ധോണിയിസം നിറഞ്ഞാടിയ പതിനഞ്ചു വർഷങ്ങൾ
നിയോഗമെന്ന വാക്കിനോടു ചേർത്തു വിശേഷിപ്പിക്കാൻ കായികരംഗത്ത് ഏറ്റവും അനുയോജ്യനായ വ്യക്തി മഹേന്ദ്ര സിങ് ധോണി എന്ന റാഞ്ചിക്കാരനായിരിക്കും. 2004 ഡിസംബർ ഇരുപത്തിമൂന്നാം തീയതി ഒരു നീളൻ മുടിക്കാരൻ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിൽ പാഡുകെട്ടുമ്പോൾ ആരും വിചാരിച്ചിരിക്കില്ല രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം ഒരിക്കൽക്കൂടി ക്രിക്കറ്റിന്റെ ലോകകിരീടം ഇന്ത്യയിലേക്കെത്തുക അയാളിലൂടെയായിരിക്കുമെന്ന്. പക്ഷേ ആ നിയോഗം അയാളുടെ കൈകളിലായിരുന്നു കുറിക്കപ്പെട്ടിരുന്നത്. ഒരു തവണയല്ല രണ്ടു ലോകകപ്പ് കിരീടങ്ങൾ അയാളിലൂടെ ക്രിക്കറ്റിനെ ഭ്രാന്തമായി സ്നേഹിക്കുന്ന ദേശത്തേക്കു കടൽ കടന്നെത്തി. പതിറ്റാണ്ടുകളായി കാത്തിരുന്ന നിമിഷങ്ങൾ സമ്മാനിച്ച ആ നീളൻ മുടിക്കാരൻ ആ ദേശക്കാർക്കു ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരുവനായി മാറി.
തന്റെ ഓരോ ചുവടുവെപ്പും ലോകം മുഴുവൻ ശ്രദ്ധയോടെ വീക്ഷിക്കുന്ന ധോണിയായി അയാൾ മാറിയത് ഒരു നിമിഷാർദ്ധം കൊണ്ടായിരുന്നില്ല. ഒരു ടിക്കറ്റ് കളക്ടറിൽനിന്നും ലോകമെമ്പാടും ആരാധകരുള്ള ഇതിഹാസമായി മാറിയ ആ യാത്രയിൽ അയാൾ പിന്നിട്ട പാതകൾ അതീവ ദുർഘടമായിരുന്നു. പലപ്പോഴും ഒരു കൈ സഹായം പോലുമില്ലാതെ വീഴ്ചകളിൽ നിന്നും പാഠം പഠിച്ച് അയാൾ ആ യാത്ര തുടർന്നു. അയാളുടെ ജൈത്രയാത്രയിൽ ഒരു രാജ്യം മുഴുവൻ പങ്കാളിയായതിന്റെ പതിനഞ്ചാം വാർഷികമാണിന്ന്. ആദ്യ ഇന്നിങ്സിൽ ഒരു റൺ പോലും നേടാതെ പുറത്തായ ആ മനുഷ്യൻ പിന്നീട് പലതവണ ഒറ്റയാൾപോരാട്ടങ്ങളിലൂടെ ഇന്ത്യയെ വിജയങ്ങളിലേക്കു നയിച്ചു. വിക്കറ്റിനു പിന്നിലെ അയാളുടെ ബുദ്ധികൂർമതയും ശരവേഗവും എത്ര മത്സരങ്ങളാണ് ഇന്ത്യക്കു സമ്മാനിച്ചത്. വിജയത്തെപ്പറ്റി മാത്രം ചിന്തിക്കാൻ ഇന്ത്യൻ ടീമിനെയും ആരാധകരെയും പഠിപ്പിച്ച ആ മനുഷ്യനെ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ഇന്ത്യ നെഞ്ചിലേറ്റും.
ആ റാഞ്ചിക്കാരനിൽ ഒരിക്കലും പ്രതിഭയുടെ അതിപ്രസരമുണ്ടായിരുന്നില്ല, അയാളുടെ ശൈലി ഒരിക്കലും കിടയറ്റത്തായിരുന്നില്ല. പക്ഷേ തന്നെക്കാൾ പ്രതിഭയുള്ളവരെ, വളരെ മുന്നേ മികവു തെളിയിച്ചവരെ മുന്നിൽ നിന്നു നയിക്കാൻ ധോണിക്കു സാധിച്ചിരുന്നു. ഓരോ കളിക്കാരനിൽ നിന്നും നൂറു ശതമാനം പ്രതിബദ്ധതയും അർപണബോധവും ടീമിനായി ഈടാക്കുവാൻ അയാൾക്കു കഴിഞ്ഞിരുന്നു.
ഒരു ക്രിക്കറ്റ് പാഠപുസ്തകത്തിലെ വരികളുമായിരുന്നില്ല അയാൾ കളിക്കളത്തിൽ നടപ്പാക്കിയത്. പിന്നിട്ട വഴികളിൽ നേടിയ അനുഭവസമ്പത്ത്. അതായിരുന്നു അയാളുടെ കൈമുതൽ. ടി ട്വൻറി ലോകകപ്പ് ഫൈനലിലെ ആ അവസാന ഓവർ, 2013 ചാംപ്യൻസ് ട്രോഫിയിൽ ഇഷാന്ത് ശർമയുടെ നേർക്കു പന്തു നീട്ടിയ മഹി ബ്രില്ലിയൻസ്, ബംഗളൂരുവിൽ ബംഗ്ലാദേശിനെതിരെ നേടിയ ത്രസിപ്പിക്കുന്ന ഒരു റൺ വിജയം. ഇവിടെയെല്ലാം മനഃസാന്നിധ്യം കാത്തുസൂക്ഷിക്കാൻ അയാൾക്കു സഹായകമായതും ആ അനുഭവസമ്പത്തായിരുന്നു.
തൊട്ടതെല്ലാം പൊന്നാക്കിയവനാണ് ധോണി. മഹേന്ദ്രസിംഗ് ധോണിയെന്ന മനുഷ്യൻ ഇന്ത്യൻ നായകനായതിൽ ഒരുതവണയെങ്കിലും അഭിമാനിക്കാത്ത ഒരു ഇന്ത്യക്കാരൻ പോലുമുണ്ടാകില്ല. വിമർശകർ പോലും സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്ന മനുഷ്യൻ !!. കാരണം ധോണിയിലൂടെ വന്ന നേട്ടങ്ങൾ ഇന്ത്യ അത്രയേറെ ആഗ്രഹിച്ചവയാണ്, ആ നേട്ടങ്ങൾക്കായി നാം എത്രയോ കാലം കാത്തിരുന്നിട്ടുണ്ട്, അവ സ്വന്തമാക്കിയ വിദേശനായകന്മാരെ എത്രയോ തവണ നാം അസൂയയോടെ നോക്കിയിട്ടുണ്ട്.
ധോണിക്കു മുൻപും, അയാൾക്കൊപ്പവും അയാളേക്കാൾ മികവുള്ള താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. അയാൾ വിരമിച്ചശേഷവും തീർച്ചയായും പുതിയ നായകൻമാർ ഉദയം ചെയ്യും. പക്ഷേ ഇനി വരുന്ന ഓരോ ഇന്ത്യൻ നായകനും പിന്തുടരാനാഗ്രഹിക്കുന്ന നാഴികക്കല്ലുകൾ സൃഷ്ടിക്കാൻ സാധിച്ചുവെന്നതാണ് ധോണിയെന്ന നായകനെ ഏറ്റവും മികച്ചവനാക്കുന്നത്.
“കാരണം, ഒരു മികച്ച നായകന്റെ അളവുകോൽ അയാൾ നേടുന്ന റണ്ണുകളോ വീഴ്‌ത്തുന്ന വിക്കെറ്റുകളോ അല്ല. മറിച്ച് തന്റെ ടീമിലെ ഓരോ കളിക്കാരന്റെയും പ്രതിഭയെ അയാൾ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്നതിലാണ്.”






































