Cricket Editorial Top News

പ്രായം തെളിയിക്കുന്ന പാഠങ്ങൾ

January 2, 2020

author:

പ്രായം തെളിയിക്കുന്ന പാഠങ്ങൾ

ഇന്ത്യൻ യുവതാരം മൻജോത് കൽറയെ പ്രായത്തട്ടിപ്പിന്റെ പേരിൽ ബി. സി. സി. ഐ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത വാർത്തയാണ് ഇന്നു കായികലോകത്തു പുറത്തുവന്നതിൽ ഏറ്റവും പ്രധാനമായവയിൽ ഒന്ന്. ഇന്ത്യയുടെ ഭാവി വാഗ്ദാനമായി കരുതപ്പെട്ടിരുന്ന മൻജോത് കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ കളിക്കാൻ വേണ്ടി തന്റെ പ്രായം തിരുത്തിയെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടി ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഈ ഇടംകൈയൻ ബാറ്റ്സ്മാൻ സസ്‌പെൻഡ് ചെയ്യപ്പെട്ട വാർത്ത ഒരു ഞെട്ടലോടെയാണ് ക്രിക്കറ്റ്‌ ലോകം സ്വീകരിച്ചത്.

മൻജോത് മാത്രമല്ല യുവതാരങ്ങളായ ശിവം മാവി, നിതീഷ് റാണ എന്നിവരും പ്രായത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സംശയിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്നു തെളിഞ്ഞതിനെത്തുടർന്ന് യുവതാരം പൃഥ്വി ഷാ ഒരു വർഷത്തെ വിലക്കു നേരിട്ടിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആഭ്യന്തര ഘടന അവകാശപ്പെടുന്നുണ്ട് ഇന്ത്യൻ ക്രിക്കറ്റ്‌. അതിനാൽതന്നെ ഇത്തരം പ്രവർത്തനങ്ങൾ ബോർഡ് വെച്ചുപൊറുപ്പിക്കാനും സാധ്യതയില്ല. പക്ഷേ ഇത് ഇന്ത്യയിൽ മാത്രം നടക്കുന്ന സ്ഥിതിയല്ല. അടുത്തിടെയാണ് മുൻ പാകിസ്ഥാൻ സൂപ്പർ താരം ഷഹീദ് അഫ്രീദി താൻ പ്രായത്തട്ടിപ്പ് നടത്തിയതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്. അഫ്ഗാൻ നായകനായ റാഷിദ്‌ ഖാന്റെ പ്രായം സംബന്ധിച്ച് പല വിവാദങ്ങളും ഇന്നും ഉയർന്നുവരാറുണ്ട്.

ഈ അവസ്ഥയെ പ്രതിരോധിക്കാനുള്ള എന്തു നടപടിയാണ് ഐ.സി. സി ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. അണ്ടർ 16, 19 മുതലായ ഏജ് ഗ്രൂപ്പിൽ ലോകതലത്തിൽ തന്നെ മത്സരങ്ങൾ നടത്തുമ്പോൾ, ആ മത്സരങ്ങളിലെ പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ അനർഹരായ കളിക്കാർ പ്രായം മാറ്റി കാണിച്ചു അർഹരിൽനിന്നും ബഹുമതികൾ തട്ടിയെടുക്കുന്നത് വലിയ നീതികേടാണ്. തീർച്ചയായും അതിനെതിരെ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കാരണം കായികലോകത്ത്‌ എല്ലാവരും തുല്യരാണ്. തുല്യനീതി ഉറപ്പാക്കുക എന്നതാണ് കായികരംഗം നിയന്ത്രിക്കുന്ന ഓരോ സംഘടനയുടെയും ലക്ഷ്യവും.

പ്രായം തെളിയിക്കാനുള്ള ശാസ്ത്രീയമായ അനവധി മാർഗങ്ങൾ ഇന്നു നിലവിലുണ്ട്. സംശയം തോന്നുന്ന കളിക്കാരെ ഇത്തരം റെസ്റ്റുകൾക്കു വിധേയമാക്കി സംശയദുരീകരണം നടത്തുന്നതിൽനിന്നും ഐ.സി.സിയെ തടഞ്ഞുനിർത്തുന്നത് എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ബൌളിംഗ് ആക്ഷനും മറ്റും പരിശോധിക്കുന്ന രീതി ഇത്തരം പരിശോധനകൾക്കായും അവലംബിച്ചുകൂടെ?.

മൻജോതിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു അവസാനമല്ല. ഒരുപക്ഷേ അത് അയാളുടെ തെറ്റും അല്ലായിരിക്കാം. എങ്കിലും അയാൾക്കു നൽകപ്പെട്ട ശിക്ഷ ഒരു പാഠമാകേണ്ടതുണ്ട്. ഒപ്പം കായികരംഗത്തെ നിയന്ത്രിക്കുന്ന സംഘടനകൾക്ക് ആത്മപരിശോധനയ്ക്കുള്ള ഒരു സന്ദർഭവും.

Leave a comment