം രണ്ടു പേരുകളാകും ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് കടന്നുവരിക. ഇന്ത്യയുടെ മായങ്ക് അഗർവാളും ഓസ്ട്രേലിയൻ താരം മാർനസ് ലാബുഷാനെയും.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഓപ്പണിങ് സ്ലോട്ടിൽ പുതിയ സമവാക്യങ്ങൾ രചിക്കപ്പെട്ട വർഷമായിരുന്നു 2019. ഫോം മങ്ങിയ ശിഖർ ധവാൻ, മുരളി വിജയ് കെ
എൽ രാഹുൽ എന്നിവർക്ക് പകരമായി പൃഥ്വി ഷാ പരീക്ഷിക്കപ്പെട്ടെങ്കിലും പരിക്കും പിന്നീടുണ്ടായ ഒരു വർഷത്തെ വിലക്കും ചേർന്നു പൃഥ്വിയെ പുറത്താക്കിയതോടെയാണ് രോഹിത്- മായങ്ക് സഖ്യം ഇന്ത്യൻ ഓപണിംഗിൽ പരീക്ഷിക്കപ്പെട്ടത്. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ പരമ്പരയിൽത്തന്നെ ഇരുവരും ചേർന്നു വിമർശകരുടെ വായടയ്ക്കുകയും ചെയ്തു. രോഹിതിന്റെ പ്രതിഭ നേരത്തെതന്നെ തെളിയിക്കപ്പെട്ടതെങ്കിലും മായങ്ക് ഒരു വിസ്മയമാവുകയായിരുന്നു. 2019 ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് സീരീസിൽ തന്റെ കന്നി സെഞ്ചുറി നേടിയ മായങ്ക് അത് ഇരട്ടസെഞ്ചുറിയാക്കി മാറ്റിയാണ് ആഘോഷിച്ചത്. തൊട്ടടുത്ത മത്സരത്തിൽ വീണ്ടും മൂന്നക്കം കടന്ന മായങ്ക് വീരേന്ദർ സെവാഗിന് ശേഷം തുടർച്ചയായ മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറായി മാറി. ബംഗ്ലാദേശിനെതിരെയും ഇരട്ടസെഞ്ചുറി നേടിയ മായങ്ക് ഏറ്റവും വേഗത്തിൽ രണ്ടു ഇരട്ടസെഞ്ചുറി നേടിയവരുടെ പട്ടികയിൽ സാക്ഷാൽ ബ്രാഡ്മാനെ പിന്തള്ളി രണ്ടാമതെത്തി. വെറും പന്ത്രണ്ടു ഇന്നിങ്‌സുകളാണ് രണ്ടു തവണ ഇരട്ടശതകം കടക്കാൻ മായങ്ക് എടുത്തത്. വിദേശ പിച്ചുകളിൽ ഇനിയും കഴിവു തെളിയിക്കേണ്ടതുണ്ടെങ്കിലും മായങ്ക് 2019ൽ ക്രിക്കറ്റ് ലോകത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച കണ്ടെത്തലായി മാറി. ടെസ്റ്റ് ലോക റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്തെത്താനും മായങ്കിനു സാധിച്ചു.
ഒരു പരിക്കുകൊണ്ടു കരിയർ തന്നെ മാറ്റിയെഴുതിയ കഥയാണ് മാർനസ് ലാബുഷാനെയെന്ന ഓസീസ് താരത്തിനു പറയാനുള്ളത്. ആഷസ് പരമ്പരയിൽ മിന്നുന്ന ഫോമിൽ കളിച്ചിരുന്ന സ്റ്റീവ് സ്മിത്തിന് കളിക്കളത്തിൽവെച്ചു തലയ്ക്കു പന്തുകൊണ്ട് പരിക്കേറ്റതോടെ ഐ. സി. സിയുടെ പുതിയ നിയമപ്രകാരം കൺകഷൻ സബ്സ്റ്റിറ്റയൂട്ട് ആയി ലാബുഷാനെ കളത്തിലെത്തിയതായിരുന്നു ആ നിമിഷം. പക്ഷെ ആ തീരുമാനം ഓസ്ട്രേലിയൻ ടീമിനു നൽകിയത് സ്ഥിരതയുള്ളൊരു ബാറ്സ്മാനെയാണ്. അതിനു മുന്നേ രണ്ടു പരമ്പരകളിൽ മുഖം കാണിക്കാൻ സാധിച്ചെങ്കിലും ബാറ്റു കൊണ്ടു തിളങ്ങാൻ സാധിക്കാതിരുന്ന ലാബുഷാനെ പകരക്കാരനായെത്തിയ മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെ ശ്രദ്ധേയനായി. പിന്നീടങ്ങോട്ടു അയാളുടെ ദിനങ്ങളായിരുന്നു. ആഷസിലും പിന്നീടു നടന്ന പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും ലാബുഷാനെ മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നു സെഞ്ചുറികളും ഏഴു അർധസെഞ്ചുറികളുമായി 2019ൽ എഴുപതോളം റൺസ് ശരാശരിയിൽ 1104 റണ്ണുകൾ നേടിയ ലാബുഷാനെയായിരുന്നു കഴിഞ്ഞ വർഷം ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഏറ്റവുമധികം റണ്ണുകൾ നേടിയതും. മാത്രമല്ല ലോക ടെസ്റ്റ് റാങ്കിങ്ങിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നാലാം സ്ഥാനത്തെത്താനും ലാബുഷാനെയ്ക്കു സാധിച്ചു.
അടുത്ത വർഷം ലാബുഷാനെയെ കാത്തിരിക്കുന്നതും പുതിയ വെല്ലുവിളികളാണ്. ഏഷ്യൻ പിച്ചുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചാൽ ഓസീസ് ടെസ്റ്റ് ടീമിനെ പഴയ പ്രതാപകാലത്തേക്ക് കൈപിടിച്ചുനടത്തുന്നതിൽ അയാളും മികച്ച സംഭാവനകൾ നൽകും.






































