ആക്രമണം മറക്കുന്നു ബെംഗളൂരു എഫ്.സി
ആക്രമണം മറക്കുന്നുവോ ബെംഗളൂരു എഫ്. സി?
ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിൽ ബെംഗളൂരു എഫ്സിയുടെ പ്രകടനം കാണുന്നവർ ഈ ചോദ്യം ഉന്നയിച്ചാൽ അതിശയപ്പെടാനില്ല. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ചു നിരാശാജനകമായ പ്രകടനം തന്നെയാണ് ബെംഗളൂരു ഈ സീസണിൽ കാഴ്ചവെക്കുന്നത്. ലീഗിൽ ഇപ്പോഴും ടോപ് ഫോറിൽതന്നെയുണ്ടെങ്കിലും കഴിഞ്ഞ സീസണുകളിൽ ടീം പ്രകടിപ്പിച്ചിരുന്ന ആക്രമണോൽസുകത ഈ സീസണിൽ ബെംഗളുരുവിനു കൈമോശം വന്നിരിക്കുന്നു.
നിലവിലെ ചാമ്പ്യന്മാരായ ബംഗളുരു ലീഗിൽ പത്തു മത്സരങ്ങൾ പിന്നിടുമ്പോൾ പതിനാറു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പക്ഷേ ചില കണക്കുകൾ അവരുടെ ആക്രമണത്തിലെ പോരായ്മകൾ തുറന്നു കാട്ടുന്നുണ്ട്. ലീഗിലെ ആദ്യ അഞ്ചു സ്ഥാനക്കാരിൽ ഏറ്റവും കുറവു ഗോളുകൾ നേടിയിരിക്കുന്നത് ബംഗളൂരുവാണ്. കഴിഞ്ഞ ദിവസം എ. ടി. കെ യ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ മത്സരത്തിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും സ്വന്തമാക്കാൻ അവർക്കു സാധിച്ചിരുന്നില്ല. ഏറ്റവും മികച്ച ഇന്ത്യൻ സ്ട്രൈക്കർ സുനിൽ ഛേത്രി അണിനിരക്കുന്ന ആക്രമണനിരയാണ് ഇതെന്നുകൂടി ചേർത്തു വായിക്കുമ്പോൾ ആരാധകർ നിരാശപ്പെട്ടാൽ അതിൽ അദ്ഭുതപ്പെടാനില്ല. കഴിഞ്ഞ സീസണിൽ പതിനെട്ടു മത്സരങ്ങളിൽ നിന്നും ഇരുപത്തൊന്പതു ഗോളുകൾ നേടാൻ ബെംഗളുരുവിനു സാധിച്ചിരുന്നു.
കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിന്റെ ആക്രമണങ്ങളിൽ തിളങ്ങിയിരുന്ന സ്പാനിഷ് ഫോർവേഡ് മിക്കുവിന്റെ അഭാവം ടീമിന്റെ ആക്രമണങ്ങളിൽ നിഴലിക്കുന്നുണ്ട്. 2017 -18 സീസണിൽ പതിനഞ്ചും 2018- 19 സീസണിൽ പന്ത്രണ്ടു മത്സരങ്ങളിൽ നിന്നും അഞ്ചും ഗോളുകൾ നേടിയ മിക്കുവും ഛേത്രിയും ചേർന്ന ആക്രമണനിരയായിരുന്നു ബെംഗളൂരു വിജയങ്ങളുടെ നട്ടെല്ല്. ഇത്തവണ ഛേത്രി നിറം മങ്ങിയാൽ ടീം ഗോളടിക്കാൻ മറക്കുന്നു എന്നുള്ളതും ബെംഗളൂരു ആക്രമണങ്ങളുടെ സ്ഥിതിവിവരകണക്കുകളിൽ പ്രകടമാണ്. എ. ടി. കെയ്ക്കെതിരായ മത്സരത്തിൽ ഛേത്രി തീർത്തും നിറം മങ്ങിയിരുന്നു. മിക്കുവിന് പകരം ടീമിലെത്തിയ മാനുവൽ ഒൻവുവും ഇതുവരെ മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്.
വിങ്ങുകൾ നിശബ്ദമായതും ബെംഗളൂരു സ്കോറിങ്ങിനെ നന്നായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ മിക്കു പരിക്കുമൂലം പുറത്തിരുന്നപ്പോഴും ഗോളുകൾ കണ്ടെത്താൻ വിങ്ങർമാർ സഹായിച്ചിരുന്നു. പക്ഷേ ഇത്തവണ ഗോളടിക്കുകയെന്ന ദൗത്യം ഛേത്രിയിൽ മാത്രം നിക്ഷിപ്തമായതുപോലെയാണ് ടീമിന്റെ ഘടന. ലീഗിൽ ഇതുവരെ നേടിയ പതിനൊന്നിൽ അഞ്ചും ഇന്ത്യൻ നായകന്റെ ബൂട്ടിൽനിന്നാണ്. ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന റാഫേൽ അഗസ്റ്റോയും ആ പ്രതീക്ഷകൾക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കുന്നില്ല.
നിലവിലെ പോയന്റ് പട്ടികയും മറ്റു ടീമുകളുടെ ഫോമും പരിശോധിച്ചാൽ ഇത്തവണയും ബെംഗളൂരു ആദ്യനാലിൽ ഉണ്ടാകാൻ സാധ്യത ഏറെയാണ്. പക്ഷേ കിരീടം നിലനിർത്തണമെങ്കിൽ ഛേത്രിയിൽ മാത്രം വിശ്വസിച്ചുള്ള കളിയിൽ നിന്നും അവർ മാറി ചിന്തിക്കേണ്ടിവരും. എ.ടി.കെ പോലുള്ള ടീമുകളെ പരാജയപ്പെടുത്താൻ ബെംഗളൂരു പരിശീലകൻ ചാൾസ് ക്വാഡ്രാട് പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചേ മതിയാകൂ.






































