Cricket Editorial Top News

രവീന്ദ്ര ജഡേജ; ഇന്ത്യയുടെ യഥാർത്ഥ ത്രീ ഡി പ്ലേയർ

December 23, 2019

author:

രവീന്ദ്ര ജഡേജ; ഇന്ത്യയുടെ യഥാർത്ഥ ത്രീ ഡി പ്ലേയർ

ഇന്ത്യൻ നിരയിലെ വാഴ്ത്തപ്പെടാത്ത താരമാണ് രവീന്ദ്ര ജഡേജ. അയാളുടെ ടീമിലെ സ്ഥാനമെന്തെന്നു തെളിയിക്കുന്ന മറ്റൊരു മികച്ച ഇന്നിംഗ്സാണ് അയാൾ ഇന്നലെ കട്ടക്കിൽ കാഴ്ചവെച്ചത്. രോഹിതിന്റെയും രാഹുലിന്റെയും കൊഹ്ലിയുടെയും പോരാട്ടം വെറുതെയാവില്ലെന്ന് അയാൾ ഉറപ്പു വരുത്തി. ബാറ്റിങ്ങിലെ മൂന്നു മുൻനിര ബാറ്സ്മാന്മാർക്കൊപ്പം രവീന്ദ്ര ജഡേജയോടും ഇന്നലത്തെ വിജയത്തിൽ ഇന്ത്യ കടപ്പെട്ടിരിക്കുന്നു.

ഇന്ത്യയുടെ യഥാർത്ഥ ത്രീ ഡയമൻഷനൽ പ്ലെയർ ആരാണെന്നു വെളിപ്പെടുത്തുന്ന പ്രകടനങ്ങൾ എന്നും ജഡേജ കാഴ്ചവെച്ചിരുന്നു. പ്രത്യേകിച്ച് 2019 അയാളെ സംബന്ധിച്ചിടത്തോളം ഒരു നല്ല വർഷവുമായിരുന്നു. വേഗത്തിൽ ഓവറുകൾ എരിഞ്ഞു തീർക്കാൻ കഴിവുള്ള, സ്പിൻ ബൗളിങ്ങിനെ അകമഴിഞ്ഞു സഹായിക്കുന്ന പിച്ചുകളിൽ ടെസ്റ്റ്‌ മത്സരങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ള, ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങാനുള്ള ഒരു കളിക്കാരനല്ല താനെന്ന് അയാൾ തെളിയിച്ച വർഷമായിരുന്നു ഇത്. അതിന്റെ തുടക്കം ഇന്ത്യ പരാജയപ്പെട്ട ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ നിന്നായിരുന്നു. മുൻനിര ബാറ്റസ്മാൻമാർ പരാജയപ്പെട്ടപ്പോൾ മത്സരത്തിലേക്ക് ഇന്ത്യയെ തിരികെയെത്തിച്ചത്, അവസാന ഓവറുകൾ വരെയും ഇന്ത്യൻ പ്രതീക്ഷകൾക്കു ആയുസ്സ് നീട്ടി നൽകിയത് ധോണിയുമൊത്ത് ജഡേജ നടത്തിയ ചെറുത്തുനിൽപ്പായിരുന്നു. മറ്റെല്ലാ ബാറ്റ്സ്മാന്മാരും താളം കണ്ടെത്താൻ വിഷമിച്ച അതേ പിച്ചിൽ നൂറിലേറെ പ്രഹരശേഷിയിൽ അയാൾ നേടിയ എഴുപത്തിയേഴു റണ്ണുകൾക്ക് പക്ഷേ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

ഒരു മുൻനിര ബാറ്റ്സ്മാൻ ക്രീസിൽ ക്ഷമയോടെ പിടിച്ചു നിന്നിരുന്നെങ്കിൽ ജഡേജയുടെ ആ ഇന്നിംഗ്സ് ലോകകപ്പ് മത്സരങ്ങളിലെ ഏറ്റവും മികച്ചവയിൽ ഒന്നായിരുന്നേനെ. അതങ്ങനെയാണ്, രവീന്ദ്ര ജഡേജ ഒരിക്കലും ടീമിനെ ഒറ്റയ്ക്കു ജയിപ്പിച്ചിരുന്ന ഒരു ക്രിക്കറ്ററല്ല. പക്ഷേ ക്രിക്കറ്റ്‌ എന്ന ടീം ഗെയിമിൽ ജഡേജയെപ്പോലെയുള്ള കളിക്കാരുടെ സ്ഥാനം വളരെ വലുതാണ്. ഒരു ചെറിയ പ്രതീക്ഷയുടെ കച്ചിത്തുരുമ്പിൽ ആളിക്കത്തി ടീമിന് വിജയത്തിളക്കം നൽകാൻ കഴിവുള്ളവർ. ഇയാൻ ബോതം, കപിൽ ദേവ്, ഫ്ലിന്റോഫ് മുതലായ ഒരുപാടു മഹാന്മാരെ നാം ഈ ഗണത്തിൽ പെടുത്താറുണ്ട്. ഈ കാലഘട്ടത്തിൽ ആ വിശേഷണത്തിന് ഏറ്റവും അർഹനായ ഇന്ത്യൻ ക്രിക്കറ്റെർ രവീന്ദ്ര ജഡേജയാകും.

 

രോഹിതും രാഹുലും ചേർന്നു നൽകിയ മികച്ച തുടക്കത്തിനുശേഷം മധ്യനിര വേഗത്തിൽ മടങ്ങിയപ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ തുലാസിലായിരുന്നു. നായകൻ വിരാട് കോഹ്ലിയ്ക്കു കൂട്ടായി ജഡേജ ക്രീസിലെത്തുമ്പോൾ വിജയം നൂറോളം റണ്ണുകൾ അകലെയായിരുന്നു. പക്ഷേ ജഡേജ കൊഹ്‌ലിയ്ക്കു മികച്ച പിന്തുണയാണ് നൽകിയത്. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ നേടി, വിക്കറ്റിനിടയിലെ മികച്ച റണ്ണിങ്ങിലൂടെ ആ റൺ ചേസിന്റെ മുഴുവൻ ചുമതലയും കോഹ്‌ലിയിൽ മാത്രമൊതുങ്ങാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. വിജയത്തിനു മുപ്പതോളം റണ്ണുകൾ അകലെ അപ്രതീക്ഷിതമായി നായകനെ നഷ്ടമായപ്പോൾ ഒരറ്റം ഭദ്രമായി കാത്ത് ജഡേജ ശാർദൂലിനൊപ്പം ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ഇന്നലത്തെ വിജയത്തിൽ ജഡേജയുടെ സംഭാവന മുപ്പത്തിയൊൻപതു റണ്ണുകളാണ്. രോഹിതിന്റെയും രാഹുലിന്റെയും കൊഹ്ലിയുടെയും സ്കോറുകൾക്കു മുന്നിൽ അതു ചെറുതായിരിക്കും. പക്ഷേ ആ ഇന്നിങ്‌സുകൾക്ക് വലിപ്പവും അർത്ഥവും സമ്മാനിച്ചത് ജഡേജയുടെ ചെറിയ ഇന്നിങ്‌സാണ്. അയാളെ ഒരു മഹാനായ താരം എന്നു വിശേഷിപ്പിക്കാൻ സാധിക്കില്ലായിരിക്കാം. പക്ഷേ അയാൾ തീർച്ചയായും ഒരു ഗെയിം ചേഞ്ചറാണ്. ഓരോവറിലൂടെ, ഒരു ചെറിയ ഇന്നിംഗ്സിലൂടെ അതുമല്ലെങ്കിൽ ഒരു മികച്ച ഫീൽഡിങ്ങിലൂടെ അയാൾ കളിയുടെ ഗതി മാറ്റിമറിക്കും. അത്തരമൊരു പ്ലെയർ ഒരു നായകനു നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.

Leave a comment