ടി ട്വന്റി ലോകകപ്പ്; മുന്നൊരുക്കങ്ങളുമായി ടീം ഇന്ത്യ
ലോകം പുതിയൊരു വർഷത്തിലേക്കു കാലെടുത്തു വയ്ക്കുകയാണ്. ഒപ്പം ഇന്ത്യൻ ക്രിക്കറ്റും. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് സെമി ഫൈനലിൽ പരാജയപ്പെട്ടതൊഴിച്ചാൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ചു മികച്ച ഒരു വർഷമാണ് കടന്നുപോയത്. പക്ഷേ സെമി ഫൈനലിൽ വിജയമുറപ്പിച്ച മത്സരം കൈവിട്ടുപോയതിന്റെ സങ്കടം ഇപ്പോഴും ആരാധകരെ വിട്ടുപോയിട്ടുണ്ടാകില്ല.
പക്ഷേ ആ പിഴവിനു പ്രായശ്ചിത്തം ചെയ്യാനുള്ള അവസരം ഇന്ത്യൻ ടീമിനു മുന്നിൽ ഇപ്പോഴുമുണ്ട്. ഈ വർഷം ഒക്ടോബർ നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് ടൂർണമെന്റ് കിരീടം സ്വന്തമാക്കുവാൻ തീരുമാനിച്ചു തന്നെയാണ് ടീം മുന്നേറുന്നത്. ഇന്ത്യൻ ടീമിന്റെ അടുത്ത വർഷത്തെ ഷെഡ്യൂൾ പരിശോധിച്ചാൽ നമുക്കു മനസ്സിലാകും ടീമിന്റെ തയ്യാറെടുപ്പുകൾ.
വിവിധ പരമ്പരകളിലായി ഇരുപതു ടി ട്വന്റി മത്സരങ്ങളാണ് 2020 ലോകകപ്പിനു മുൻപ് ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത്. മാത്രമല്ല ഈ വർഷം നടക്കുന്ന ഏഷ്യ കപ്പും ടി ട്വന്റി ഫോർമാറ്റിൽ ആയിരിക്കും സംഘടിപ്പിക്കപ്പെടുക. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കൂടി കണക്കിലെടുത്താൽ തയ്യാറെടുപ്പിനായി വളരെയധികം അവസരങ്ങളാണ് ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത്. അതിൽ തന്നെ ന്യൂസിലന്റിനെതിരായ അഞ്ചു ടി ട്വന്റി മത്സരങ്ങളുടെയും ലോകകപ്പിനു തൊട്ടു മുന്നേ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെയും വിദേശ പരമ്പരകൾ വിദേശസാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ ടീമിനു വളരെയധികം സഹായകമാവുമെന്നതിൽ സംശയമില്ല.
തയ്യാറെടുപ്പിനു മാത്രമല്ല ഈ മത്സരങ്ങൾ ഇന്ത്യക്കു പ്രയോജനകരമാവുക. കുട്ടി ക്രിക്കറ്റിൽ കഴിവുതെളിയിച്ച ഒരുപിടി പ്രതിഭകളെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പരീക്ഷിക്കാനും അവർക്കു മത്സരപരിചയം നൽകുവാനും ഈ മത്സരങ്ങൾ സഹായിക്കും. മാത്രമല്ല ഇനിയും തീരുമാനമാകാത്ത പല പൊസിഷനുകളിലും ഏറ്റവും അനുയോജ്യനായ കളിക്കാരനെ തിരഞ്ഞെടുക്കാൻ സെലെക്ടർമാരെയും ഈ മത്സരങ്ങൾ സഹായിക്കുമെന്നതിൽ സംശയമില്ല. ഈ വരുന്ന ഐ. പി. എല്ലിൽ കഴിവു തെളിയിക്കുന്ന ഒന്നിലധികം യുവതാരങ്ങൾ ഒരു പക്ഷേ ഈ വർഷം ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചേക്കാം. മാത്രമല്ല സഞ്ജു സാംസൺ, ശിവം ദുബെ, ദീപക് ചഹാർ, മനീഷ് പാണ്ഡെ തുടങ്ങി കഴിഞ്ഞ വർഷം സെലെക്ടർമാരുടെ ലിസ്റ്റിൽ ഇടം നേടിയ പല കളിക്കാർക്കും ഇന്ത്യയുടെ ടി ട്വന്റി ടീമിൽ സാന്നിധ്യം ഉറപ്പിക്കാൻ സാധിക്കും.
2007ൽ നടന്ന പ്രഥമ ടി ട്വന്റി ലോകകപ്പ് കിരീടമുയർത്തിയ ശേഷം രണ്ടാമതൊരു തവണ കുട്ടി ക്രിക്കറ്റിന്റെ നെറുകയിലെത്താൻ ഇന്ത്യൻ ടീമിനു സാധിച്ചിട്ടില്ല. പല തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ചാംപ്യൻ പട്ടം സ്വന്തമാക്കാൻ ഇത്തവണ ടീം രണ്ടും കൽപിച്ചാണ്. മികച്ച മുന്നൊരുക്കങ്ങളുമായി ഇന്ത്യൻ ടീം കളത്തിലിറങ്ങുമ്പോൾ കിരീടം വീണ്ടും ഇന്ത്യയിലേക്കു വരുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും.






































