Cricket Editorial Top News

മാറിച്ചിന്തിക്കുന്ന സഞ്ജു !!!

December 29, 2019

author:

മാറിച്ചിന്തിക്കുന്ന സഞ്ജു !!!

“Found some good pics with gloves on”

ഈ അടിക്കുറിപ്പോടെ തന്റെ ഫേസ്ബുക് പേജിൽ സഞ്ജു അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്തിടെ വിക്കറ്റിനു പിന്നിൽ മോശം ദിവസങ്ങൾ മാത്രം സൃഷ്ടിക്കുന്ന ഋഷഭ് പന്തിനും അയാളെ സംരക്ഷിക്കുന്ന ബി.സി.സി.ഐയോടുമുള്ള പരിഹാസമാണെന്നും ചില ആരാധകർ ഈ ചിത്രങ്ങളെ വ്യാഖ്യാനിക്കുന്നുണ്ട്.

പക്ഷേ തീർച്ചയായും ഒരുകാര്യം ഉറപ്പാണ്. ഇനിയുള്ള ദിവസങ്ങളിൽ വിക്കെറ്റ് കീപ്പിങ് ഗ്ലൗസ് തന്നെയാകും സഞ്ജുവിനു ഭാഗ്യം കൊണ്ടുവരിക. വിക്കറ്റിനു പിന്നിലെ മികച്ച പ്രകടനങ്ങൾക്കൊപ്പം ബാറ്റിങ്ങിലും മികവു പുലർത്താൻ സഞ്ജുവിനു സാധിച്ചാൽ തീർച്ചയായും ഇന്ത്യൻ ദേശീയടീമിൽ ഇടം നേടാൻ ഈ തിരുവനന്തപുരംകാരനു സാധിക്കും.

കഴിഞ്ഞ ആഭ്യന്തര സീസണിന്റെ ഭൂരിഭാഗം മത്സരങ്ങളിലും സഞ്ജു സാംസൺ ഒരു സ്പെഷ്യലിസ്റ് ബാറ്റ്സ്മാൻ ആയാണ് കളിച്ചിരുന്നത്. കേരളാ ടീമിൽ മുഹമ്മദ്‌ അസ്ഹറുദ്ദീനും ഐ. പി. എല്ലിൽ രാജസ്ഥാന് വേണ്ടി ജോസ് ബട്ലറും സഞ്ജുവിനൊപ്പം ടീമിൽ കളിച്ചപ്പോൾ വിക്കെറ്റ് കീപ്പിങ് ഒഴിവാക്കിയത് തീർച്ചയായും അയാൾക്കു വിനയായി എന്ന സത്യം അംഗീകരിക്കാതെ തരമില്ല.

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ സ്വയം ഒഴിഞ്ഞുനിന്ന വിരാട് കൊഹ്‌ലിയ്ക്കു പകരക്കാരനായി സഞ്ജുവിനെ ടീമിൽ ഉൾപെടുത്തുമ്പോൾ സെലക്ടർമാർ വ്യക്തമാക്കിയിരുന്നു ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ എന്ന രീതിയിലാണ് അയാൾ ടീമിലെത്തുന്നതെന്ന്. അക്കാരണം ചൂണ്ടിക്കാട്ടിയാണ് തുടർന്നു നടന്ന വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള സ്‌ക്വാഡിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതും. ഒരുപക്ഷേ വിക്കെറ്റ് കീപ്പർ എന്ന നിലയ്കായിരുന്നു സഞ്ജു ടീമിൽ ഉൾപെടുത്തപ്പെട്ടിരുന്നതെങ്കിൽ അയാൾ ഒരു മത്സരമെങ്കിലും ഇതിനോടകം കളിച്ചേനെ.

അങ്ങനെ സമർത്ഥിക്കാൻ ഒരുപാടു കാരണങ്ങളുണ്ട്. ഏററവും പ്രധാനം ഇപ്പോൾ ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന്റെ പ്രകടനം തന്നെ. വിൻഡീസിനെതിരായ മത്സരത്തിലെ ഒരു അർധസെഞ്ചുറി മാറ്റിനിർത്തിയാൽ 2019ൽ ഇന്ത്യൻ ടീമിൽ ഏറ്റവും ദുരന്തമായത് ഋഷഭ് പന്തായിരുന്നു. ബാറ്റുകൊണ്ടും ഗ്ലൗസുകൊണ്ടും ഒരുപോലെ പരാജയമായിരുന്നു പന്ത്. ലോകകപ്പ് സെമി ഫൈനലടക്കം ഒരുപാടു നിർണായക നിമിഷങ്ങളിൽ പന്ത് പുറത്തായ ഷോട്ടുകൾ ഒരിക്കലും ഒരു അന്താരാഷ്ട്ര താരത്തിൽ നിന്നും പ്രതീക്ഷിക്കാത്തതാണ്. പക്ഷേ അത്രയേറെ മോശം പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്നും പന്ത് ടീമിലുണ്ട്. സെലെക്ടർമാർക്കും മുതിർന്ന കളിക്കാർക്കും അയാളോടുള്ള താല്പര്യം എന്നതിലേറെ പന്തിനെ ടീമിൽ പിടിച്ചു നിർത്തുന്നത് അയാൾക്ക് ആഭ്യന്തര ക്രിക്കറ്റിൽ നിന്നും കാര്യമായ വെല്ലുവിളികൾ ഇല്ലായെന്നതാണ്. അല്ലെങ്കിൽ മറ്റൊരു പേര് ഉയർന്നുവരാൻ മാനേജ്മെന്റ് അനുവദിക്കുന്നില്ല.

പക്ഷേ പന്തിന്റെ അവസരങ്ങൾ എണ്ണപ്പെടുകയാണ്. ഏറിയാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി ട്വൻറി ലോകകപ്പ് മത്സരം. അതിനുശേഷവും പന്ത് പരിതാപകരമായ ഫോം തുടർന്നാൽ സെലെക്ടമാർ മാറിചിന്തിക്കുമെന്നതിൽ സംശയമില്ല. അതിനാൽ സഞ്ജുവിന്റെ ഇനിയുള്ള പ്രകടനങ്ങൾ നിർണായകമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും. ഈ ചിത്രങ്ങൾ അതിനുള്ള തുടക്കമാകട്ടെ.

Leave a comment