ലോകത്തിന്റെ നെറുകയിൽ ഹംപി
ഒരിടവേളയ്ക്കു ശേഷം കൊനേരു ഹംപി ചതുരംഗക്കളത്തിനു മുന്നിലേക്കു തിരികെയെത്തിയത് ആ സുവർണ നേട്ടം കരസ്ഥമാക്കാനായിരുന്നു. 2017ൽ സാക്ഷാൽ വിശ്വനാഥൻ ആനന്ദ് ഇന്ത്യയിലേക്കെത്തിച്ച ലോക റാപിഡ് ചെസ് കിരീടം ഹംപി വീണ്ടും ഇന്ത്യയിലെത്തിച്ചുകൊണ്ടു രണ്ടുവര്ഷത്തിനു ശേഷം കൊനേരു ഹംപിയെന്ന ആന്ധ്രാപ്രദേശുകാരി വീണ്ടും ലോക ചെസ് രംഗത്ത വാർത്തകൾ സൃഷിക്കുകയാണ്.
ഒരു കാലത്തു ചെസ് രംഗത്തെ അദ്‌ഭുത ബാലികയായിരുന്നു ഹംപി. 2002ൽ പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ളപ്പോൾ ചെസ് ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായാണ് അവൾ വാർത്തകളിൽ നിറഞ്ഞത്. അതിനു മുന്നേ തന്നെ 1997ലെ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ പത്തു വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ മൂന്നു സ്വർണമെഡലുകൾ അവൾ സ്വന്തമാക്കിയിരുന്നു. പിന്നീടങ്ങോട്ടു പല ലോകകിരീടങ്ങളും അവളെ തേടിയെത്തി. ലോക ചെസ് രംഗത്തിന് ഇന്ത്യ നൽകിയ ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നായി അവളുടെ പേരും വാഴ്ത്തപ്പെട്ടു. 2001ൽ ലോക ജൂനിയർ ചെസ് കിരീടം സ്വന്തമാക്കിയ അവൾ തൊട്ടടുത്ത വർഷം വീണ്ടും ലോക ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയെങ്കിലും ടൈ ബ്രേക്ക്റിൽ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
2009-10 ൽ നടന്ന വനിതകളുടെ ഫിഡെ അന്താരാഷ്ട്ര ചെസ് ഗ്രാൻഡ് പ്രിക്സിൽ രണ്ടാം സ്ഥാനം നേടിയ ഹംപി പിന്നീട് 2011 മുതൽ 2014 വരെ എല്ലാ വർഷവും ഇതേ ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നു. 2014ൽ വിവാഹശേഷവും അന്താരാഷ്ട്ര ചെസ് രംഗത്തു സജീവ സാന്നിധ്യമായിരുന്ന അവർ 2015ൽ ചൈനയിൽ നടന്ന ലോക ടീം ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വെങ്കലമെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.
2016ലാണ് ഹംപി ചെസ്സിൽ നിന്നും ഒരു ഇടവേള സ്വീകരിച്ചത്. പിന്നീട് ഒരു കുഞ്ഞിനു ജന്മം നൽകിയ ഹംപി 2018ൽ വീണ്ടും ചതുരംഗപ്പലകയ്ക്കു മുന്നിൽ സജീവമായി. ഇപ്പോഴിതാ വീണ്ടും ഒരു ലോകകിരീടം കൂടി ഇന്ത്യയിലെത്തിച്ചു ഹംപി നമ്മുടെ അഭിമാനമാവുകയാണ്. ഇനിയും ഒട്ടേറെ വിജയങ്ങൾ നേടാൻ, നമ്മുടെ അഭിമാനം വാനോളമുയർത്താൻ അവർക്കു സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രത്യാശിക്കാം.