ഋഷഭ് പന്തും, ഇന്ത്യയും, കുറെ സംശയങ്ങളും
“ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പിങ് പരിശീലിപ്പിക്കാനായി പരിശീലകനെ ഏർപ്പെടുത്തുന്നു.”
രാജ്യത്തെ ക്രിക്കറ്റ് പ്രേമികളിൽ അദ്‌ഭുതം ഉളവാക്കിയ ഒരു വാർത്തയായിരുന്നു ഇത്. അതു കേട്ടതാകട്ടെ ഇന്ത്യൻ ടീം സെലെക്ഷൻ കമ്മിറ്റി അധ്യക്ഷൻ എം.എസ്. കെ പ്രസാദിൽ നിന്നും. ക്രിക്കറ്റിനെ ഇത്ര ഭ്രാന്തമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് ഇത്രമാത്രം പ്രതിഭാദാരിദ്ര്യമോ?. അതോ മറ്റൊരാൾക്കും റീപ്ലേസ് ചെയ്യാൻ സാധിക്കാത്ത വിധം ഒരു അപൂർവ പ്രതിഭാസമാണോ ഋഷഭ് പന്ത്?.
രണ്ടു ചോദ്യങ്ങൾക്കും അല്ലായെന്നു മാത്രമാണ് ഉത്തരം. സഞ്ജു സാംസണെപ്പോലെ ഇഷാൻ കിഷനെപ്പോലെ ഒരുപാടു പ്രതിഭകൾ മികച്ച പ്രകടനങ്ങളുമായി ആ സ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഒരു പാർട്ട് ടൈം വിക്കെറ്റ് കീപ്പറായ കെ.എൽ രാഹുൽ പോലും ഋഷഭിനെക്കാൾ മികച്ചവൻ അല്ലേയെന്നു പല ആരാധകരും സംശയം ഉന്നയിക്കുന്ന തരത്തിലുള്ള പ്രകടനമാണ് വിക്കറ്റിനു പിന്നിലും മുന്നിലും പന്ത് കാഴ്ചവെക്കുന്നത്. എന്തുകൊണ്ടാണ് അവരെയെല്ലാം അവഗണിക്കുവാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അധികാരികളെ പ്രേരിപ്പിക്കുന്ന ഘടകം.
അടുത്ത വർഷം നടക്കുന്ന ടി ട്വന്റി ലോകകപ്പിനു മുൻപായി ഇനിയൊരു പരീക്ഷണത്തിനു സമയമില്ല എന്നതാകാം ഒരു ന്യായീകരണം. ടീമിൽ നിന്നും സ്വയം ഒഴിഞ്ഞുനിൽക്കുന്ന ധോണി മടങ്ങിയെത്തിയില്ലയെങ്കിൽ തീർച്ചയായും ഋഷഭ് പന്ത് തന്നെയാകും ഇന്ത്യൻ ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. മാത്രമല്ല ഐ. പി.എല്ലിലെ പ്രകടനത്തേ ആശ്രയിച്ചാകും ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവെന്നും സെലെക്ടർമാർ പ്രഖ്യാപിച്ചിരുന്നു. അതുകൂടി ചേർത്തു വായിച്ചാൽ തീർച്ചയായും ഋഷഭ് പന്തിന് തന്നെയാകും സാദ്ധ്യതകൾ.
പക്ഷേ ഇന്ത്യൻ ദേശീയ ടീമിന്റെ ഒന്നാം നമ്പർ വിക്കെറ്റ് കീപ്പറായ ഒരു കളിക്കാരനായി പ്രത്യേകം വിക്കെറ്റ് കീപിങ് പരിശീലകൻ എന്നത് തീർച്ചയായും ആരാധകരെ അമ്പരപ്പിക്കും. അതു തീർച്ചയായും വിമർശനങ്ങൾ വിളിച്ചുവരുത്തും. മുപ്പതോളം ടീമുകൾ പങ്കെടുക്കുന്ന രഞ്ജി ട്രോഫി ടൂർണമെന്റും സയ്യിദ് മുഷ്‌താഖ് അലി ടൂർണമെന്റും വിജയ് ഹസാരെ ട്രോഫിയും. മേഖലകൾ തിരിച്ചുള്ള ദുലീപ് ട്രോഫിയും അടക്കം മികച്ച ഒരു ആഭ്യന്തര ഘടനയുണ്ട് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്. അതിലൂടെ കടന്നുവരുന്നതാണ് ഓരോ ഇന്ത്യൻ കളിക്കാരനും. തീർച്ചയായും പന്തും അങ്ങനെ തന്നെ കടന്നുവന്നതാണ്. ഐ. പി.എല്ലിൽ അയാളുടെ പ്രകടനങ്ങൾ അത്ര മികച്ചതായതുകൊണ്ടാണ് പന്ത് ദേശീയടീമിലെത്തിയത്. അതിനാൽ തന്നെയാണ് വീണ്ടും ഈ ചോദ്യം പ്രസക്തമാകുന്നത്. അപ്രകാരം കടന്നുവന്ന ഒരു കളിക്കാരനു ടീമിൽ പിടിച്ചുനിൽക്കാനായി വീണ്ടും ഒരു പരിശീലകനെ ഏർപ്പെടുത്തേണ്ടതുണ്ടോ?.
ലോകകപ്പിനു ശേഷവും മോശം പ്രകടനം തുടർന്നാൽ സെലെക്ടർമാർ പന്തിനു അവസരങ്ങൾ നൽകുമോ?. പന്തിനു പകരം മറ്റൊരു കളിക്കാരൻ ഇതേ നിലയിലെത്തിയാൽ അയാൾക്കു വേണ്ടിയും മാനേജ്മെന്റ് ഇതേ ദയവു കാട്ടുമോ?. ചോദ്യങ്ങൾ അനവധിയുണ്ട്. സമീപഭാവിയിൽ ഉത്തരം ലഭിക്കേണ്ടവ.






































