പേസ് യുഗം അവസാനിക്കുമ്പോൾ
ഒരു ദശാബ്ദത്തിനോടു വിടപറയാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന ഇന്ത്യൻ കായികലോകത്തിന് അത്യന്തം വിഷമകരമായ ഒരു വാർത്തയാണ് ഇന്നലെ പുറത്തുവന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെന്നീസ് താരം എന്നു വിശേഷിപ്പിക്കാവുന്ന ലിയാണ്ടർ പേസ് പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ചിരിക്കുന്നു. 2020 തന്റെ പ്രൊഫഷണൽ കരിയറിലെ അവസാന വർഷമാകുമെന്ന് പേസ് തന്റെ ട്വിറ്റെർ സന്ദേശത്തിലൂടെ കായികലോകത്തെ അറിയിക്കുമ്പോൾ അവസാനമാകുന്നത് കാൽ നൂറ്റാണ്ടിലേറെ പിന്നിട്ട ഒരു കായിക സപര്യയ്ക്കാണ്.
രണ്ടു പതിറ്റാണ്ടിലേറെ കാലം മുൻപ് 1996 ഓഗസ്റ്റ് നാലാം തീയതി പുലർച്ചെ ദിനപത്രത്തിലെ കായിക വാർത്തകളിലൂടെ കണ്ണോടിച്ച ഇന്ത്യക്കാരെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ ഒരു വാർത്തയായിരുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിൽ നടക്കുന്ന ഒളിമ്പിക്സിലെ ടെന്നിസ് സിംഗിൾസ് മത്സരത്തിൽ ഇന്ത്യയുടെ ലിയാണ്ടർ പേസ് വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. 1952 ഹെൽസിങ്കി ഒളിമ്പിക്സിലെ ഗുസ്തിയിൽ കാഷ്ബാ ദാദാസാഹേബ് നേടിയ വെങ്കല മെഡലിനുശേഷം ഒരു ഒളിമ്പിക്സ് മെഡലിനായുള്ള നൂറുകോടിയോളം വരുന്ന ജനതയുടെ കാത്തിരിപ്പിനു ഒരു ഇരുപത്തിരണ്ടുകാരൻ അറുതി വരുത്തിയിരിക്കുന്നു.
അയാൾ ഇന്നൊരു മധ്യവയ്സകനാണ്. പക്ഷേ ഇപ്പോഴും ടെന്നീസ് റാക്കറ്റുമേന്തി കളത്തിലിറങ്ങുമ്പോൾ അയാളിൽ കാണാനാവുക ആ ഇരുപത്തിരണ്ടുകാരന്റെ ചുറുചുറുക്കും പ്രസരിപ്പുമാണ്. ഡബിൾസിൽ തനിക്കൊപ്പം കളിക്കുന്ന ചെറുപ്പക്കാരേക്കാൾ വേഗതയിൽ അയാളുടെ കാലുകൾ ആ ടെന്നീസ് കോർട്ടിലൂടെ ഒഴുകിനടക്കും. എതിരാളിയുടെ ചലനങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് അയാൾ അതിവിദഗ്ദമായി പന്തിനെ കളത്തിലെ ശൂന്യമായ പ്രദേശങ്ങളിലേക്കു തഴുകി യാത്രയാക്കും.
അറ്റ്ലാന്റാ ഒളിമ്പിക്സിനു മുന്നേ ലിയാണ്ടർ പേസ് ടെന്നീസ് ലോകത്തു വാർത്തയായിരുന്നു. യൂത്ത് വിംബിൾഡൺ, യു.എസ് ഓപ്പൺ കിരീടങ്ങൾ സ്വന്തമാക്കിയാണ് അയാൾ വരവറിയിച്ചത്. ഇന്ത്യൻ ടെന്നീസ് ഇതിഹാസം രാമനാഥൻ കൃഷ്ണന്റെ മകനായ രമേശ് കൃഷ്ണനുമൊത്ത് 1992 ബാഴ്സലോണ ഒളിമ്പിക്സിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനും പേസിനു സാധിച്ചിരുന്നു.
അറ്റ്ലാന്റാ ഒളിംപിക്സിലെ വ്യക്തിഗതനേട്ടമാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി അയാൾ എടുത്തുകാട്ടുന്നതെങ്കിലും ടീം ഗെയിമിനോടായിരുന്നു എന്നും അയാൾക്കു പ്രിയം. ഡബിൾസിലും മിക്സഡ് ഡബിൾസിലും അയാൾ ലോകത്തെ എണ്ണം പറഞ്ഞ ടെന്നീസ് താരങ്ങളിലൊരാളായി. തന്റെ പ്രിയ കൂട്ടുകാരൻ മഹേഷ് ഭൂപതിയുമൊത്ത് അയാൾ പുതിയ നേട്ടങ്ങൾ വെട്ടിപ്പിടിച്ചു. ലോകം ഒന്നടങ്കം നോക്കിനിൽക്കേ ഗ്രാൻഡ്സ്ളാം കിരീടങ്ങൾ ഓരോന്നായി അവർ ഇന്ത്യയിലേക്കു കൊണ്ടുവന്നു. ഒരുപക്ഷെ ടെന്നീസ് എന്ന വാക്കു കേൾക്കുമ്പോൾ ഇന്ത്യക്കാരുടെ മനസ്സിൽ ആദ്യമോടിയെത്തുക പേസിന്റെ മുഖമായിരിക്കും.
1998ൽ ലോക ഒന്നാം നമ്പർ താരം പീറ്റ സാംപ്രസിനെ നേരിട്ടുള്ള സെറ്റുകൾക്ക് അടിയറവു പറയിച്ചിട്ടുണ്ടയാൾ. തൊട്ടടുത്ത വർഷം ഭൂപതിയുമൊത്ത് നാലു ഗ്രാൻഡ്സ്ളാം ഫൈനലുകളിലും അയാൾ കളിച്ചു. അവയിൽ രണ്ടിലും കിരീടവും ചൂടി. ആ വർഷം ഡബിൾസ് ലോകറാങ്കിങ്ങിൽ ഒന്നാമതെത്താനും പേസ്-ഭൂപതി കൂട്ടുകെട്ടിനു കഴിഞ്ഞു. ലോക വനിതാ ടെന്നിസ് ഇതിഹാസം മാർട്ടീന നവരത്ലോവയായിരുന്നു മിക്സഡ് ഡബിൾസിൽ പേസിന്റെ പങ്കാളി. നവര്തലോവയ്ക്കൊപ്പം 2003 ഓസ്ട്രേലിയൻ ഓപ്പൺ, വിംബിൾഡൻ കിരീടങ്ങളും പേസ് കരസ്ഥമാക്കി.
ഡബിൾസിലും മിക്സഡ് ഡബിൾസിലും പിന്നീട് പങ്കാളികൾ മാറിമാറി വന്നെങ്കിലും അവരുമൊത്ത് അയാൾ വിജയങ്ങൾ നേടിക്കൊണ്ടേയിരുന്നു. കാര ബ്ലാക്കും, മാർട്ടീന ഹിൻജിസും, ലൂക്കാസ് ഡിലോഹിയെയുമൊക്കെ പങ്കാളികളാക്കി പേസ് ഗ്രാൻഡ്സ്ളാം വിജയങ്ങൾ സ്വന്തമാക്കി. മൂന്നു ദശകങ്ങളായി ടെന്നിസിനൊപ്പം അയാൾ സഞ്ചരിക്കുന്നുണ്ട്. ആ സഞ്ചാരത്തിനിടയിൽ അനവധി ബഹുമതികളും അയാളെ തേടിയെത്തി. പതിനെട്ടു ഗ്രാൻഡ്സ്ളാം കിരീടങ്ങൾ!!, മൂന്നു ദശകങ്ങളിൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടുന്ന താരം, ഒരേ വർഷം ഒരേ ഗ്രാൻഡ്സ്ളാമിന്റെ വ്യത്യസ്ത വിഭാഗങ്ങളിലെ കിരീടവിജയം, രാജ്യത്തെ പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം, പത്മഭൂഷൺ അങ്ങനെ ഇന്ത്യയിൽ ഒരുപക്ഷേ ഇനിയൊരു ടെന്നീസ് താരവും നേടാൻ സാധിക്കാത്ത ബഹുമതികൾ ലിയാണ്ടർ പേസ് സ്വന്തമാക്കിയവയിൽ ചിലതു മാത്രമാണിവ.
“He’s a flying jumping bean, a bundle of hyperkinetic energy, with the tour’s quickest hands.”
ടെന്നീസ് ഇതിഹാസം ആന്ദ്രേ അഗാസിയുടെ ആത്മകഥയിലെ ഈ വരികളിലുണ്ട് ലിയാണ്ടർ പേസിന്റെ പ്രതിഭ.
1972 മ്യൂണിക് ഒളിമ്പിക്സ് വെങ്കലമെഡൽ നേടിയ ഹോക്കി ടീമിലെ അംഗമായ വെസ് പേസിന്റെയും ഏഷ്യൻ ബാസ്കറ്റ്ബാൾ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ നയിച്ച ജെനിഫറിന്റെയും മകൻ ലിയാണ്ടർ അഡ്രിയാൻ പേസ് തന്റെ ടെന്നീസ് റാക്കറ്റ്
താഴെ വയ്ക്കുമ്പോൾ അവസാനിക്കുക ഒരു കാലഘട്ടം കൂടിയാണ്. ക്രിക്കറ്റിനപ്പുറം ലോകം കീഴടക്കാൻ കഴിവുള്ളവർ തങ്ങളുടെ നാട്ടിലുണ്ടെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യക്കാർ അൽപം അഹങ്കാരത്തോടെതന്നെ വിളിച്ചുപറഞ്ഞ ഒരു കാലഘട്ടത്തിന്റെ അവസാനം.






































